Onam Releases 2025: ഓണം കളറാക്കാൻ വമ്പൻ റിലീസുകൾ; ഏറ്റുമുട്ടാൻ മോഹൻലാലും ഫഹദും
Onam Movie Releases 2025: ഇത്തവണയും ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ ഒരുപിടി നല്ല ചിത്രങ്ങൾ തീയേറ്ററുകളിൽ എത്തും. ഓഗസ്റ്റ് മാസത്തിൽ റിലീസാകുന്ന ചില ചിത്രങ്ങൾ നോക്കാം.
ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക് കടക്കുകയാണ് മലയാളികൾ. ഓണക്കോടിയും, സദ്യയും, പൂക്കളവുമെല്ലാം പോലെ തന്നെ ഓണത്തിന് എല്ലാവരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഓണം റിലീസുകൾ. ഇത്തവണയും ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ ഒരുപിടി നല്ല ചിത്രങ്ങൾ തീയേറ്ററുകളിൽ എത്തും. ഓഗസ്റ്റ് മാസത്തിൽ റിലീസാകുന്ന ചില ചിത്രങ്ങൾ നോക്കാം.
കൂലി
ചലച്ചിത്ര പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’. ഈ പക്കാ ആക്ഷൻ എന്റർടെയ്‌നർ ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ആമിർഖാൻ, നാഗാർജുന, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഓഗസ്റ്റ് 14നാണ് ‘കൂലി’യുടെ റിലീസ്.
ഹൃദയപൂർവം
വർഷങ്ങൾക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹൃദയപൂർവം’. ഫഹദ് ഫാസിലിനെ പരാമർശിച്ചുകൊണ്ട് എത്തിയ ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മാളവിക മോഹനാണ് ചിത്രത്തിലെ നായിക. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. മോഹൻലാൽ – സംഗീത് പ്രതാപ് കോംബോ തീയേറ്ററിൽ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഓഗസ്റ്റ് 28നാണ് ‘ഹൃദയപൂർവം’ തീയേറ്ററുകളിലെത്തുക.
ഓടും കുതിര ചാടും കുതിര
സംവിധായകൻ അൽത്താഫ് സലിം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് ‘ഓടും കുതിര ചാടും കുതിര’. കല്യാണി പ്രിയദർശൻ, രേവതി എന്നിവരാണ് ചിത്രത്തിലെ നായികമാർ. സിനിമയുടെ ടീസർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ‘ഓടും കുതിര ചാടും കുതിര’ ഓഗസ്റ്റ് 29ന് തീയേറ്ററുകളിൽ എത്തും.
പരം സുന്ദരി
സിദ്ധാര്‍ഥ് മല്‍ഹോത്ര, ജാൻവി കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പരം സുന്ദരി’. കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിനായി സിദ്ധാർഥും ജാൻവിയും കേരളത്തിൽ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘പരം സുന്ദരി’ ഓഗസ്റ്റ് 29ന് പ്രദർശനത്തിനെത്തും.
ALSO READ: തലൈവർ ആട്ടം ആരംഭിക്കുന്നു, ചുമ്മാ തീയായി സൗബിനും; ‘കൂലി’ ട്രെയിലർ എത്തി
ലോക – ചാപ്റ്റർ വൺ: ചന്ദ്ര
കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ ചിത്രമാണ് ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. ദുൽഖറിന്റെ വേഫെറർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഓണം റിലീസായി തീയേറ്ററുകളിൽ എത്തും. തീയതി പ്രഖ്യാപിച്ചിട്ടില്ല.
ബൾട്ടി
നവാഗതനായ ഉണ്ണി ശിവലിംഗയുടെ സംവിധാനത്തിൽ ഷെയ്ൻ നിഗം നായകനായി എത്തുന്ന ചിത്രമാണ് ‘ബൾട്ടി’. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ സംവിധായകൻ അൽഫോൻസ് പുത്രനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കേരള തമിഴ്നാട് അതിർത്തിഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ‘ബൾട്ടി’ ഓണം റിലീസായി തീയേറ്ററുകളിൽ എത്തും.