AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ansiba Hassan: അമ്മയുടെ അത്രയും ആസ്തിയുള്ള ഒരു സംഘടന ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇല്ല, കുത്തിത്തിരുപ്പുണ്ടാക്കി അതിനെ നശിപ്പിക്കരുത്; നടന്നതെല്ലാം വിവരിച്ച് അൻസിബ ഹസ്സൻ

The Sponsorship Controversy: Why Ansiba Hassan Spoke Out Against AMMA's Leadership: ഞാൻ ജനിച്ചപ്പോൾ തന്നെ സിനിമ നടിയാകുമെന്ന് കരുതിയ ആളൊന്നുമല്ല. നാളെ സിനിമ ഇല്ലെങ്കിലും ഞാൻ മറ്റൊരു തൊഴിൽ ചെയ്ത് ജീവിക്കേണ്ട ആളാണ്. ആ ഒരു ഭയം എനിക്കില്ല. എന്നെക്കൊണ്ട് പറ്റുന്ന ഒരു ജോലി ചെയ്ത് എൻ്റെ കുടുംബത്തെ ഞാൻ നോക്കും. ആ ധൈര്യമുള്ള ആളാണ് ഞാൻ. അത് പറഞ്ഞ് ഭയപ്പെടുത്തി എന്നെ നിശബ്ദയാക്കാൻ കഴിയില്ല

Ansiba Hassan: അമ്മയുടെ അത്രയും ആസ്തിയുള്ള ഒരു സംഘടന ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇല്ല, കുത്തിത്തിരുപ്പുണ്ടാക്കി അതിനെ നശിപ്പിക്കരുത്; നടന്നതെല്ലാം വിവരിച്ച് അൻസിബ ഹസ്സൻ
അൻസിബ ഹസ്സൻImage Credit source: Facebook Ansiba Hassan
Sumeesh T Unneen
Sumeesh T Unneen | Published: 25 Jun 2026 | 10:38 AM

താര സംഘടനയായ ‘അമ്മ’യിൽ അടുത്ത കാലത്തുണ്ടായ വൻ പൊട്ടിത്തെറികൾക്കും വിവാദങ്ങൾക്കും പിന്നാലെ ആദ്യമായി മനസ്സുതുറന്ന് നടി അൻസിബ ഹസ്സൻ. ‘അമ്മ’യുടെ നേതൃത്വത്തിനെതിരെ അൻസിബ പരസ്യമായി രംഗത്തുവന്നതോടെയാണ് സംഘടനയ്ക്കുള്ളിലെ പുകയുന്ന പ്രശ്നങ്ങൾ പുറംലോകം അറിയുന്നത്. പിന്നീട് കാര്യങ്ങൾ നിയമപോരാട്ടങ്ങളിലേക്കും നീങ്ങി. ഒടുവിൽ ദിവസങ്ങൾക്ക് മുൻപ് നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ ഭരണസമിതി ഒന്നാകെ രാജിവയ്ക്കുകയും, പ്രസിഡൻ്റായിരുന്ന നടി ശ്വേത മേനോൻ പ്രാഥമിക അംഗത്വം ഉൾപ്പെടെ ഉപേക്ഷിക്കുകയും ചെയ്യുന്ന അസാധാരണ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തിയത്.

ഇപ്പോൾ പുതിയ അഡ്‌ഹോക്ക് കമ്മിറ്റി നിലവിൽ വന്നതിന് പിന്നാലെ, ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അൻസിബ തൻ്റെ ഭാഗം വ്യക്തമാക്കുന്നത്. തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും, ആത്മാഭിമാനത്തെ ചോദ്യം ചെയ്തത് കൊണ്ടാണ് പ്രതികരിച്ചതെന്നും അൻസിബ പറയുന്നു. അമ്മയുടെ അത്രയും ആസ്തിയുള്ള ഒരു സംഘടന ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇല്ലെന്നും അതിനെ നശിപ്പിക്കരുത് എന്നും താരം തുറന്നടിച്ചു.

