Thaliru Scholarship 2025: ആദ്യ 50 സ്ഥാനക്കാര്‍ക്ക് പണവും സര്‍ട്ടിഫിക്കറ്റും; എന്താണ് തളിര് സ്‌കോളര്‍ഷിപ്പ്? എങ്ങനെ എഴുതാം?
Thaliru Scholarship Examination 2025: തളിര് സ്‌കോളര്‍ഷിപ്പ് നവംബര്‍ 29, 30 തീയതികളില്‍ നടക്കും. മോക്ക് ടെസ്റ്റ് ഇന്നും നാളെയാണ്. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയുള്ള ഏത് സമയത്തും മോക്ക് ടെസ്റ്റ് ചെയ്യാം
തളിര് സ്‌കോളര്‍ഷിപ്പ് 2025 പരീക്ഷ ഈയാഴ്ച നടക്കും. 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന സീനിയര്‍ വിഭാഗത്തിന് നവംബര്‍ 29നും, 5, 6, 7 ക്ലാസുകള്‍ ഉള്‍പ്പെടുന്ന ജൂനിയര്‍ വിഭാഗത്തിന് 30നുമാണ് പരീക്ഷ. വൈകിട്ട് മൂന്ന് മുതല്‍ 3.50 വരെ ഓണ്‍ലൈനായി പരീക്ഷ നടക്കും. ഇന്നും, നാളെയുമാണ് മോക്ക് ടെസ്റ്റ്. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയുള്ള ഏത് സമയത്തും മോക്ക് ടെസ്റ്റ് ചെയ്യാം. 30 ചോദ്യങ്ങള്‍ മോക്ക് ടെസ്റ്റിലുണ്ട്.
പരീക്ഷാ തീയതി, മോക്ക് ടെസ്റ്റ് എന്നിവ സംബന്ധിച്ചുള്ള അറിയിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എസ്എംഎസ് ആയി അയച്ചിട്ടുണ്ട്. എസ്എംഎസ് കിട്ടാത്ത പരീക്ഷാര്‍ത്ഥികള്‍ക്ക് ജില്ലാ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം. മോക്ക് പരീക്ഷയ്ക്കുള്ള യൂസര്‍നെയിമും, പാസ്‌വേഡും എസ്എംഎസില്‍ ലഭിക്കും.
ഓണ്‍ലൈന്‍ പരീക്ഷ എങ്ങനെ?
ജില്ലാതല പരീക്ഷയില്‍ 100 ചോദ്യങ്ങളുണ്ടാകും. 50 മിനിറ്റ് സമയം അനുവദിക്കും. കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ തുടങ്ങിയവ ഉപയോഗിച്ച് പരീക്ഷയില്‍ പങ്കെടുക്കാം. ബ്രൗസറുകളുടെ പുതിയ വെര്‍ഷന്‍ ഉപയോഗിക്കണം. മലയാള ചോദ്യങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഉണ്ടായിരിക്കും. എന്നാല്‍ മലയാള ഭാഷ, സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പരിഭാഷ നല്‍കില്ല.
മലയാളഭാഷ, സാഹിത്യം, ചരിത്രം, പൊതുവിജ്ഞാനം, സമകാലികം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളുണ്ടാകും.
Also Read: JEE Main 2026: ജെഇഇ മെയിന്‍ അപേക്ഷയില്‍ പിഴവുണ്ടോ? പേടിക്കേണ്ട, ഇക്കാര്യങ്ങളെല്ലാം തിരുത്താന്‍ അവസരം
സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലെ ആദ്യ 50 സ്ഥാനക്കാര്‍ക്ക് ജില്ലാതലസ്‌കോളര്‍ഷിപപ്പായ ആയിരം രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ജില്ലാതലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്നയാള്‍ക്ക് സംസ്ഥാനതലത്തില്‍ പങ്കെടുക്കാം.
ഒരു ജില്ലയില്‍ ചുരുങ്ങിയത് 100 കുട്ടികള്‍ക്ക് 1,000 രൂപ വീതം ജില്ലാതല സ്‌കോളര്‍ഷിപ്പ് ലഭിക്കും. 14 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് സംസ്ഥാനമാകെ നല്‍കുന്നത്. സംസ്ഥാന തലത്തില്‍ വിജയിക്കുന്നവര്‍ക്ക് 10000, 5000, 3000 രൂപ വീതം സ്‌കോളര്‍ഷിപ്പ് ലഭിക്കും. ksicl.org എന്ന വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭിക്കും. പരീക്ഷ എഴുതാനുള്ള ലിങ്ക്, എസ്എംഎസിന്റെ മാതൃക, തളിര് മാസികയുടെ പഴയ ലക്കങ്ങള്‍ ലഭിക്കുന്നതിനുള്ള ലിങ്ക്, വിശദവിവരങ്ങള്‍ക്കുള്ള മൊബൈല്‍ നമ്പര്‍, ഇമെയില്‍, ജില്ലാതല ഹെല്‍പ് ലൈന്‍നമ്പറുകള്‍ എന്നിവ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്.