AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

NEET UG 2025 Kerala Topper: 12 മണിക്കൂർ പഠനം, റിവിഷൻ പ്രധാനം, ഫോൺ ഒഴിവാക്കി; നീറ്റിൽ കേരളത്തിൽ ഒന്നാമതെത്തി പേരാമ്പ്ര സ്വദേശി ദീപ്നിയ

NEET UG 2025 Kerala Topper Deepniya Success Story: സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ജോലി നേടണം എന്ന ആഗ്രഹത്തിൽ നിന്നാണ് ഡോക്ടർ ജോലിയോട് ഇഷ്ടം തോന്നിയതെന്നും നീറ്റിന് വേണ്ടി പരിശ്രമിക്കാൻ തുടങ്ങിയതെന്നും ദീപ്നിയ പറയുന്നു.

NEET UG 2025 Kerala Topper: 12 മണിക്കൂർ പഠനം, റിവിഷൻ പ്രധാനം, ഫോൺ ഒഴിവാക്കി; നീറ്റിൽ കേരളത്തിൽ ഒന്നാമതെത്തി പേരാമ്പ്ര സ്വദേശി ദീപ്നിയ
ദീപ്നിയ
nandha-das
Nandha Das | Published: 14 Jun 2025 15:56 PM

2025 നീറ്റ് യുജി പരീക്ഷയിൽ കേരളത്തിൽ ഒന്നാമതെത്തി പേരാമ്പ്ര ആവള സ്വദേശി ദീപ്നിയ ഡിബി. നീറ്റ് പരീക്ഷയിൽ 109ാം റാങ്കാണ് ദീപ്നിയ നേടിയത്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ജോലി നേടണം എന്ന ആഗ്രഹത്തിൽ നിന്നാണ് ഡോക്ടർ ജോലിയോട് ഇഷ്ടം തോന്നിയതെന്നും നീറ്റിന് വേണ്ടി പരിശ്രമിക്കാൻ തുടങ്ങിയതെന്നും ദീപ്നിയ പറയുന്നു. മാതൃഭൂമി ഡോട്ട് കോമിനോടാണ് വിദ്യാർത്ഥി തന്റെ പഠനവഴികൾ പങ്കുവെച്ചത്.

പ്ലസ് ടു എത്തിയപ്പോഴാണ് ഡോക്ടർ ആവണമെന്ന് ആഗ്രഹം തോന്നി തുടങ്ങിയതെന്ന് ദീപ്നിയ പറയുന്നു. തിരഞ്ഞെടുക്കുന്ന ജോലി ചുറ്റുമുള്ളവർക്ക് കൂടി ഉപകാരപ്രദമാകണം എന്ന ചിന്തയാണ് ഡോക്ടർ എന്ന പ്രൊഫഷൻ തിരഞ്ഞെടുക്കാൻ കാരണമായത്. പ്ലസ്‌ടുവിന് ശേഷം ഒരു ട്യൂഷൻ സെന്ററിൽ പോയും സ്വയമിരുന്ന് പഠിച്ചുമാണ് ആദ്യമായി നീറ്റ് പരീക്ഷ എഴുതിയത്. അന്ന് 29000ത്തിന് അടുത്തായിരുന്നു റാങ്ക് ലഭിച്ചത്. ഇതോടെ നല്ലപോലെ പഠിച്ചാൽ റാങ്ക് ലഭിക്കുമെന്ന വിശ്വാസം ദീപ്നിയയ്ക്ക് ഉണ്ടായി. അങ്ങേനെയാണ് റിപ്പീറ്റ് ചെയ്യാനായി പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ കോഴിക്കോട് ബ്രാഞ്ചിൽ ചേർന്നത്.

ഒരു വർഷം പൂർണമായും പഠനത്തിന് വേണ്ടി നീക്കിവെച്ച ദീപ്നിയ മൊബൈൽ ഫോൺ ഉപയോഗം പൂർണമായും ഒഴിവാക്കി. ക്ലാസിലെ ചെറിയ പരീക്ഷകൾ പോലും ഗൗരവത്തോടെ കണ്ടെന്ന് മാത്രമല്ല അന്നന്ന് പഠിപ്പിക്കുന്നത് കൃത്യമായി പഠിച്ചുപോയി. പരീക്ഷകളിൽ തെറ്റുപറ്റിയ ഭാഗങ്ങൾ വീണ്ടും വീണ്ടും പഠിച്ചു. ചെറിയ നോട്ടുകൾ ഉണ്ടാക്കി സ്റ്റഡി ഹാളിൽ ഒട്ടിച്ചുവെച്ചു. കൃത്യമായി റിവിഷൻ ചെയ്തു. റിവിഷനാണ് പ്രധാനമെന്ന് ദീപ്നിയ പറയുന്നു. ദിവസേന 12 മണിക്കൂറാണ് പഠനത്തിന് വേണ്ടി മാറ്റിവെച്ചത്. ഒരു കാരണവശാലും ഇതിൽ കുറയില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു.

ALSO READ: നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറ് റാങ്കിൽ മലയാളികളില്ല

സമ്മർദ്ദം കുറയ്ക്കാൻ ദീപ്നിയ കണ്ടെത്തിയ മാർഗം ഇഷ്ടപ്പെട്ട് പഠിക്കുക എന്നതാണ്. വിട്ടുവീഴ്ചയില്ലാതെ പഠിച്ചാൽ ഫലം വരുമെന്നത് ഉറപ്പായിരുന്നു. എല്ലാ ആഗ്രഹത്തിനും കൂടെ നിൽക്കുന്ന കുടുംബമാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് ദീപ്നിയ പറയുന്നു. റിപ്പീറ്റ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ കുടുംബം പിന്തുണച്ചെന്നും, സമ്മർദ്ദം വന്നാൽ അവരെയാണ് ആദ്യം വിളിക്കുകയെന്നും ദീപ്നിയ കൂട്ടിച്ചേർത്തു. വിദ്യാർത്ഥിയുടെ അച്ഛനും അമ്മയും അധ്യാപകരാണ്. കേരളത്തിൽ ദീപ്നിയ ഒന്നാമതെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം.