Supreme Court Recruitment 2025: സുപ്രീം കോടതിയിൽ കോർട്ട് അസിസ്റ്റന്റ് ഒഴിവ്; 72,040 രൂപ വരെ ശമ്പളം; മാർച്ച് 8 വരെ അപേക്ഷിക്കാം
Supreme Court Court Assistant Recruitment 2025: സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‍സൈറ്റ് വഴി ഓൺലൈനായി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. ഫെബ്രുവരി 5 മുതൽ മാർച്ച് 8 വരെ അപേക്ഷ സമർപ്പിക്കാം.

സുപ്രീം കോടതിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. സുപ്രീം കോടതിയിലെ കോർട്ട് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 241 ഒഴിവുകളാണ് ഉള്ളത്. സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‍സൈറ്റ് വഴി ഓൺലൈനായി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. ഫെബ്രുവരി 5 മുതൽ മാർച്ച് 8 വരെ അപേക്ഷ സമർപ്പിക്കാം.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദമാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അതോടൊപ്പം വേഗത്തിൽ ഇംഗ്ലീഷ് ടൈപ്പിംഗ് ചെയ്യാൻ കഴിയണം. മിനിറ്റിൽ കുറഞ്ഞത് 35 വാക്കുകൾ ടൈപ്പ് ചെയ്യാൻ കഴിയണം. അതുപോലെ കമ്പ്യൂട്ടർ പ്രവർത്തനത്തെക്കുറിച്ചുള്ള പരിജ്ഞാനവും ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം. കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസും ഉയർന്ന പ്രായപരിധി 30 വയസുമാണ്. ജനറൽ/ഒബിസി അപേക്ഷകർക്ക് 1000 രൂപയും എസ്‌സി/എസ്ടി/വിമുക്തഭടന്മാർ/ഭിന്നശേഷിക്കാർ എന്നിവർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.
ALSO READ: എഴുത്തുപരീക്ഷ പോലുമില്ലാതെ എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് ട്രെയിനിയാകാം; അവസരം എൻടിപിസിയിൽ
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ആദ്യം എഴുത്ത് പരീക്ഷയാണ്. പരീക്ഷയിൽ ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ്, ടൈപ്പിംഗ് ടെസ്റ്റ് എന്നിവയും ഉൾപ്പെടും. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയും, ഡിസ്ക്രിപ്റ്റീവ് ടൈപ്പ് പരീക്ഷയും രണ്ട് മണിക്കൂർ വീതം നീണ്ടു നിൽക്കും. ടൈപ്പിംഗ് ടെസ്റ്റ് 10 മിനിറ്റും ഉണ്ടാകും. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയിൽ യോഗ്യത നേടുന്നവരെ മാത്രമേ കമ്പ്യൂട്ടർ ടൈപ്പിംഗ് ടെസ്റ്റിനും ഡിസ്ക്രിപ്റ്റീവ് ടെസ്റ്റിനും ക്ഷണിക്കുകയുള്ളൂ. ഈ ഘട്ടങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കുന്നവർ വ്യക്തിഗത അഭിമുഖത്തിന് ഹാജരാകണം. അഭിമുഖത്തിലും യോഗ്യത നേടുന്നവരെയാണ് കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുക.
എങ്ങനെ അപേക്ഷിക്കാം?
- സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.sci.gov.in സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന ‘സബ്മിഷൻ ഓഫ് ഓൺലൈൻ ആപ്ലികേഷൻസ് ഫോർ ദ പോസ്റ്റ് ഓഫ് ജൂനിയർ കോർട്ട് അസിസ്റ്റന്റ്’ എന്നത് തിരഞ്ഞെടുക്കുക.
- ആദ്യം ഉദ്യോഗാർത്ഥികൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
- ശേഷം ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക.
- ആവശ്യപ്പെടുന്ന രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
- ഇനി ഫീസ് അടച്ച ശേഷം അപേക്ഷ പൂർത്തിയാക്കാം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്തോ ഡൗൺലോഡ് ചെയ്തോ സൂക്ഷിക്കുക.