Devi Chandana: ‘കണ്ണും ദേഹവുമൊക്കെ മഞ്ഞ നിറം; അട്ട ചുരുളും പോലെ ചുരുണ്ടു, ഐസിയുവിലായിരുന്നു’; രോഗാവസ്ഥ പങ്കുവച്ച് നടി ദേവി ചന്ദന
Actress Devi Chandana on Hepatitis A Diagnosis: ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ആശുപത്രിയിലായിരുന്നുവെന്നും ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് ദേവി ചന്ദന പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വിവരങ്ങൾ പങ്കുവച്ചത്.

Devi Chandana
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ദേവി ചന്ദന. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ കുറച്ച് നാളുകളായി എല്ലാത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇതോടെ നടിയെ കാണുന്നില്ലല്ലോ എന്ന് പറഞ്ഞ് നിരവധി പേർ രംഗത്ത് എത്തി. ഇപ്പോഴിതാ ഇതിനുള്ള മറുപടി നൽകിയിരിക്കുകയാണ് നടി ദേവി ചന്ദന. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ആശുപത്രിയിലായിരുന്നുവെന്നും ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് ദേവി ചന്ദന പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വിവരങ്ങൾ പങ്കുവച്ചത്.
ഒരു മാസമായി ആശുപത്രിയിലായിരുന്നു. ചെറിയ ശ്വാസംമുട്ടൽ ആണെന്ന് പറഞ്ഞ് വച്ചോണ്ടിരുന്നുവെന്നും ആശുപത്രിയിൽ എത്തിയപ്പോഴാണ് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് തിരിച്ചറിഞ്ഞത് എന്നാണ് നടി പറയുന്നത്. ഐസിയുവിൽ അഡ്മിറ്റായിരുന്നുവെന്നും രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഇപ്പോൾ കുറഞ്ഞുവെന്നും നടി വീഡിയോയിൽ പറയുന്നു.
കോവിഡ് വന്നപ്പോൾ താൻ കരുതിയത് അതായിരിക്കുമെന്നും എന്നാൽ പിന്നീട് എച്ച് വൺ എൻ വൺ ബാധിച്ചപ്പോൾ കോവിഡ് എത്രയോ ഭേദമായിരുന്നുവെന്ന് തോന്നി. എന്നാൽ ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗുണപാഠമായിരുന്നുവെന്നാണ് നടി പറയുന്നത്. താൻ എവിടെയും ഒറ്റയ്ക്ക് പോയിരുന്നില്ല. എന്നാൽ തന്റെ പ്രതിരോധശേഷി കാരണമായിരിക്കും തനിക്ക് മാത്രം അസുഖം വന്നത് എന്നാണ് ദേവി ചന്ദന പറയുന്നത്.
കഴിഞ്ഞ മാസം 26-ാം തീയതി രാത്രിക്കായിരുന്നു ആശുപത്രിയിൽ അഡ്മിറ്റായത് എന്നാണ് ഭർത്താവ് കിഷോർ പറയുന്നത്. ആ സമയത്ത് അട്ടയൊക്കെ ചുരുണ്ട് കിടക്കുന്നതുപോലെയായിരുന്നു കിടപ്പ് എന്നാണ് കിഷോർ പറയുന്നത്. ഈ അസുഖത്തിനെ കുറിച്ച് നമ്മുക്ക് ധാരണയില്ലായിരുന്നു. ഇടയ്ക്ക് ശ്വാസം മുട്ടൽ ഉണ്ടാകാറുണ്ട്, അത് തണുപ്പിന്റെയാകുമെന്ന് കരുതി നിസ്സാരമായി കണ്ടുവെന്നാണ് ദേവി ചന്ദന പറയുന്നത്. തന്റെ മക്കളുടെ അരങ്ങേറ്റം ഗുരൂവായൂരിൽ ഉണ്ടായിരുന്നുവെന്നും തനിക്ക് അത് നേരിൽ കാണാൻ കഴിഞ്ഞില്ലെന്നും അതാണ് ഏറ്റവും വലിയ സങ്കടമായത് എന്നാണ് നടി പറയുന്നത്.
മഞ്ഞപ്പിത്തമാണെന്ന് പറയുമ്പോൾ പലരും ലാഘവത്തോടെ സംസാരിച്ചതായും ദേവി ചന്ദന പറഞ്ഞു. ഇപ്പോഴും സാധാരണ അവസ്ഥയിലേക്ക് എത്തിയില്ലെന്നും ഭക്ഷണത്തിലടക്കം വളരെയധികം ശ്രദ്ധ കൊടുത്താണ് കരളിന്റെ ആരോഗ്യം ഇപ്പോഴും കാക്കുന്നതെന്ന് താരം പറഞ്ഞു.