Shweta Menon: ‘സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നതിന്റെ സ്ഥിരീകരണം; ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്? ശ്വേതാ മേനോനെതിരായ കേസില്‍ നടി രഞ്ജിനി
Ranjini Slams Case Against Shweta Menon: അധികാരം പുരുഷന്മാരില്‍നിന്ന് സ്ത്രീകള്‍ക്ക് കൈമാറാന്‍ 'അമ്മ'യോ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലോ തയ്യാറല്ലെന്നാണ് രഞ്ജിനി പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

Shweta Menon
അശ്ലീല രംഗങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് കാട്ടി നടി ശ്വേത മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് നടി രഞ്ജിനി. സിനിമാ മേഖലയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നതിന്റെ സ്ഥിരീകരണമല്ലേ ശ്വേതക്കെതിരായ കേസ് എന്നാണ് രഞ്ജിനി പറയുന്നത്. അധികാരം പുരുഷന്മാരില്‍നിന്ന് സ്ത്രീകള്‍ക്ക് കൈമാറാന്‍ ‘അമ്മ’യോ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലോ തയ്യാറല്ലെന്നാണ് രഞ്ജിനി പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
എന്റെ പ്രിയപ്പെട്ട ചലച്ചിത്ര മേഖലയ്ക്ക് എന്താണ് സംഭവിക്കുന്നത്? റിട്ട. ജസ്റ്റിസ് ഹെമയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ‘പവര്‍ ഗ്രൂപ്പ്’ ഉണ്ടെന്ന സ്ഥിരീകരണമല്ലേ ശ്വേതാ മേനോനെതിരായ ആരോപണം? അമ്മയും (AMMA) പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലോ (സാന്ദ്ര) അധികാരം പുരുഷന്മാരില്‍നിന്ന് സ്ത്രീകള്‍ക്ക് കൈമാറാന്‍ തയ്യാറാകുന്നില്ല. നാം ജീവിക്കുന്നത് ഏത് ലോകത്താണ്?
ഈ രാജ്യത്ത് ഒരു സ്ത്രീ രാഷ്ട്രപതി നിലവിലുള്ളതുകൊണ്ടുതന്നെ സ്ത്രീകൾക്കും അവരുടെ തൊഴിലിടങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ട്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പ്രകാരം ഒരു എന്റര്‍ടെയ്മന്‍മെന്റ് ട്രിബ്യൂണല്‍ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്നും അത് നമ്മുടെ നീതി ന്യായ വ്യവസ്ഥ ഉടന്‍ തന്നെ ശക്തമായി നടപ്പിലാക്കുമെന്നും എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്.
Also Read:ശ്വേത മേനോനെതിരെ അനാശ്യാസ കേസ്; നടി അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു
കഴിഞ്ഞ ദിവസമാണ് നടിക്കെതിരെ കേസെടുത്തത്. അശ്ലീല രംഗങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് കാട്ടിയാണ് നടിക്കെതിരെ കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. അമ്മ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.