Disha Patani: ദിഷാ പഠാനിയുടെ വീടിന് നേരെ ഉണ്ടായ വെടിവെപ്പ്; പോലീസ് ഏറ്റുമുട്ടലില്‍ പ്രതികള്‍ കൊല്ലപ്പെട്ടു
Actress Disha Patani House Attack: സെപ്റ്റംബർ 12ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു ദിഷാ പഠാനിയുടെ ബറേലിയിലെ വീടിന് പുറത്ത് അക്രമികൾ പലതവണ വെടിയുതിർത്തത്. സംഭവം നടക്കുന്ന സമയത്ത് ദിശയുടെ അച്ഛനും അമ്മയും മൂത്ത സഹോദരിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ലഖ്‌നൗ: ബോളിവുഡ് നടി ദിഷാ പഠാനിയുടെ ബറേലിയിലെ വീടിന് പുറത്ത് വെടിയുതിർത്ത കേസിലെ പ്രതികളായ രോഹിത് ഗൊദാര-ഗോൾഡി ബ്രാർ സംഘത്തിലെ രണ്ട് അംഗങ്ങൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച ഗാസിയാബാദിൽ വെച്ചാണ് സംഭവം. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക്സ് ഫോഴ്സും ഡൽഹി പോലീസിന്റെ ക്രൈം ഇൻവസ്റ്റിഗേഷൻ യൂണിറ്റും നടത്തിയ ഏറ്റുമുട്ടലിലാണ് പ്രതികൾക്ക് പരിക്കേൽക്കുന്നതും തുടർന്ന് മരണപ്പെടുന്നതും.
സെപ്റ്റംബർ 12ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു ദിഷാ പഠാനിയുടെ ബറേലിയിലെ വീടിന് പുറത്ത് അക്രമികൾ പലതവണ വെടിയുതിർത്തത്. സംഭവം നടക്കുന്ന സമയത്ത് ദിശയുടെ അച്ഛനും അമ്മയും മൂത്ത സഹോദരിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ കുടുംബം നൽകിയ പരാതിയിൽ ബറേലി കോടാലി പോലീസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വിഷയത്തിൽ വിട്ടുവീഴ്ചകളില്ലാതെ ഉടനടി നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു.
സംഭവത്തിന് പിന്നാലെ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാസംഘവുമായി ബന്ധമുള്ള ഗോൾഡി ബ്രാർ സംഘം വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അവർ ഇക്കാര്യം അറിയിച്ചത്. ആത്മീയ നേതാക്കളായ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യ മഹാരാജിനെയും അപമാനിച്ചുവെന്ന് ആരോപിച്ചാണ് നടിയുടെ വീടിനു നേരെ ആക്രമണം ഉണ്ടായത്. സംഭവസ്ഥലത്ത് നിന്ന് ഒരു ഗ്ലോക്ക്, ഒരു സിഗാന പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവയും കണ്ടെടുത്തിരുന്നു.
ALSO READ: നടി ദിഷാ പഠാണിയുടെ വീടിനുനേരെ വെടിവെപ്പ്, പിന്നില്‍ ഗോൾഡി ബ്രാർ സംഘം
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ റോഹ്‌തക്കിലെ കഹ്നി സ്വദേശി രവീന്ദ്ര, സോനിപത്തിലെ ഗോഹാന റോഡിലെ ഇന്ത്യൻ കോളനി സ്വദേശി അരുൺ എന്നിവരാണ് വെടിവെപ്പ് നടത്തിയതെന്ന് കണ്ടെത്തി. തുടർന്ന്, ബുധനാഴ്ച എസ്ടിഎഫിന്റെ നോയിഡ യൂണിറ്റും ഡൽഹി പോലീസും സംയുക്തമായി ചേർന്ന് ഇവർ ഇരുവരെയും ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയിൽ വെച്ച് തടയാൻ ശ്രമിച്ചു. ഇതേത്തുടർന്നുണ്ടായ വെടിപ്പിലാണ് രണ്ട് പ്രതികൾക്കും ഗുരുതരമായി പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൊല്ലപ്പെടുകയായിരുന്നു.