Devi Chandana: ‘സുഖമില്ലാതെ കിടക്കുകയായിരുന്നു; ഞാൻ മരിച്ചെന്നുവരെ വാർത്ത വന്നു’; തുറന്നുപറഞ്ഞ് ദേവി ചന്ദന
Actress Devi Chandana: കഴിഞ്ഞ വർഷം സെൽഫ് കെയർ ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ, ഒന്നും പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ വർഷാവസാനമായപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നുവെന്നും ഇതിനു ശേഷം ആരോഗ്യവും ഭക്ഷണവും ഫിറ്റ്നസും ശ്രദ്ധിച്ച് തുടങ്ങിയെന്നും താരം പറയുന്നു.
മലയാളികൾക്ക് ഏറെ സുപരിചിതയാണ് സിനിമാ-സീരിയല്‍ താരം ദേവി ചന്ദന. കോമഡി സ്‌കിറ്റുകളിലൂടെ പ്രേകഷകർക്ക് മുന്നിലേക്ക് എത്തിയ താരം പിന്നീട് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയായിരുന്നു. നർത്തകി എന്ന രീതിയിലും ദേവി ചന്ദന പ്രശസ്തയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം യൂട്യൂബിലൂടെ തങ്ങളും വിശേഷം പങ്കുവച്ച് എത്താറുണ്ട്. ഇപ്പോഴിതാ പുതുവർഷത്തോട് അനുബന്ധിച്ച് നടിയും ഭർത്താവ് കിഷോറും പങ്കുവച്ച വ്ളോഗാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ വർഷം പാളിപ്പോയ ന്യൂഇയർ റെസല്യൂഷനുകളും പാലിക്കപ്പെട്ട റെസല്യൂഷനുകളെ കുറിച്ചുമാണ് ഇരുവരും വീഡിയോയിൽ സംസാരിക്കുന്നത്. ഒട്ടുമിക്ക തീരുമാനങ്ങളും പാലിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞുകൊണ്ടാണ് ദേവി ചന്ദന സംസാരിച്ച് തുടങ്ങിയത്. നോ പറയേണ്ടിടത്ത് നോ പറയണമെന്ന് തീരുമാനിച്ചിരുന്നുവെന്നും അത് പ്രാവർത്തികമാക്കാൻ സാധിച്ചുവെന്നും നടി പറഞ്ഞു.
എല്ലാ വാർത്തയും ആദ്യം അറിയുന്നത് കിഷോറാണ്. ന്യൂസ് ചാനലുകളെ വിശ്വസിക്കാൻ പറ്റാത്ത കാലം കൂടിയാണെന്ന് പറഞ്ഞ നടി താൻ മരിച്ചുവെന്ന് അടുത്തിടെ ഒരു ചാനലിൽ വാർത്ത വന്നുവെന്നാണ് പറയുന്നത്.താൻ ആ സമയത്ത് സുഖമില്ലാതെ കിടക്കുകയായിരുന്നു. കിഷോർ തന്നെ ഫോൺ വിളിച്ച് താൻ മരിച്ചോ എന്ന് ചോദിച്ചു. ഇല്ലെന്ന് താൻ പറഞ്ഞു. കഴിഞ്ഞ വർഷം കുറച്ചുനാൾ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ദേവി ചന്ദന ആശുപത്രിയിലായിരുന്നു. ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് ദേവി ചന്ദനയും ഭർത്താവ് കിഷോറും പിന്നീട് ഒരിക്കൽ വ്ലോഗിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു,
ഇത്തവണ തന്റെ ന്യൂഇയർ മൂകാംബിക അമ്പലത്തിൽ ആയിരുന്നുവെന്നാണ് ദേവി ചന്ദന പറയുന്നത്.ഒരു തീർത്ഥാടനമായിരുന്നുവെന്നും ഒരുപാട് ക്ഷേത്രങ്ങളിൽ പോയെന്നും താരം പറഞ്ഞു. കഴിഞ്ഞ വർഷം സെൽഫ് കെയർ ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ, ഒന്നും പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ വർഷാവസാനമായപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നുവെന്നും ഇതിനു ശേഷം ആരോഗ്യവും ഭക്ഷണവും ഫിറ്റ്നസും ശ്രദ്ധിച്ച് തുടങ്ങിയെന്നും താരം പറയുന്നു.