Drishyam 3: 21 കോടി രൂപയും ഒരു വിഗ്ഗും വേണം; ദൃശ്യം 3-ൽ നിന്ന് പിന്മാറിയ അക്ഷയ് ഖന്നയ്ക്ക് വക്കീൽ നോട്ടീസയച്ച് നിർമാതാവ്
Akshaye Khanna Receives Legal Notice from ‘Drishyam 3’ Producers: ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അക്ഷയ് ഖന്ന പിന്മാറിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് അക്ഷയ് ഖന്നയാണ്.
‘ദൃശ്യം 3’ ഹിന്ദി പതിപ്പിൽ നിന്ന് അക്ഷയ് ഖന്ന പിന്മാറിയതിനു പിന്നാലെ നിയമനടപടിയുമായി നിര്‍മാതാക്കളായ പനോരമ സ്റ്റുഡിയോസ്. നിര്‍മാതാവ് കുമാര്‍ മങ്കത് പഥക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുമായുള്ള കരാർ ലംഘിച്ച് കൊണ്ട് ചിത്രത്തിൽ നിന്ന് പിന്മാറിയെന്നാണ് മങ്കത് പറയുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അക്ഷയ് ഖന്ന പിന്മാറിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് അക്ഷയ് ഖന്നയാണ്.
കഴിഞ്ഞ മാസം താരത്തിന് അഡ്വാൻസ് തുക നൽകിയിരുന്നുവെന്നും ഇതിനു പിന്നാലെ കരാറിൽ ഒപ്പുവെച്ചതെന്നും നിർമാതാവ് പറഞ്ഞു. അതേസമയം ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങാതിരിക്കാൻ അക്ഷയ് ഖന്നയ്ക്ക് പകരം മറ്റൊരു അഭിനേതാവിനെ തിരഞ്ഞെടുത്തുവെന്നും കുമാർ മംഗത് പതക് പറഞ്ഞു. അക്ഷയ് അവതരിപ്പിക്കേണ്ടിയിരുന്ന വേഷം ജയ്ദീപ് അഹ്‌ലാവതാണ് ഇനി ചെയ്യുക.
Also Read:‘രണ്ടാം ഭാഗം പോലെയല്ല ‘ദൃശ്യം 3’; ആ പ്രത്യേകത സംവിധായകൻ പറയുന്നു
ചിത്രത്തിന്റെ പ്രതിഫലത്തുകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് അക്ഷയ് ഖന്ന സിനിമയിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം. മൂന്ന് തവണ പ്രതിഫലത്തിന്റെ കാര്യത്തിൽ താരവുമായി ചർച്ച നടത്തിയെന്നും എന്നാൽ പിന്നീട് അദ്ദേഹം ഫോൺ എടുക്കാൻ പോലും തയ്യാറായില്ലെന്നും നിർമാതാവ് പറയുന്നു. ഇതോടെയാണ് താരത്തിനെതിരെ നിയമനടപടി സ്വീകരിച്ച് നിർമാതാക്കൾ രംഗത്ത് എത്തിയത്.
ചിത്രത്തിന് 21 കോടി രൂപയോളം താരം ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെ നടന്റെ ലുക്കുമായും ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ദൃശ്യം രണ്ടിൽ വിഗ്ഗില്ലാത്ത ലുക്കിലായിരുന്നു അക്ഷയ് ഖന്നയെത്തിയത്. എന്നാൽ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിൽ വിഗ്ഗ് വേണമെന്ന് നടൻ ആവശ്യപ്പെട്ടെന്നും ഇതും തർക്കത്തിന് ഇടയാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം അക്ഷയ് ഖന്ന വക്കീൽ നോട്ടീസിൽ പ്രതികരിച്ച് രംഗത്ത് എത്തിയിട്ടില്ല.