Ajith Kumar: ‘സിനിമയിൽ നിന്നും വിരമിക്കാൻ നിർബന്ധിതനായേക്കാം; ജീവിച്ചിരിക്കുന്നത് തന്നെ അനുഗ്രഹമാണ്’; അജിത് കുമാർ
Ajith Kumar Talks About Retirement from Cinema: പത്മഭൂഷൺ പുരസ്‌കാരം സ്വീകരിച്ച ശേഷം നൽകിയ അഭിമുഖത്തിലാണ് വിരമിക്കുന്നതിനെ കുറിച്ച് താരം മനസുതുറന്നത്. ജീവിതത്തിലെ ഓരോ നിമിഷവും ഉപയോഗിക്കാനും അത് പരമാവധി പ്രയോജനപ്പെടുത്താനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.
അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കാൻ നിർബന്ധിതനായേക്കാമെന്ന് നടൻ അജിത് കുമാർ. പത്മഭൂഷൺ പുരസ്‌കാരം സ്വീകരിച്ച ശേഷം നൽകിയ അഭിമുഖത്തിലാണ് വിരമിക്കുന്നതിനെ കുറിച്ച് താരം മനസുതുറന്നത്. ജീവിതത്തിലെ ഓരോ നിമിഷവും ഉപയോഗിക്കാനും അത് പരമാവധി പ്രയോജനപ്പെടുത്താനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അജിത് കുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്.
അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ആർക്കറിയാം എന്നായിരുന്നു അജിത് കുമാറിന്റെ മറുപടി. എപ്പോൾ വിരമിക്കണമെന്ന് താൻ പ്ലാൻ ചെയ്യുന്നതിൽ അല്ല കാര്യം എന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നിനെയും നിസ്സാരമായി കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ നടൻ ആളുകൾ ജീവിതക്കുറിച്ച് പരാതിപ്പെടുകയാണെന്നും എന്നാൽ ഉണർന്നിരിക്കാനും ജീവനോടെയിരിക്കാനും കഴിയുന്നത് തന്നെ അനുഗ്രഹമാണെന്നും കൂട്ടിച്ചേർത്തു.
ഇത് തത്വചിന്ത പറയുകയല്ലെന്നും ശസ്ത്രക്രീയകളിലൂടെയും പരിക്കുകളിലൂടെയും കടന്നുപോയിട്ടുള്ള ആളാണ് താനെന്നും നടൻ പറയുന്നു. കാൻസറിനെ അതിജീവിച്ച സുഹൃത്തുക്കൾ തനിക്കുണ്ടെന്നും അജിത് പറയുന്നു. അതുകൊണ്ട് തന്നെ ജീവിതം എത്രമാത്രം വിലപെട്ടതാണെന്നും ജീവിച്ചിരിക്കുക എന്നതുതന്നെ വിലപെട്ടതാണെന്ന് താൻ മനസിലാകുന്നുവെന്നും നടൻ പറഞ്ഞു.
“ജീവിതത്തിലെ ഓരോ നിമിഷവും ഉപയോഗിക്കാനും പരമാവധി അത് പ്രയോജനപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു. ‘ഞാൻ ഈ ആത്മാവിന് ഒരു ജീവിതം നൽകി, അവൻ അതിന്റെ സത്ത മുഴുവനും ആസ്വദിക്കുന്നു. അതിലെ ഓരോ നിമിഷവും ക്രിയാത്മകമായി ഉപയോഗിക്കുകയും ചെയ്തു’ എന്ന് എന്റെ സമയം വരുമ്പോൾ എന്റെ സൃഷ്ടാവ് ചിന്തിക്കണമെന്നാണ് എന്റെ ആഗ്രഹം. അങ്ങനെ, അത്രയും അഭിനിവേശത്തോടെ ഒരു നിമിഷം പോലും പാഴാക്കാതെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്” അജിത് കുമാർ പറഞ്ഞു.
പത്മഭൂഷൺ ലഭിച്ചത് അവിശ്വസിനീയമായ ഒരു അനുഭവമാണെന്നും അജിത് കുമാർ കൂട്ടിച്ചേർത്തു. ഈ വർഷം ജനുവരിയിൽ പ്രഖ്യാപനം വന്നപ്പോൾ തന്നെ വളരെ വികാരാധീനനായെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 28ന് രാഷ്ട്രഭവനിൽ നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നടന്റെ ഭാര്യ ശാലിനിയും മക്കളും ഒപ്പം ഉണ്ടായിരുന്നു.