Malayalam University Admission: മലയാള സർവകലാശാലയിൽ പിജി ചെയ്യാം; സ്ത്രീകൾക്ക് പ്രായപരിധിയില്ല
Malayalam University PG Admission: മലയാള സർവകലാശാലയിൽ മലയാളം മാധ്യമത്തിലാണ് പഠനം. സർവകലാശാല നടത്തുന്ന അഭിരുചിനിർണയ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഏത് വിഷയത്തിൽ ബിരുദം പഠിച്ചവർക്കും അഭിരുചി പരീക്ഷ എഴുതാം.
മലപ്പുറം: തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചലച്ചിത്ര പഠനം, പരിസ്ഥിതി പഠനം, ചരിത്രം, സോഷ്യോളജി, വികസനപഠനവും തദ്ദേശ വികസനവും, കമ്യൂണിക്കേഷൻ -ജേണലിസം, ഭാഷാശാസ്ത്രം, മലയാളം-സംസ്കാര പൈതൃകം, മലയാളം -സാഹിത്യപഠനം, മലയാളം-സാഹിത്യ രചന, താരതമ്യ സാഹിത്യ വിവർത്തനപഠനം എന്നീ എംഎ കോഴ്‌സുകളാണ് ഉള്ളത്. കൂടാതെ, പരിസ്ഥിതി പഠനത്തിൽ എംഎസ്സി കോഴ്‌സുമുണ്ട്.
മലയാള സർവകലാശാലയിൽ മലയാളം മാധ്യമത്തിലാണ് പഠനം. സർവകലാശാല നടത്തുന്ന അഭിരുചിനിർണയ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഏത് വിഷയത്തിൽ ബിരുദം പഠിച്ചവർക്കും അഭിരുചിനിർണയ പരീക്ഷ എഴുതാം. ഒരാൾക്ക് മൂന്നു പ്രോഗ്രാമിനുവരെ പ്രവേശന പരീക്ഷ എഴുതാൻ കഴിയും. അഭിരുചി പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് ഇ-മെയിൽ വഴി ലഭ്യമാക്കുന്നതാണ്. പരീക്ഷാകേന്ദ്രം, പരീക്ഷാതീയതി, സമയം എന്നിവ ഹാൾ ടിക്കറ്റിൽ ഉണ്ടായിരിക്കും.
തിരുവനന്തപുരം, എറണാകുളം, തിരൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകുക. 475 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 240 രൂപ ഫീസ് അടച്ചാൽ മതി. രണ്ടു കോഴ്‌സുകൾക്ക് അപേക്ഷിക്കാൻ 900 രൂപയാണ് ഫീസ്. (പട്ടികജാതി/പട്ടികവർഗ്ഗം /ഭിന്നശേഷി വിഭാഗക്കാർക്ക് 450 രൂപ). മൂന്നു കോഴ്സിലേക്ക് അപേക്ഷിക്കാൻ 1100 രൂപയാണ് ഫീസ് (പട്ടികജാതി/പട്ടികവർഗ്ഗം /ഭിന്നശേഷി വിഭാഗക്കാർക്ക് 600 രൂപ). പ്രവേശന പരീക്ഷ ജൂൺ ആദ്യവാരം നടത്തും. അപേക്ഷ നൽകാനുള്ള അവസാനതീയതി മേയ് 30 ആണ്.
ALSO READ: എസ്എസ്എല്‍സി സേ പരീക്ഷ 28 മുതല്‍; ഫലപ്രഖ്യാപനം എന്ന്?
വിദ്യാർത്ഥികൾ ശ്രദ്ധാപൂർവം വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷയിലെ അപാകതകൾമൂലം പ്രവേശനം നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടാകാം. സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് വിദ്യാർഥികൾ സൂക്ഷിച്ചു വെക്കേണ്ടതും പ്രവേശനസമയത്ത് സമർപ്പിക്കേണ്ടതുമാണ്. റാങ്ക് ലിസ്റ്റ്, അഡ്മിഷൻ ഷെഡ്യൂൾ, അഡ്‌മിഷൻ മെമ്മോ, പ്രവേശനപരീക്ഷാ വിശദാംശങ്ങൾ തുടങ്ങിയ സുപ്രധാന അറിയിപ്പുകൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിശദംശങ്ങൾക്ക് മലയാളം സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ malayalamuniversity.edu.in സന്ദർശിക്കുക.