Seema G Nair: ‘ഈ ദിനം മറക്കാൻ കഴിയില്ല, സന്തോഷമായി ജീവിച്ചിട്ടുണ്ടോയെന്ന് അറിയില്ല’; ശരണ്യയുടെ ഓർമയിൽ സീമ ജി നായർ
Seema G Nair Shares Emotional Note on Saranya: കുടുംബത്തിനും മറ്റുള്ളവരുടെ സ്വപ്നങ്ങൾക്കും പ്രാധാന്യം കൊടുത്തവളായിരുന്നു ശരണ്യയെന്നും അതിനാൽ തന്നെ മുപ്പത്തിയഞ്ച് വർഷ കാലയളവിന് ഇടയിൽ സന്തോഷമായി ജീവിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും സീമ കുറിപ്പിൽ പറയുന്നു.
പത്ത് വർഷത്തോളം ക്യാൻസറിനോട് പോരാടിയാണ് സീരിയൽ-സിനിമ താരം ശരണ്യ ലോകത്തോട് വിട പറഞ്ഞത്. സിനിമകളെക്കാൾ സീരിയലുകളിലൂടെയാണ് നടി പ്രേക്ഷകർക്ക് സുപരിചിതയാണ്. 2021 ഓഗസ്റ്റ് ഒമ്പതിന് ട്യൂമര്‍ ബാധിച്ച് താരം മരണപ്പെടുമ്പോൾ പ്രായം വെറും ഇരുപത്തിയഞ്ച് വയസ് മാത്രമായിരുന്നു. രോഗം തിരിച്ചറിഞ്ഞ നിമിഷം മുതൽ ശര്യണയ്ക്കും കുടുംബത്തിനും സാമ്പത്തികമായും മാനസികമായും പിന്തുണയുമായി സീമ ജി നായർ ഒപ്പമുണ്ടായിരുന്നു.
ഇന്ന് ശരണ്യ മരിച്ച് നാല് വർഷം പിന്നിടുന്നു . ഇതിനിടെയിൽ ശരണ്യയുടെ ഓർമ ദിനത്തിൽ സീമ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുടുംബത്തിനും മറ്റുള്ളവരുടെ സ്വപ്നങ്ങൾക്കും പ്രാധാന്യം കൊടുത്തവളായിരുന്നു ശരണ്യയെന്നും അതിനാൽ തന്നെ മുപ്പത്തിയഞ്ച് വർഷ കാലയളവിന് ഇടയിൽ സന്തോഷമായി ജീവിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും സീമ കുറിപ്പിൽ പറയുന്നു.
ഈ ദിനം മറക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് സീമ കുറിപ്പ് പങ്കുവച്ചത്. ട്രെയിനിൽ ഇരുന്നാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നതെന്നും തിരുവനന്തപുരം ആർസിസിയുടെ മുന്നിൽ കുറച്ച്പേർക്ക് ഭക്ഷണം കൊടുക്കണമെന്നും താരം കുറിപ്പിൽ പറയുന്നു. എത്രയോ നാളുകൾ നിനക്കുവേണ്ടി അവിടെ ചുറ്റിപറ്റി നിന്നത് എന്നാണ് സീമ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
നീ പോയിട്ട് 4 വർഷം പിന്നിടുന്നു ..ഓഗസ്റ്റ് 9..ഈ ദിനം മറക്കാൻ കഴിയില്ല ..എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു നിൽക്കുമ്പോളും ,പ്രതീക്ഷകളായിരുന്നു നീ തിരിച്ചു വരുമെന്ന പ്രതീക്ഷ ,ഇന്നലെ ഉറങ്ങാനേ കഴിഞ്ഞില്ല ..ഓർമ്മകൾ മരിക്കില്ല ..പക്ഷെ ചില ഓർമ്മകൾ മരണത്തിനു തുല്യം ആണ് ..ജനനത്തിനും ,ജീവിതത്തിനും ,മരണത്തിനുമിടയിൽ ,നീ സന്തോഷമായി ജീവിചിട്ടുണ്ടൊ എന്നറിയില്ല ..കാരണം ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു നീ ജീവിക്കുകയായിരുന്നു ,നിന്റെ സ്വപ്നങ്ങളേക്കാളും മറ്റുള്ളവരുടെ സ്വപ്നത്തിനു നീപ്രാധാന്യം കൊടുത്തു ..
അതെല്ലാം സഫലീകരിച്ചോ എന്നെനിക്കറിയില്ല നമ്മളറിയാത്ത ഏതോ ലോകത്തു നീ ഉണ്ടെന്നു വിശ്വസിക്കുന്നു ..എത്രയോ ദൂരം നിനക്ക് മുന്നോട്ടു പോകാനുണ്ടായിരുന്നു ..വിധിയിൽ ജീവിതം തലകീഴായി മറിഞ്ഞു ..അവിടെയും നീ മാക്സിമം പിടിച്ചു നിന്നു ..ഒരുതിരിച്ചു വരവിനായി പക്ഷെ ഇപ്പോൾ ട്രെയിനിൽ ആണ് ,ട്രെയിനിൽ ഇരുന്നാണ് ഈ കുറിപ്പിടുന്നത് ..തിരുവനന്തപുരം RCC യുടെ മുന്നിൽ കുറചു പേർക്ക് ഭക്ഷണം കൊടുക്കണം..എത്രയോ നാളുകൾ നിനക്കുവേണ്ടി അവിടെ ചുറ്റിപറ്റി നിന്നതാണ് ..ഒരു കാര്യം എനിക്കുറപ്പാണ് എന്റെ കൂടെ നീയുണ്ട് .അത് പലപ്പോളും എനിക്ക് മനസ്സിലായിട്ടുണ്ട്..ആരും അല്ലാത്ത ബന്ധം . പക്ഷെ എല്ലാമായി തീർന്ന ബന്ധം.