Deepak Dev: ‘ഗോപി സുന്ദർ എന്തും വിറ്റ് കാശാക്കും, അദ്ദേഹത്തിന്റെ ഉദ്ദേശം വേറെ പലതാണ്’; ദീപക് ദേവ്
Deepak Dev Criticizes Gopi Sundar: ചിത്രത്തിലെ തീം മ്യൂസിക്കുകൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന തരത്തിൽ വിമർശനങ്ങൾ വന്നതിന് പിന്നാലെ ദീപക്കിനെ പിന്തുണച്ച് ഗോപി സുന്ദർ രംഗത്തെത്തിയിരുന്നു. അതിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുകയാണ് ഇപ്പോൾ ദീപക് ദേവ്.
എന്തും വിറ്റ് കാശാക്കുന്നയാളാണ് ഗോപി സുന്ദർ എന്ന് സംഗീത സംവിധായകൻ ദീപക് ദേവ്. ‘എമ്പുരാൻ’ വിഷയത്തിൽ അദ്ദേഹം തന്നെ പിന്തുണച്ചത് വേറെ പല ഉദേശങ്ങളോടെയായിരുന്നു എന്നും ദീപക് പറഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ദീപക് ദേവായിരുന്നു. എന്നാൽ, ചിത്രത്തിലെ തീം മ്യൂസിക്കുകൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന തരത്തിൽ വിമർശനങ്ങൾ വന്നതിന് പിന്നാലെ ദീപക്കിനെ പിന്തുണച്ച് ഗോപി സുന്ദർ രംഗത്തെത്തിയിരുന്നു. അതിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുകയാണ് ഇപ്പോൾ ദീപക് ദേവ്.
തന്നെ പിന്തുണയ്ക്കാൻ ആയിരുന്നെങ്കിൽ തന്നെ വിളിച്ചല്ലേ അത് ചെയ്യേണ്ടതെന്ന് ദീപക് ദേവ് ചോദിക്കുന്നു. അദ്ദേഹം ഇന്നേ വരെ തന്നെ വിളിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ അതൊരു പിന്തുണയായി താൻ എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്റ് താൻ കണ്ടിരുന്നു. അതിൽ എമ്പുരാന്റെ മ്യൂസിക്കിനെ പറ്റി ആരാധകർക്ക് രണ്ട് അഭിപ്രായം ഉള്ളപ്പോൾ, പോസ്റ്റിൽ അദ്ദേഹം ഉപയോഗിച്ചത് അദ്ദേഹം മോഹൻലാലിന് വേണ്ടി ചെയ്ത തീം മ്യൂസിക്കാണ്. എന്നിട്ട് ‘എമ്പുരാൻ കണ്ടപ്പോൾ എന്റെ ഈ മ്യൂസിക്ക് ഓർക്കാനിടയായി’ എന്നും പറഞ്ഞു. അപ്പോഴേക്കും മറുപടിയായി ഗോപി സുന്ദരായിരുന്നു എമ്പുരാൻ ചെയ്യേണ്ടിയിരുന്നത് എന്ന് പലരും പറഞ്ഞു. അത് അദ്ദേഹം അപ്പോൾ നിഷേധിച്ചെങ്കിലും ഉദ്ദേശം വേറെ പലതുമായിരുന്നു എന്നും ദീപക് ദേവ് കൂട്ടിച്ചേർത്തു.
ആ സമയം താൻ വ്യക്തിപരമായ ചില പ്രശനങ്ങളിലൂടെ കടന്നുപോവുകയായിരുന്നതിനാൽ ആണ് അന്ന് വിഷയത്തിൽ പ്രതികരിക്കാതിരുന്നത് എന്നും ദീപക് ദേവ് പറയുന്നു. എമ്പുരാനിലെ മോഹൻലാലിൻറെ ഇൻട്രൊഡക്ഷൻ സീനിലെ തീം മ്യൂസിക്കിനെതിരെ ആയിരുന്നു വിമർശനങ്ങൾ ഉയർന്നിരുന്നത്. ഗോപി സുന്ദർ പോസ്റ്റ് ചെയ്തത് ‘സാഗർ ഏലിയാസ് ജാക്കി’ എന്ന സിനിമയിലെ ഏറെ ജനപ്രീതി നേടിയ തീം മ്യൂസിക്കും. ഗോപി സുന്ദർ എന്തും വിറ്റ് കാശാക്കുന്ന ആളാണെന്നും ദീപക് പറയുന്നു.
ഒരാളുടെ സ്വഭാവം അറിഞ്ഞു കഴിഞ്ഞാൽ പിന്നീട് അവരുടെ അടുത്ത നിന്ന് മറ്റൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഇതും ഇതിനപ്പുറവും ഗോപി സുന്ദർ ചെയ്യുമെന്നും ദീപക് കൂട്ടിച്ചേർത്തു. അത് തനിക്കും നാട്ടുകാർക്കും അറിയാം. അത് അദ്ദേഹം തന്നെ എല്ലാവർക്കും മനസിലാക്കി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് അതിനോട് പ്രതികരിക്കേണ്ട എന്ന് താൻ തീരുമാനിച്ചുവെന്നും ദീപക് ദേവ് പറഞ്ഞു.