AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Result 2025: ഉള്ളുലഞ്ഞ വേദനകള്‍ക്കിടയിലും അവര്‍ ഉണര്‍വോടെ പഠിച്ചു; ഉരുള്‍പൊട്ടല്‍ തകര്‍ത്ത വെള്ളാര്‍മല സ്‌കൂളിന് 100 ശതമാനം വിജയം

Vellarmala GVHSS record 100% pass rate in SSLC: സ്‌കൂളിന്റെ 100 ശതമാനം വിജയം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രത്യേകം പരാമര്‍ശിച്ചിരുന്നു. അതിജീവനത്തിന്റെ കരുത്ത് എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ഹെഡ്മാസ്റ്ററെ വിളിച്ച് മന്ത്രി അഭിനന്ദനം അറിയിച്ചു. എംപി പ്രിയങ്ക ഗാന്ധിയും പ്രശംസിച്ചു

Kerala SSLC Result 2025: ഉള്ളുലഞ്ഞ വേദനകള്‍ക്കിടയിലും അവര്‍ ഉണര്‍വോടെ പഠിച്ചു; ഉരുള്‍പൊട്ടല്‍ തകര്‍ത്ത വെള്ളാര്‍മല സ്‌കൂളിന് 100 ശതമാനം വിജയം
Vellarmala GVHSS.Image Credit source: Social Media
jayadevan-am
Jayadevan AM | Updated On: 12 May 2025 09:53 AM

ചുറ്റുമുണ്ടായിരുന്നതെല്ലാം കണ്‍മുന്നില്‍ ഇല്ലാതാകുന്നതിന്റെ വേദന അനുഭവിച്ചവരാണ് വെള്ളാര്‍മല ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ (ജിവിഎച്ച്എസ്എസ്) വിദ്യാര്‍ത്ഥികള്‍. എല്ലാം തകര്‍ത്തെറിഞ്ഞെത്തിയ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടമായവരും ആ കൂട്ടത്തിലുണ്ടായിരുന്നു. ഇനിയെന്ത് എന്ന വലിയ ചോദ്യചിഹ്നം മാത്രമായിരുന്നു അന്ന് അവരുടെ മുന്നിലുണ്ടായിരുന്നത്. ഉള്ളുലഞ്ഞ തീരാവേദനകള്‍ക്കിടയിലും അവര്‍ പോരാടി. എസ്എസ്എല്‍സി പരീക്ഷയില്‍ വെള്ളാര്‍മല സ്‌കൂള്‍ നേടിയ 100 ശതമാനത്തിന്റെ വിജയത്തിന് പറയാനുള്ളത് ഒരു പോരാട്ടത്തിന്റെ കഥയാണ്. അവര്‍ പങ്കുവയ്ക്കുന്നത് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്താണ്.

കഴിഞ്ഞ ജൂലൈയില്‍ ഉണ്ടായ വിനാശകരമായ ഉരുള്‍പൊട്ടല്‍ വെള്ളാര്‍മല സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ ബാധിച്ച 32 വിദ്യാര്‍ത്ഥികളില്‍ ഏഴ് പേര്‍ പത്താം ക്ലാസുകാരായിരുന്നു. രണ്ട് പേര്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു.

ഉരുള്‍പൊട്ടലിന് ഒരു മാസത്തിനുശേഷം 328 വിദ്യാർത്ഥികളും 26 അധ്യാപകരുമുണ്ടായിരുന്ന സ്‌കൂളിന്റെ പ്രവര്‍ത്തനം 13 കിലോമീറ്റർ അകലെയുള്ള മേപ്പാടിയിലേക്ക് മാറ്റി. തിരിച്ചുവരവിനുള്ള പോരാട്ടം അവര്‍ അവിടെ നിന്ന് തുടങ്ങി. വെല്ലുവിളി നിറഞ്ഞ ഘട്ടമായിരുന്നുവെന്നാണ് ജിവിഎച്ച്എസ്എസ് ഹെഡ്മാസ്റ്റർ വി ഉണ്ണികൃഷ്ണൻ പ്രതികരിച്ചത്.

മൂന്ന് വിദ്യാർത്ഥികളുടെ ചുമതല ഒരു അധ്യാപകന് നല്‍കിയായിരുന്നു പ്രവര്‍ത്തനം. കല, കായിക പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സജീവമായി. സംസ്ഥാന സ്‌കൂള്‍ ഫെസ്റ്റിലും പങ്കെടുത്തു. ദുരന്ത രാത്രിയുടെയും നഷ്ടങ്ങളുടെയും ഓർമ്മകളിൽ നിന്ന് അവര്‍ പതുക്കെ കരകയറി. 55 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

Read Also: Kerala SSLC Supplementary Exam 2025: എസ്എസ്എല്‍സി സേ പരീക്ഷ 28 മുതല്‍; ഫലപ്രഖ്യാപനം എന്ന്?

സ്‌കൂളിന്റെ 100 ശതമാനം വിജയം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രത്യേകം പരാമര്‍ശിച്ചിരുന്നു. അതിജീവനത്തിന്റെ കരുത്ത് എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ഹെഡ്മാസ്റ്ററെ വിളിച്ച് മന്ത്രി അഭിനന്ദനം അറിയിച്ചു. എംപി പ്രിയങ്ക ഗാന്ധിയും പ്രശംസിച്ചു. വെള്ളാർമല സ്കൂളിലെ കെ.എം.ആദിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.