Onam 2025: ഓണത്തിന് സ്കൂൾ കുട്ടികൾക്ക് നാല് കിലോ അരി വീതം; 25 ലക്ഷത്തോളം വിദ്യാർത്ഥികൾ ഗുണഭോക്താക്കളാവും
Rice For School Students In Onam: ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് നാല് കിലോ വീതം അരി. ഇക്കാര്യം മന്ത്രി വി ശിവൻകുട്ടി തന്നെ അറിയിച്ചു.

അരി
ഓണത്തിന് എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും നാല് കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും അരി ലഭിക്കും. പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 വിദ്യാർത്ഥികളാണ് ഇതിൻ്റെ ഗുണഭോക്താക്കളാവുക.
സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ (സപ്ലൈകോ) സ്റ്റോക്കിൽ നിന്ന് വിദ്യാർത്ഥികൾക്ക് അരി വിതരണം ചെയ്യാനാണ് സർക്കാരിൻ്റെ നിർദ്ദേശം. സപ്ലൈകോ തന്നെ സ്കൂളുകളിലേക്ക് നേരിട്ട് അരി എത്തിച്ചുകൊടുക്കണം. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോയ്ക്ക് 50 പൈസ അധികം നിരക്കിൽ സപ്ലൈകോയ്ക്ക് പണം നൽകും. അതാത് ജില്ലകളിൽ സ്റ്റോക്ക് കുറവാണെങ്കിൽ സമീപ ജില്ലകളിലെ ഡിപ്പോകളിൽ നിന്ന് അരി എത്തിക്കണം. ഇതിന് വരുന്ന അധിക ചിലവ് നിലവിലെ കടത്തുകൂലി നിരക്കിൽ തന്നെ വഹിക്കും. ഇത്തരത്തിൽ അരി വിതരണം സുഗമമാക്കണമെന്ന് സർക്കാർ സപ്ലൈകോയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ആരംഭിച്ചുകഴിഞ്ഞു. ഈ മാസം 18നാണ് പരീക്ഷകൾ ആരംഭിച്ചത്. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച മുതലും എല്‍പി വിദ്യാര്‍ത്ഥികൾക്ക് ബുധനാഴ്ച (ഓഗസ്റ്റ് 19) മുതലും ഓണപ്പരീക്ഷ ആരംഭിച്ചു. പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ മാസം 26 വരെയാണ് പരീക്ഷ. പ്ലസ് ടു വിദ്യാർത്ഥികൾക്ക് 27 വരെ പരീക്ഷയുണ്ടാവും. ഏതെങ്കിലും കാരണവശാൽ ഒരു ദിവസത്തെ പരീക്ഷ നടന്നില്ലെങ്കിൽ ആ പരീക്ഷ 29ന് നടക്കും. കനത്ത മഴയെ തുടര്‍ന്ന് തൃശൂരില്‍ ഈ മാസം 18ന് അവധിയായിരുന്നു. അതുകൊണ്ട് തന്നെ 18ന് തൃശൂർ ജില്ലയിൽ പരീക്ഷ നടന്നില്ല. മാറ്റിവച്ച പരീക്ഷയുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.