Chittoor FB Post Controversy: എൽഡിഎഫിന് വോട്ട് ചോദിച്ച് ബിജെപി സ്ഥാനാർഥി, ചിറ്റൂരിൽ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വിവാദം
Chittoor BJP Candidate’s Facebook Page Calls for Votes to LDF: സംഭവം പുറത്തുവന്നതോടെ കടുത്ത ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ രംഗത്തെത്തി. മണ്ഡലത്തിൽ എൽഡിഎഫ്-ബിജെപി രഹസ്യധാരണയുണ്ടെന്ന തങ്ങളുടെ ആരോപണം സത്യമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. വോട്ടർമാരെ വഞ്ചിക്കുന്ന ഈ ഡീൽ രാഷ്ട്രീയത്തിന് ജനങ്ങൾ മറുപടി നൽകും.
പാലക്കാട്: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ചിറ്റൂർ മണ്ഡലത്തിൽ വൻ രാഷ്ട്രീയ വിവാദം. ബിജെപി സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എതിർ സ്ഥാനാർത്ഥിയായ എൽഡിഎഫിലെ അഡ്വ. വി. മുരുകദാസിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടതാണ് മുന്നണികളെ ഞെട്ടിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ചിഹ്നമായ മോതിരത്തിന് വോട്ട് ചെയ്യണമെന്നും വികസനത്തിന്റെ തുടർച്ചയ്ക്കായി എൽഡിഎഫിനെ വിജയിപ്പിക്കണമെന്നുമാണ് പോസ്റ്റിൽ ആഹ്വാനം ചെയ്തിരുന്നത്. കൂടാതെ യുഡിഎഫിനെ രൂക്ഷമായി വിമർശിക്കാനും പോസ്റ്റ് മറന്നില്ല. ജനാധിപത്യത്തെ പരിഹസിക്കുന്ന കോൺഗ്രസ് നാടകത്തിന് ചിറ്റൂർ മറുപടി നൽകുമെന്നും പോസ്റ്റിലുണ്ടായിരുന്നു. നിമിഷങ്ങൾക്കകം പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ഡീൽ ഉറപ്പെന്ന് യുഡിഎഫ്
സംഭവം പുറത്തുവന്നതോടെ കടുത്ത ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ രംഗത്തെത്തി. മണ്ഡലത്തിൽ എൽഡിഎഫ്-ബിജെപി രഹസ്യധാരണയുണ്ടെന്ന തങ്ങളുടെ ആരോപണം സത്യമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. വോട്ടർമാരെ വഞ്ചിക്കുന്ന ഈ ഡീൽ രാഷ്ട്രീയത്തിന് ജനങ്ങൾ മറുപടി നൽകും.
Also Read: Kerala Election 2026 Voting Live : മഞ്ചേശ്വരത്ത് കള്ള വോട്ട്? പലയിടത്തും ഇവിഎം കേടായി – Live
വിവാദം കൊഴുക്കുന്നതിനിടെ വിശദീകരണവുമായി ബിജെപി സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രൻ രംഗത്തെത്തി. ഈ പോസ്റ്റിനെക്കുറിച്ച് എനിക്ക് അറിവില്ല. എന്റെ സമ്മതമില്ലാതെ ആരോ ബോധപൂർവ്വം ചെയ്തതാണിത്. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന് സംശയമുണ്ട്. സംഭവത്തിൽ പോലീസിൽ പരാതി നൽകും. – പ്രണേഷ് രാജേന്ദ്രൻ
വോട്ടെടുപ്പ് ദിവസം തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത് ചിറ്റൂരിലെ വോട്ടർമാർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി മൂന്ന് മുന്നണികളും സജീവമായതോടെ മണ്ഡലത്തിലെ പോരാട്ടം അവസാന നിമിഷം കൂടുതൽ പ്രവചനാതീതമായി മാറിയിരിക്കുന്നു.