Actor Bijukuttan: ലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറി; നടന്‍ ബിജുക്കുട്ടന് പരിക്ക്
Actor Biju Kuttan Accident: ഇന്ന് പുലർച്ചെ പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് സംഭവം. അപകടത്തിൽ ബുജുക്കുട്ടന്റെ കൈവിരലിന് പരിക്കേറ്റു.
പാലക്കാട്: വാഹനാപകടത്തിൽ നടൻ ബിജുക്കുട്ടന് പരിക്ക്. ഇന്ന് പുലർച്ചെ ആറ് മണിയോടെ പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് സംഭവം. അപകടത്തിൽ ബുജുക്കുട്ടന്റെ കൈവിരലിന് പരിക്കേറ്റു. കാർ ഡ്രൈവർക്കും നേരിയ പരിക്കേറ്റു. ഇരുവരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജുക്കുട്ടൻ സഞ്ചരിച്ച കാർ ദേശീയപാതയുടെ അരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ പോയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. കോയമ്പത്തൂരിൽ നിന്ന് തിരിച്ചുവരുന്നതിനിടെയിലാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്. താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കൊച്ചിയിലേക്ക് പോകുകയായിരുന്നു നടൻ.
Also Read:‘മുടിയിൽ തലോടി എന്നൊക്കെയല്ലേ അന്ന് പറഞ്ഞത്, സത്യം വെളിച്ചത്തു വരണം’; നടി മിനു മുനീർ
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് നടന്‍ ബിജുക്കുട്ടന്‍. സ്കൂൾ പഠനകാലത്ത് മിമിക്രിയോടുള്ള താല്‍പര്യമാണ് ബിജുക്കുട്ടനെ സിനിമയിലേക്ക് എത്തിച്ചത്. നടന്‍ സലിംകുമാറിനൊപ്പം മിമിക്രി വേദികളില്‍ എത്തിയ താരം പിന്നീട് സിനിമയിലെത്തുകയായിരുന്നു. പിന്നീട് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകരിൽ ശ്രദ്ധേയരായ താരങ്ങളില്‍ ഒരാളായി.
ഹാസ്യപ്രാധാന്യമുള്ള വേഷങ്ങളാണ് താരം കൂടുതലായി അവതരിപ്പിക്കുന്നത്. ഛോട്ടാ മുംബൈ, ഗോദ, ആന്‍മരിയ കലിപ്പിലാണ്, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സുബിതയാണ് ഭാര്യ. ലക്ഷ്മി, പാര്‍വതി എന്നിവര്‍ മക്കള്‍.