Holiday: മകരവിളക്ക്, സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി; പരീക്ഷകൾക്ക് മാറ്റമുണ്ടോ?
Pathanamthitta Collector Declare Holiday: മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും അവധി ബാധകമല്ല.
പത്തനംതിട്ട: ശബരിമല മകരവിളക്ക് പ്രമാണിച്ച് പത്തനംതിട്ട ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർ. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും അവധി ബാധകമല്ല.
ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിലാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു.
അതേസമയം, മകരവിളക്ക് മഹോത്സവം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി വനം വകുപ്പ് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിരുവാഭരണം കൊണ്ടുവരുന്ന കാനനപാത കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി പമ്പാനദിക്ക് കുറുകെ സഞ്ചരിക്കാന്‍ താല്‍ക്കാലിക നടപ്പാത നിര്‍മ്മിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അപകട സാധ്യത ഒഴിവാക്കുന്നതിനായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ALSO READ: പൊങ്കലിന് നിങ്ങള്‍ക്ക് അവധിയാണ്, സ്‌കൂളില്‍ പോകേണ്ട
അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പമ്പ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ കീഴില്‍ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ കൊല്ലം – കാക്കിനട ടൗൺ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – ചരളാപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ എന്നീ അധിക ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.