NEET UG 2025: നീറ്റ് യുജി 2025 പരീക്ഷ എഴുന്നവരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും
NEET UG 2025 Key Things to Remember: നീറ്റ് യുജി പരീക്ഷ എഴുതാനായി പോകുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായും കൈയിൽ കരുതേണ്ട രേഖകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമെന്ന് നോക്കാം.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് 2025 (NEET UG) പരീക്ഷ മെയ് 4നാണ്. പരീക്ഷയ്ക്ക് ഇനി അധിക നാളുകൾ ബാക്കിയില്ല. ഇതിനകം നീറ്റ് യുജിയുടെ അഡ്മിറ്റ് കാർഡുകൾ എൻടിഎ പുറത്തിറക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷ എഴുതാനായി എത്തുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായും കൈയിൽ കരുതേണ്ട രേഖകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമെന്ന് നോക്കാം.
ആദ്യം തന്നെ കൃത്യസമയത്ത് എക്സാം ഹാളിൽ എത്തുമെന്ന് ഉറപ്പുവരുത്തണം. വൈകി എത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. അതിനാൽ, ഉദ്യോഗാർത്ഥികൾ ട്രാഫിക്കും മറ്റ് കാര്യങ്ങളും കൂടി പരിഗണിച്ചു വേണം യാത്ര പ്ലാൻ ചെയ്യാൻ. ബസ്, ട്രെയിൻ, മെട്രോ എന്നിവ ഉപയോഗിക്കുന്നവർ ഇവയുടെ സമയക്രമങ്ങൾ നേരത്തെ നോക്കിവയ്ക്കുക. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യണമെങ്കിൽ അക്കാര്യങ്ങളും പ്ലാൻ ചെയ്യുക. ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പരീക്ഷ എന്നതിനാൽ ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ അത് മറക്കരുത്.
പരീക്ഷ കേന്ദ്രത്തിൽ എത്തുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായും കൈയിൽ കരുതേണ്ട ഡോക്യുമെന്റ് ആണ് അഡ്മിറ്റ് കാർഡ്. അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് കൈവശം ഉണ്ടായിരിക്കണം. അതിന് രണ്ട് പേജ് ആണുള്ളത്. രണ്ടു പേജും പ്രിന്റ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. രണ്ടാമത്തെ പേജിൽ ഒട്ടിക്കേണ്ട പോസ്റ്റ് കാർഡ് സൈസ് ഫോട്ടോഗ്രാഫും ഉണ്ടായിരിക്കണം. വൈറ്റ് ബാക്ഗ്രൗണ്ടിൽ എടുത്ത ഫോർ ബൈ സിക്സ് സൈസ് ഫോട്ടോ ആണ് ഒട്ടിക്കേണ്ടത്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുണ്ടാകും. അഡ്മിറ്റ് കാർഡിന്റെ രണ്ടു കോപ്പി കൈയിൽ കരുതാൻ ശ്രമിക്കുക. അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന പേര് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തുക. അല്ലാത്ത പക്ഷം ഉടനെ എൻടിഎയുടെ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് തിരുത്തലുകൾ വരുത്തണം.
ALSO READ: കീം ഉത്തരസൂചികയിൽ പരാതി ഉണ്ടെങ്കിൽ എന്ത് ചെയ്യണം? വിദ്യാർത്ഥികൾ അറിയേണ്ടത്
ഉദ്യോഗാർത്ഥികൾ പ്രധാനമായും കൊണ്ടുപോകേണ്ട മറ്റൊരു രേഖയാണ് സാധുവായ ഐഡി പ്രൂഫ്. ആധാർ കാർഡ്, ലൈസൻസ്, പാൻ കാർഡ് വോട്ടേഴ്സ് ഐഡി, മുതലായ ഫോട്ടോ ഐഡികൾ കൊണ്ടുപോകാവുന്നതാണ്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിന് ശേഷം ആധാർ അപ്‌ഡേറ്റ് ചെയ്തവർ, അതിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റോ മറ്റോ ഒപ്പം കരുതുക. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും വേണം. അതിൽ പേരും തീയതിയും വേണമെന്ന് നിർബന്ധമില്ല. അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കാനാണ് നമ്മൾ ഈ ഫോട്ടോ കൊണ്ടുപോകേണ്ടത്. പിഡബ്ലുഡി സ്റ്റുഡന്റ് ആണെങ്കിൽ നിങ്ങളുടെ പിഡബ്ലയുഡി സർട്ടിഫിക്കറ്റ് മറക്കാതെ കൊണ്ടുപോകണം. എക്സാം ഹാളിലേക്ക് വെള്ളക്കുപ്പി കൊണ്ടുപോകാം. എന്നാൽ, അത് ട്രാൻസ്പരന്റ് ആയിരിക്കണം. അതുപോലെ കണ്ണട (സ്‌പെക്സ്) വെക്കുന്നവർ മെറ്റൽ കൊണ്ടുള്ള കണ്ണടകൾ ഒഴിവാക്കാൻ ശ്രമിക്കുക, നിർബന്ധമില്ല.