മതസ്ഥാപനത്തിങ്ങളുടെ പണം സിനിമയ്ക്ക് വേണ്ട

വിവാദങ്ങൾക്ക് തുടക്കമായ സ്പോൺസർഷിപ്പ് വിഷയത്തെക്കുറിച്ച് അൻസിബയുടെ വാക്കുകൾ ഇങ്ങനെയാണ്: “ഒരു മതസ്ഥാപനത്തിൽ നിന്നും ‘അമ്മ’ ടൈറ്റിൽ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നതിനെ ഞാൻ എതിർത്തിരുന്നു. ഒരു മതസ്ഥാപനത്തിൻ്റെ പണം ആ സ്ഥാപനത്തിനുള്ളതാണ്. അവിടെ വരുന്ന ഭക്തർക്ക് വേണ്ടി ചിലവക്കേണ്ടതാണ് ആ പണം. അത് ഏത് മതസ്ഥാപനവും ആയിക്കോട്ടെ, ആ പണം ചലച്ചിത്ര മേഖലയ്ക്ക് സംഭാവന ചെയ്യേണ്ട ഒന്നല്ല. അത് നമ്മൾ വാങ്ങിക്കാനും പാടില്ല.”

എന്നാൽ, താനൊരു മുസ്ലിം ആയതുകൊണ്ട് മാത്രമാണ് അങ്ങനെ പറയുന്നതെന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടപ്പോൾ വലിയ വേദന തോന്നിയെന്ന് അൻസിബ പറയുന്നു. മതപരമായ വേർതിരിവുകളില്ലാതെ ജീവിക്കുന്ന കേരളം പോലൊരു സ്ഥലത്ത് നിന്നുണ്ടായ ഈ അനുഭവം ഏറെ സങ്കടപ്പെടുത്തിയെന്നും, ഇനിയാർക്കും ഈ ഗതി ഉണ്ടാകരുത് എന്ന് കരുതിയാണ് കാര്യങ്ങൾ പരസ്യമായി പറഞ്ഞതെന്നും അവർ വ്യക്തമാക്കി.

Also Read: Mallika Sukumaran: അപ്പോൾ തൊട്ടാണ് എനിക്ക് അൻസിബയോടുള്ള അഭിപ്രായം തെറ്റിയത്, എന്തുവികാരത്തിൽ ആയിരിക്കും ആ കുട്ടി അങ്ങനെ പറഞ്ഞത്? മല്ലിക സുകുമാരൻ

വർഗീയവാദിയാക്കാൻ എളുപ്പമാണ്

തനിക്കെതിരെ വർഗീയ പരാമർശം നടന്നെന്നറിഞ്ഞപ്പോൾ ആദ്യം തോന്നിയത് വലിയ സങ്കടമായിരുന്നുവെന്ന് അൻസിബ പറയുന്നു. “ഞാനൊരു ഇസ്ലാം മത വിശ്വാസിയാണ്. എങ്കിൽ പോലും മതനിയമങ്ങൾ എല്ലാം കർശനമായി അനുസരിച്ച് ജീവിക്കുന്ന ഒരാളല്ല ഞാൻ. അങ്ങനെയുള്ള എന്നെ ഇത്ര എളുപ്പത്തിൽ വർഗീയവാദിയാക്കാൻ പറ്റുമെങ്കിൽ, ആ നിയമങ്ങൾ എല്ലാം പാലിച്ച് ജീവിക്കുന്ന ഒരുപാട് പേരുണ്ട് ഇവിടെ. അവരെ ഏത് രീതിയിലാകും ചിത്രീകരിക്കുക? ഞാൻ ഭയന്നുപോയത് അതാണ്. ഒരുമതത്തിൽ എന്നല്ല, ഏത് മതത്തിൽ പെട്ട ആളുകളുമാകട്ടെ, അവരെ വർഗീയ വാദികളായി ചിത്രീകരിക്കാൻ സാധിക്കുന്ന ഒരു സാഹചര്യം എന്തിനാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് കലാകാരൻമാരുടെ ഇടയിൽ.”

