Aadu 3 : വിനീത് പിന്മാറിയത് അവസാനനിമിഷം; ഷാജി പാപ്പാൻ ഗ്യാങ്ങിൽ നിന്നും മൂങ്ങയെ ഒഴിവാക്കിയതല്ല
Aadu 3 Vineeth Mohan : മുങ്ങ എന്ന കഥാപാത്രത്തെയായിരന്നു ആട് ഒരു ഭീകരജീവിയിലും ആട് 2ലും വിനീത് മോഹൻ അവതരിപ്പിച്ചത്. എന്നാൽ ആട് 3ൽ വിനീത് മോഹന് പകരം സോഷ്യൽ മീഡിയ താരം ഫുക്രുവിനെയാണ് ഷാജി പാപ്പാൻ ഗ്യാങ്ങിലേക്ക് കാസ്റ്റ് ചെയ്തത്.

Aadu 3, Vineeth Mohan
ഷൂട്ടിങ്ങ് പൂർത്തിയാക്കി ആട് 3 അതിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മാർച്ച് 19ന് തിയറ്ററിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അണിയറപ്രവർത്തകർ സിനിമയുടെ ബാക്കി ജോലികൾ പൂർത്തിയാക്കികൊണ്ടിരിക്കുന്നത്. ഷാജി പാപ്പാനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറയ്ക്കൽ അബുവായി സൈജു കുറുപ്പും മറ്റും സെറ്റിൽ എത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ ആട് 3 ഒരു തരംഗമായി മാറി. അതേസമയം ഷാജി പാപ്പാൻ ഗ്യാങ്ങിലേക്ക് പുതിയ ഒരാളും കൂടിയെത്തിയപ്പോഴാണ് ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്നും ആട് 3യിലെ കാസ്റ്റിങ്ങിൽ ഒരു മാറ്റം എല്ലാവരും ശ്രദ്ധിക്കുന്നത്. അതു പ്രത്യേകിച്ച് ഷാജി പാപ്പാൻ്റെ ഗ്യാങ്ങിൽ.
ഷാജി പാപ്പാൻ്റെ വിന്നേഴ്സ് പോത്തുമുക്ക് എന്ന ഗ്യാങ്ങിൽ ഒരാളില്ല. വിനീത് മോഹൻ അവതരിപ്പിച്ച മൂങ്ങ എന്ന കഥാപാത്രം. ആദ്യ രണ്ട് ഭാഗങ്ങളിൽ വിനീത് മോഹൻ്റെ കഥാപാത്രമുണ്ടായിരുന്നെങ്കിലും മൂന്നാം ഭാഗത്തിൽ അതൊഴുവാക്കി പകരം ബിഗ് ബോസ് താരം ഫുക്രുവിനെ കാസ്റ്റ് ചെയ്തു. വിന്നേഴ്സ് പോത്തുമുക്ക് 3.0 എന്ന കുറിപ്പോടെ ആട് 3ൻ്റെ അണിയറപ്രവർത്തകർ ചിത്രം പങ്കുവെച്ചതോടെ മൂങ്ങ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹനെ ഒഴിവാക്കിയെന്നാരോപിച്ച് ആട് സിനിമയുടെ ആരാധകർ രംഗത്തെത്തിയിരുന്നു. മുങ്ങ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹനെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന് അണിയറപ്രവത്തകർ അന്ന് വിശദീകരണം നൽകിയിരുന്നില്ല.
ALSO READ : Aadu 3 Nikhila Vimal: ആട് 3യിൽ ഐറ്റം ഡാൻസുമായി നിഖില വിമൽ? ഒടുവിൽ പ്രതികരിച്ച് താരം
ഇപ്പോഴിതാ വിനീതിനെ എന്തുകൊണ്ട് സിനിമയിൽ ഉൾപ്പെടുത്തിയില്ലെന്ന് ആട് യൂണിവേഴ്സിൽ ക്യാപ്റ്റൻ ക്ലീറ്റസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ധർമജൻ ബോൾഗാട്ടി വ്യക്തമാക്കിയിരിക്കുകയാണ്. വിനീത് സിനിമയുടെ ഭാഗമായി പത്ത് ദിവസം കുതിര ഓടിക്കാൻ പഠിക്കാനൊക്കെ ഉണ്ടായിരുന്നു. എന്നാൽ ബിസിനെസ് ആവശ്യത്തെ തുടർന്ന് സിനിമയിൽ തുടരാനാകാതെ താരത്തിന് യുഎഇയിലേക്ക് പോകേണ്ടി വന്നു. ഫ്രൈഡേ ഫിലിംസിൽ ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് വിനീതിന് ആടിൽ ആവസരം ലഭിക്കുന്നതെന്ന് ധർമജൻ ബോൾഗാട്ടി മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രണ്ട് ദിവസം മുമ്പ് ആട് 3ൻ്റെ ചിത്രീകരണം പൂർത്തിയായത്. 127 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ഷൂട്ടിങ് പൂർത്തികരിച്ചത്. ആടിൻ്റെ ആദ്യ രണ്ട് ഭാഗങ്ങൾ ഒരുക്കിയ മിഥുൻ മാനുവൽ തോമസാണ് ആട് 3യും എഴുതി സംവിധാനം ചെയ്യുന്നത്. വൻ ക്യാൻവാസിൽ ഒരുക്കുന്ന ചിത്രം വിജയ് ബാബുവിൻ്റെ ഫ്രൈഡേ ഫിലിംസിനൊപ്പം വേണു കുന്നപ്പള്ളിയുടെ കാവ്യ ഫിലിംസ് കൈക്കോർക്കുന്നുണ്ട്. ടൈം ട്രാവൽ, എപിക് ഫാൻ്റസി തുടങ്ങിയ ഴേൺറെയിലാകും സിനിമ ഒരുക്കുക എന്ന തലത്തിൽ റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ചിത്രം 2026 മാർച്ചിൽ തിയറ്ററിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.