Aaradhya Devi: ‘ആ ജോലിക്ക് ആവശ്യമായ രീതിയിൽ വസ്ത്രധാരണം അനിവാര്യമാണ്; എല്ലാ നടിമാരും ചെയ്യുന്നുണ്ടല്ലോ’; ആരാധ്യാ ദേവി
Aaradhya Devi Slams Trolls: സിനിമയിൽ എത്തിയപ്പോഴാണ് കഥാപാത്രത്തിന് വേണ്ടി ഏത് വേഷവും ധരിക്കേണ്ടി വരുമെന്ന് മനസ്സിലായതെന്നും ആരാധ്യ ദേവി പറയുന്നു.

ആരാധ്യാ ദേവി
സോഷ്യൽ മീഡിയ ട്രോളുകൾക്ക് മറുപടിയുമായി നടി ആരാധ്യാ ദേവി. ഗ്ലാമറസായി സിനിമയിലും പൊതുവേദികളിലും പ്രത്യക്ഷപ്പെടുന്നതിന്റെ പേരിൽ നടിക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വിമർശിച്ചവർക്കുള്ള മറുപടിയുമായി ആരാധ്യാ ദേവി എത്തിയത്. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച പോസ്റ്റിലായിരുന്നു നടിയുടെ പ്രതികരണം.
താൻ ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിൽ ചിലർ തന്നെ നിരന്തരം ട്രോളുകയാണെന്നാണ് നടി പറയുന്നത്. മറ്റ് പല നടിമാരും ഇത് പോലെ ചെയ്യുന്നുണ്ടെന്നും എന്നാൽ എന്തിനാണ് തന്നെ മാത്രം ലക്ഷ്യമിട്ട് ഇത്തരത്തിൽ ട്രോൾ ചെയ്യുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ആരാധ്യ ചോദിക്കുന്നു. ഗ്ലാമർ റോളുകൾ ചെയ്യില്ലെന്ന് മുൻപ് പറഞ്ഞത് അന്നത്തെ സാഹചര്യമാണെന്നും എന്നാൽ സിനിമയിൽ എത്തിയപ്പോഴാണ് കഥാപാത്രത്തിന് വേണ്ടി ഏത് വേഷവും ധരിക്കേണ്ടി വരുമെന്ന് മനസ്സിലായതെന്നും ആരാധ്യ ദേവി പറയുന്നു. ഒരു നടി എന്ന നിലയിൽ താൻ ഏറ്റെടുത്ത ജോലിയോട് കൂറുപുലർത്തുമെന്നും നെഗറ്റീവ് കമന്റുകൾ കൊണ്ട് തന്റെ കാഴ്ചപ്പാടുകൾ മാറില്ല എന്നും ആരാധ്യ ദേവി കുറിച്ചു.
സാരിയെന്ന ചിത്രം തന്നെ തേടിയെത്തിയപ്പോൾ അതിലെ കഥയും കഥാപാത്രവുമാണ് തന്നെ ആവേശഭരിതയാക്കിയത്. ആ ചിത്രത്തിലെ അനിവാര്യ ഘടകം ഗ്ലാമർ ആണെന്ന് തിരകഥ വായിച്ചപ്പോൾ ബോധ്യമായി എന്നാണ് നടി പറയുന്നത്. ഒരു നടിയാകാൻ താൻ തീരുമാനിച്ചതിനാൽ ആ ജോലിക്ക് ആവശ്യമായ രീതിയിൽ വസ്ത്രധാരണം നടത്തേണ്ടി വരുക അനിവാര്യതയാണ്. അത് ഇൻഡസ്ട്രിയിലുള്ള എല്ലാ നടിമാരും ചെയ്യുന്ന കാര്യമാണെന്നും നടി പറഞ്ഞു.
അഭിപ്രായം പറയാനുള്ള നിങ്ങളുടെ അവകാശത്തെ താൻ മാനിക്കുന്നുവെന്നും പക്ഷേ തനിക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. ഇനിയും ഇത്തരത്തിൽ തന്നെ ജഡ്ജ് ചെയ്യാനാണ് പോകുന്നതെങ്കിൽ അത് നിങ്ങളുടെ തീരുമാനത്തിന് താൻ വിടുകയാണെന്നും ട്രോളുന്നവരോട് നടി പറഞ്ഞു. മറ്റുള്ളവരുടെ നെഗ്റ്റീവ് കമന്റ് കണ്ട് തന്റെ കാഴ്ചപാടുകൾ മാറുമെന്ന് കരുതരുതെന്നും നടി വ്യക്തമാക്കി.