Anirudh Ravichander: ‘വരി കിട്ടിയില്ലെങ്കിൽ ചാറ്റ് ജിപിടിയോട് ചോദിക്കും, പത്ത് ഓപ്ഷനിൽ നിന്ന് ഒന്നെടുക്കും’; അനിരുദ്ധ് രവിചന്ദർ
Anirudh Ravichander Admits Using ChatGPT: ചില സമയത്ത് പാട്ട് എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ ഐഡിയ കിട്ടാതെ വരുമ്പോൾ ചാറ്റ് ജിപിടിയോട് ചോദിക്കാറുണ്ടെന്നാണ് അനിരുദ്ധിന്റെ വെളിപ്പെടുത്തൽ.
ഒട്ടേറെ ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും നിറസാന്നിധ്യമാണ് താരം. ഈ മാസം റിലീസിനൊരുങ്ങുന്ന ‘കൂലി’ സിനിമയുടെ സംഗീതവും അനിരുദ്ധാണ് നിർവഹിച്ചത്. ഇതിനകം പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ട്രെൻഡിങ് ആണ്. ‘കൂലി’യുടെ പ്രമോഷന്റെ ഭാഗമായി അനിരുദ്ധ് നൽകിയൊരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ചില സമയത്ത് പാട്ട് എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ ഐഡിയ കിട്ടാതെ വരുമ്പോൾ ചാറ്റ് ജിപിടിയോട് ചോദിക്കാറുണ്ടെന്നാണ് അനിരുദ്ധിന്റെ വെളിപ്പെടുത്തൽ. ചാറ്റ് ജിപിടിയുടെ പ്രീമിയം മെമ്പർഷിപ്പ് എടുത്തിട്ടുണ്ടെന്നും താരം പറയുന്നു. വരികൾ കിട്ടാതെ വരുമ്പോൾ ചാറ്റ് ജിപിടിയോട് ചോദിക്കുമെന്നും തരുന്ന പത്ത് ഓപ്‌ഷനുകളിൽ നിന്ന് ഒന്നെടുക്കുമെന്നും അനിരുദ്ധ് കൂട്ടിച്ചേർത്തു. സൂര്യന്‍ എഫ്എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.
“എന്റെ ടീമില്‍ മൊത്തം എട്ട് പേരുണ്ട്. സ്റ്റുഡിയോയില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ അവരുടെ കൂടെത്തന്നെ ആയിരിക്കും ഞാന്‍ എപ്പോഴും. ഒരുമിച്ച് ചര്‍ച്ച ചെയ്ത്, ഒരുപാട് സമയമെടുത്തൊക്കെയാണ് ഓരോ വർക്കും പൂർത്തിയാക്കുന്നത്. ഒരു ട്യൂണ്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ അത് എല്ലാവരുമായും ചർച്ച ചെയ്യും. ഒരാൾക്ക് ഇഷ്ടമായില്ലെങ്കിൽ പോലും അത് ഒഴിവാക്കും. എന്നിട്ട് പുതിയത് ഉണ്ടാക്കും. അതാണ് ഞങ്ങളുടെ രീതി.
വരികളുടെ കൂടെ തന്നെ മ്യൂസിക് കംപോസ് ചെയ്യാൻ ആണ് ശ്രമിക്കാറുള്ളത്. പാട്ടിലെ ഹുക്ക് ലൈൻ ഏതാണെന്ന് ആദ്യമേ തീരുമാനിക്കും. അതിന് അനുസരിച്ചായിരിക്കും ട്യൂൺ ഉണ്ടാക്കുന്നത്. ചില സമയങ്ങളിൽ പാട്ട് എങ്ങനെ അവസാനിപ്പിക്കണമെന്ന് അറിയാതെ വരും.
ALSO READ: ‘ശാലിനി ഉണ്ണിക്കൃഷ്ണന്’ ദേശീയ അവാർഡ് കൊടുക്കാത്തതിൽ ദു:ഖമുണ്ട്; സുദീപ്തോ സെൻ
ഒരു കാര്യം തുറന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ചാറ്റ് ജിപിടിയുടെ പ്രീമിയം മെമ്പര്‍ഷിപ്പ് എടുത്തിട്ടുണ്ട്. പാട്ടിന്റെ വരികളുടെ കാര്യത്തിൽ ഇടയ്ക്ക് സംശയം വരും. ചിലപ്പോൾ അവസാനത്തെ രണ്ട് വരികൾ ആയിരിക്കും കിട്ടാതെ വരുന്നത്. അത്തരം സാഹചര്യങ്ങളിൽ ഞാൻ അതുവരെ എഴുതിയ വരികൾ ചാറ്റ് ജിപിടിക്ക് കൊടുത്തിട്ട് രണ്ട് വരി ഉണ്ടാക്കി തരാൻ ആവശ്യപ്പെടും. ചാറ്റ് ജിപിടി ഒരു പത്ത് ഓപ്‌ഷനുകൾ തരും. അതിൽ നിന്ന് ഞാൻ ഒരെണ്ണം തിരഞ്ഞെടുക്കും. എന്നിട്ട് പാട്ട് പൂർത്തിയാക്കും” അനിരുദ്ധ് പറഞ്ഞു.
അതേസമയം, വിജയ് ദേവരകൊണ്ട നായകനായെത്തിയ ‘കിങ്ഡം’ സിനിമയാണ് അനിരുദ്ധിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ഇനി വരാനിരിക്കുന്നത് ‘കൂലി’യാണ്. ഓഗസ്റ്റ് 14നാണ് ചിത്രത്തിന്റെ ആഗോള റീലീസ്.