Kerala Actress Assault Case Verdict: നായകന്‍ വില്ലനാകുമോയെന്ന് ഇന്നറിയാം; നടിയെ ആക്രമിച്ച കേസില്‍ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം
Dileep Case Verdict Today: 2017ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് നടന്‍ ദിലീപ് ഉള്‍പ്പെടെ 10 പേര്‍ പ്രതികളായ കേസില്‍ വിധി പറയുന്നത്
കൊച്ചി: 2017 ഫെബ്രുവരിയിലെ ആ ഇരുണ്ട രാത്രിയില്‍ അരങ്ങേറിയ കൊടുംക്രൂരതയുടെ മുറിപ്പാടുകള്‍ മലയാളിയുടെ മനസില്‍ ഇന്നും ഉണങ്ങിയിട്ടില്ല. കേരളത്തെ ഏറെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ സംഭവം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് വിധി പ്രസ്താവിക്കുമ്പോള്‍ അത് എന്താകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഓരോ മലയാളിയും. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന്റെ ഉത്തരമെന്താണെന്ന് ഇന്ന് ഉച്ചയ്ക്ക് മുമ്പ് അറിയാം. രാവിലെ 11 മണിയോടെ കോടതി നടപടികള്‍ ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം റോസാണ് വിധി പറയുന്നത്. നടന്‍ ദിലീപ് ഉള്‍പ്പെടെ കേസില്‍ 10 പ്രതികളാണുള്ളത്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. ദിലീപ് എട്ടാം പ്രതിയാണ്.
2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ അങ്കമാലി അത്താണിക്ക് സമീപത്ത് വച്ച് കാര്‍ തടഞ്ഞ് നടിയെ ആക്രമിച്ചെന്നും, ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് കേസ്. പീഡനശ്രമം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ആദ്യം ഏഴു പ്രതികളാണ് കേസിലുണ്ടായിരുന്നത്. പിന്നീട് ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണസംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ജൂലൈ 10ന് അറസ്റ്റിലായ ദിലീപ് 85 ദിവസങ്ങള്‍ക്ക് ശേഷം പുറത്തെത്തിയത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്നായിരുന്നു ദിലീപിനെതിരായ പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ ഇത് അന്വേഷണസംഘത്തിന്റെ കെട്ടുകഥയാണെന്നാണ് ദിലീപിന്റെ വാദം.
ദിലീപിന് കാവ്യ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് അന്നത്തെ ഭാര്യയായിരുന്ന മഞ്ജു വാര്യരോട് നടി വെളിപ്പെടുത്തിയതിലുള്ള വ്യക്തിവൈരാഗ്യം മൂലം ക്വട്ടേഷനിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.
2018 മാര്‍ച്ച് എട്ടിന് വിചാരണ നടപടികള്‍ തുടങ്ങി. പല കാരണങ്ങളാല്‍ വിചാരണ നീണ്ടുപോയി. ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. 2020 ജനുവരി ആറിന് സുനില്‍കുമാര്‍ (പള്‍സര്‍ സുനി), ദിലീപ് (ഗോപാലകൃഷ്ണന്‍), മാര്‍ട്ടിന്‍ ആന്റണി, പ്രദീപ്, സനല്‍കുമാര്‍, മണികണ്ഠന്‍ ബി, വിജീഷ് വി പി, സലിം എച്ച് (വടിവാള്‍ സലിം), ചാര്‍ലി തോമസ് തുടങ്ങിയവര്‍ക്കെതിരെ കുറ്റം ചുമത്തി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11ന് അന്തിമവാദം ആരംഭിച്ചു. ഈ വര്‍ഷം ജനുവരി 23ന് പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. ഏപ്രില്‍ ഒമ്പതിന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. കേസില്‍ 261 സാക്ഷികളെ വിസ്തരിച്ചു. 28 സാക്ഷികള്‍ കൂറുമാറി. കൂറുമാറിയവരില്‍ അഭിനേതാക്കള്‍ വരെ ഉള്‍പ്പെടുന്നു. 1700 രേഖകളും പരിഗണിച്ചു. കേസിലെ 10 പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.