JEE Main 2026: ഇനി രണ്ടേ രണ്ട് ദിവസം മാത്രം; ജെഇഇ മെയിന്‍സിന്റെ അപേക്ഷാത്തീയതി അവസാനിക്കുന്നു
JEE Main 2026 Application: ജെഇഇ മെയിന്‍-2026 സെഷന്‍ 1 പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നു. നവംബര്‍ 27 വരെയാണ് സമയപരിധി. ഇനി വെറും രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്
ജെഇഇ മെയിന്‍-2026 സെഷന്‍ 1 പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നു. നവംബര്‍ 27 വരെയാണ് സമയപരിധി അനുവദിച്ചിരിക്കുന്നത്. ഇനി വെറും രണ്ട് ദിവസം മാത്രമാണ് അപേക്ഷിക്കാന്‍ സമയം ബാക്കിയുള്ളത്. രണ്ട് പേപ്പറുകളാണ് ജെഇഇ മെയിനുള്ളത്. ബിരുദ എഞ്ചിനീയറിംഗ് പ്രോഗ്രാമുകളിലേക്കുള്ള (ബിഇ/ബിടെക്) പ്രവേശനത്തിനാണ് പേപ്പർ 1 നടത്തുന്നത്. ഐഐടികളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ജെഇഇ അഡ്വാന്‍സ്ഡിനുള്ള യോഗ്യതാ പരീക്ഷ കൂടിയാണിത്.
ബിആർച്ച്, ബിപ്ലാനിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ മെയിൻ പേപ്പർ 2 നടത്തുന്നത്. സെഷന്‍ 1 പരീക്ഷ 2026 ജനുവരിയിലും, സെഷന്‍ 2 പരീക്ഷ ഏപ്രിലിലും നടത്തും. സെഷന്‍ 1 പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 31നാണ് ആരംഭിച്ചത്. നവംബര്‍ 27 രാത്രി ഒമ്പത് വരെ അപേക്ഷിക്കാം. അന്ന് രാത്രി 11.50 വരെ ഫീയടയ്ക്കാനും സൗകര്യമുണ്ട്.
പരീക്ഷാ സിറ്റിയെക്കുറിച്ചുള്ള അറിയിപ്പ് ജനുവരി ആദ്യ വാരം ലഭിക്കും. ഇതിനുശേഷം അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. ജനുവരി 21 മുതല്‍ 30 വരെയുള്ള തീയതികളിലാണ് പരീക്ഷ. പരീക്ഷാ കേന്ദ്രം, തീയതി, ഷിഫ്റ്റ് എന്നിവയെക്കുറിച്ചുള്ള അറിയിപ്പ് അഡ്മിറ്റ് കാര്‍ഡിലുണ്ടാകും. ഫെബ്രുവരി 12ന് ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം.
jeemain.nta.nic.in, nta.ac.in എന്നീ വെബ്‌സൈറ്റുകളില്‍ വിശദാംശങ്ങള്‍ ലഭിക്കും. ഇതില്‍ ആദ്യം നല്‍കിയിരിക്കുന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റിന്റെ ഹോം പേജില്‍ ലഭ്യമാണ്.
ജെഇഇ മെയിൻ 2026 13 ഭാഷകളിൽ നടത്തും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ഭാഷകളിലാണ് പരീക്ഷ നടത്തുന്നത്. ഒരു അപേക്ഷാര്‍ത്ഥി ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാവൂ. ഒരു സാഹചര്യത്തിലും, ഒന്നിലധികം അപേക്ഷാ ഫോമുകൾ പൂരിപ്പിക്കാൻ അനുവദിക്കില്ല. ഒന്നിലധികം അപേക്ഷാ ഫോമുകൾ പൂരിപ്പിച്ചാല്‍ അവര്‍ക്കെതിരെ പിന്നീടുള്ള ഘട്ടത്തിലാണെങ്കിൽ പോലും കർശന നടപടി സ്വീകരിക്കുന്നതാണെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.