ചിലർ ഇതിനെ തമാശയായി കണ്ടതിനെയും അൻസിബ രൂക്ഷമായി വിമർശിച്ചു. വർഗീയതയും ജാതീയതയും, വർണ്ണവിവേചനവും ഒന്നും ഒരിക്കലും തമാശയായി കാണാൻ കഴിയില്ലെന്നും, ഇത്തരം പ്രവണതകൾ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്ന ഭയം സൃഷ്ടിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എത്രയോ വർഷമായി സിനിമയിലുള്ള, താൻ ജനിക്കുന്നതിനും മുൻപേ അഭിനയിക്കുന്ന നീന കുറുപ്പിനെപ്പോലൊരു സീനിയർ നടി തന്നോട് വന്ന് നുണ പറയേണ്ട കാര്യമില്ലെന്നും അൻസിബ വ്യക്തമാക്കി.

സിനിമ ഇല്ലെങ്കിലും ജീവിക്കും, ആ ഭയമില്ല

തൻ്റെ നിലപാടുകളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് പ്രഖ്യാപിക്കുന്ന അൻസിബ, സിനിമ നഷ്ടപ്പെടുമെന്ന ഭയമില്ലെന്നും തുറന്നുപറഞ്ഞു. “ഞാൻ ജനിച്ചപ്പോൾ തന്നെ സിനിമ നടിയാകുമെന്ന് കരുതിയ ആളൊന്നുമല്ല. നാളെ സിനിമ ഇല്ലെങ്കിലും ഞാൻ മറ്റൊരു തൊഴിൽ ചെയ്ത് ജീവിക്കേണ്ട ആളാണ്. ആ ഒരു ഭയം എനിക്കില്ല. എന്നെക്കൊണ്ട് പറ്റുന്ന ഒരു ജോലി ചെയ്ത് എൻ്റെ കുടുംബത്തെ ഞാൻ നോക്കും. ആ ധൈര്യമുള്ള ആളാണ് ഞാൻ. അത് പറഞ്ഞ് ഭയപ്പെടുത്തി എന്നെ നിശബ്ദയാക്കാൻ കഴിയില്ല.”

ലാലേട്ടൻ്റെ നിലപാടും മാലാ പാർവതിയുടെ പിന്തുണയും

സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ മോഹൻലാലിൻ്റെ പ്രതികരണത്തെക്കുറിച്ചും അൻസിബ സംസാരിച്ചു. താൻ ആരെയും വ്യക്തിപരമായി പിന്തുണയ്ക്കില്ലെന്നും, സംഘടനയുടെ പൊതു തീരുമാനത്തിനൊപ്പം നിൽക്കുമെന്നുമാണ് മോഹൻലാൽ പറഞ്ഞത്. സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ടത് തൻ്റെ ആവശ്യമായിരുന്ന ഘട്ടത്തിൽ, തനിക്കുവേണ്ടി സംസാരിക്കാൻ മാല പാർവതിയാണ് ആദ്യം മുന്നോട്ടുവന്നതെന്നും പിന്നീട് പലരും പിന്തുണച്ചുവെന്നും അൻസിബ ഓർത്തെടുത്തു.

‘സ്ത്രീകൾ ഭരിച്ച് സംഘടന നശിപ്പിച്ചു’ എന്ന വാദത്തോട് തനിക്ക് യാതൊരു യോജിപ്പുമില്ല. നടി മല്ലിക സുകുമാരൻ എന്തിനാണ് തനിക്കെതിരെ സംസാരിച്ചതെന്ന് അറിയില്ലെന്നും, എന്നാൽ അതിൽ താൻ അവരെ കുറ്റപ്പെടുത്തുന്നില്ലെന്നും അൻസിബ പറഞ്ഞു. തൻ്റെ ഭാഗം കൃത്യമായി അറിയാത്തതുകൊണ്ടാകാം അവർ അങ്ങനെ സംസാരിച്ചതെന്നും അൻസിബ വ്യക്തമാക്കി.

English Summary

Following the mass resignation of AMMA’s governing body, actress Ansiba Hassan opened up about the internal conflicts. In a recent interview, she revealed facing communal remarks for opposing a religious institution’s sponsorship. Fearless about her career, Ansiba stated she won’t be silenced and is ready to do any job.

Follow Us