Ahaana Krishna: ‘അടുത്ത വിവാഹം എന്റേതായിരിക്കും, ഒന്നര വർഷത്തിനുള്ളിൽ ഉണ്ടാകും’; അഹാന കൃഷ്ണ
Ahaana Krishna Opens Up About Her Marriage: ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് അഹാന കൃഷ്ണ. വീട്ടിലെ അടുത്ത വിവാഹം തന്റെയായിരിക്കും എന്നാണ് അഹാന പറയുന്നത്.

അഹാന കൃഷ്ണ
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ അഹാന കൃഷ്ണ. താരത്തിന്റെ സഹോദരി ദിയ കൃഷ്ണ കഴിഞ്ഞ വർഷമാണ് വിവാഹിതയായത്. ഇതിന് പിന്നാലെ അഹാനയുടെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഛായാഗ്രാഹകൻ നിമിഷ രവിയുമായി അഹാന പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വരുന്നുണ്ടെങ്കിലും ഇരുവരും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് അഹാന കൃഷ്ണ. വീട്ടിലെ അടുത്ത വിവാഹം തന്റെയായിരിക്കും എന്നാണ് അഹാന പറയുന്നത്. വീട്ടിൽ ഒരു കല്യാണം കഴിഞ്ഞുവെന്നും സ്വാഭാവികമായും അടുത്ത വിവാഹം തന്റെ ആയിരിക്കുമെന്നും നടി പറഞ്ഞു. ഇഷാനി തന്നെക്കാൾ അഞ്ച് വയസ് ഇളയതാണ്. തനിക്ക് വിവാഹമൊന്നും കഴിക്കാൻ താത്പര്യമില്ലെന്ന് ഈയടുത്ത് ഒരു വീഡിയോയിൽ അവൾ പറയുകയും ചെയ്തു. അടുത്ത അഞ്ച് വർഷത്തേക്കെങ്കിലും ഇഷാനിക്ക് വിവാഹമെന്ന ചിന്ത വരുമെന്ന് തോന്നുന്നില്ലെന്നും അഹാന കൃഷ്ണ പറഞ്ഞു.
അതിനാൽ, സ്വാഭാവികമായും അടുത്ത വിവാഹം തന്റേതായിരിക്കും എന്ന് അഹാന പറഞ്ഞു. ചിലപ്പോൾ ഒന്നര വർഷത്തിനുള്ളിൽ ഉണ്ടാകുമെന്നും ഇത്ര പ്രായമായി എന്നത് കൊണ്ടല്ല തീരുമാനം എന്നും നടി കൂട്ടിച്ചേർത്തു. വിവാഹം ചെയ്താലേ ഒരു ബന്ധം പവിത്രമാകൂ എന്ന് വിശ്വസിക്കുന്ന ആളല്ല താനെന്നും അഹാന പറഞ്ഞു. നിമിഷ് രവിയെക്കുറിച്ചുള്ള ചോദ്യത്തിന് നിമിഷ് എന്റെ സുഹൃത്താണെന്നായിരുന്നു ചെറു പുഞ്ചിരിയോടെ അഹാന മറുപടി നൽകിയത്. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.
ALSO READ: ‘ഗോപി സുന്ദർ എന്തും വിറ്റ് കാശാക്കും, അദ്ദേഹത്തിന്റെ ഉദ്ദേശം വേറെ പലതാണ്’; ദീപക് ദേവ്
കഴിഞ്ഞ വർഷമായിരുന്നു അഹാന കൃഷ്‌ണയുടെ ഇളയ സഹോദരി ദിയ കൃഷ്ണ വിവാഹിതയായത്. ആഡംബരപൂർവ്വം നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. അശ്വിൻ ഗണേശ് ആണ് ദിയയുടെ ഭർത്താവ്. അതേസമയം, അഹാനയുടെ വിവാഹം സംബന്ധിച്ച് നേരത്തെ പിതാവ് കൃഷ്ണകുമാറും സൂചന നൽകിയിരുന്നു. ജീവനക്കാരികളോട് ജാതീയ വേർതിരിവ് കാണിച്ചുവെന്ന ആരോപണത്തിനെതിരെ സംസാരിക്കവെയാണ് താനും ഭാര്യയും രണ്ട് ജാതിയാണെന്നും, തന്റെ മകൾ വിവാഹം ചെയ്തത് വേറൊരു ജാതിയിൽ നിന്നാണെന്നും മൂത്ത മകൾ വിവാഹം കഴിക്കുന്നത് വേറെ മതത്തിൽ നിന്നാണെന്ന് കേൾക്കുന്നുവെന്നും അദ്ദേഹം പറഞ്ഞത്.