Runway Movie: ‘സാര്‍ ചഞ്ചലിന് എന്ത് ഡ്രസ്സാ വേണ്ടത്’? വന്നത് സ്പിരിറ്റ് ലോറി; ഓര്‍മ പങ്കുവെച്ച് ജോസഫ് നെല്ലിക്കല്‍
Runway Movie Behind Stories: മലയാള സിനിമയിലെ ജനപ്രിയ താരജോഡികളായ ദിലീപും കാവ്യയും മത്സരിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു റൺവേ. ഉദയ് കൃഷ്ണ-സിബി കെ തോമസിന്റെ തിരക്കഥയിൽ ജോഷിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. കലാ സംവിധായകൻ ജോസഫ് നെല്ലിക്കൽ താൻ ആർട്ട് ഡയറക്റ്റ് ചെയ്ത റൺവേ സിനിമയുടെ പിന്നിലെ രസകരമായ കഥകൾ പങ്കുവെച്ചിരിക്കുകയാണ്.
വാളയാർ പരമശിവനും ഉണ്ണി ദാമോദറുമായി ദിലീപെത്തിയ റൺവേ മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളിൽ ഒന്നാണ്. മലയാള സിനിമയിലെ ജനപ്രിയ താരജോഡികളായ ദിലീപും കാവ്യയും മത്സരിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു റൺവേ. ഉദയ് കൃഷ്ണ-സിബി കെ തോമസിന്റെ തിരക്കഥയിൽ ജോഷിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ കലാ സംവിധായകൻ ജോസഫ് നെല്ലിക്കൽ താൻ ആർട്ട് ഡയറക്റ്റ് ചെയ്ത റൺവേ സിനിമയുടെ പിന്നിലെ രസകരമായ കഥകൾ ക്ലബ് എഫ്എമ്മിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
‘ 2004 ലാണ് ചിത്രം റിലീസ് ആകുന്നത്. ആദ്യം വാളയാർ ഷൂട്ട് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ അവിടെ അത് ചിത്രീകരിക്കുക എന്നത് സാധ്യമായിരുന്നില്ല. തമിഴ്നാട്ടിൽ നിന്നുള്ള വണ്ടികൾ ഉൾപ്പെടെ വന്ന് അവിടെ നല്ല തിരക്കുള്ള സ്ഥലമായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന സന്ദർഭമായിരുന്നു അത്. ചിത്രത്തിൻ്റെ പ്രധാനപ്പെട്ട ഭാഗം തന്നെ ചെക്ക്പോസ്റ്റാണ്. പാലക്കാട് തന്നെ മറ്റ് എവിടെയെങ്കിലും അത് ചിത്രീകരിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ തിരിച്ചുവരുന്ന വഴിക്ക് ഒരു ഉൾവിളിപോലെയാണ് അത് ഉണ്ടായത്. കളമശ്ശേരി എത്തിയപ്പോഴേക്കും അവിടെ ഒരു റെയിൽവേസ്റ്റേഷൻ ഉണ്ട്. അത് ശരിക്കും സിമൻ്റുകളും മറ്റും കൊണ്ടുപോകുന്ന യാർഡ് ആണ്. എന്നാൽ ആ സ്ഥലവും റോഡും ഒന്നും കണ്ടേക്കാമെന്ന് മനസ്സിൽ തോന്നുകയായിരുന്നു. അങ്ങനെ ഞങ്ങൾ അവിടെ എത്തി. അവിടെയും ഇരുവശങ്ങളിലുമായി ലോറികൾ കിടപ്പുണ്ട്. കൂടാതെ പാരലൽ ആയിട്ടുള്ള റോഡും. അപ്പോഴാണ് ഇതൊരു വാളയാർ ആക്കാം എന്ന് തോന്നുന്നത്. അങ്ങനെ വാളയാർ കളമശ്ശേരിയിലേക്ക് മാറ്റുന്നതെന്നും’ ജോസഫ് നെല്ലിക്കൽ പറയുന്നു.
ചിത്രത്തിലെ പ്രധാനപ്പെട്ടതും വെല്ലുവിളിയേറിയതുമായ മറ്റൊരു ഭാഗമാണ് സ്പിരിറ്റ് കടത്തുന്നത്. അതും ഐസിൽ സ്പിരിറ്റ് കടത്തുന്നത്. അതിനായി ഐസ് ഉണ്ടാക്കുന്ന സ്ഥലം സന്ദർശിച്ചു. അതിൽ കവറിൽ പച്ചവെള്ളമാണ് സ്പിരിറ്റായ കാണിച്ചത്. എഴുത്തുകാരൻ പറയുന്നത് പോലെ ഇത്ര ഡിഗ്രി ഉണ്ടെങ്കിൽ മാത്രമെ സ്പിരിറ്റ് ഐസായി മാറുകയുള്ളൂ. എന്നാൽ നമ്മുടെ കൈയ്യിലുള്ള പച്ചവെള്ളവും. ചിത്രീകരണത്തിന് വേണ്ടി മാത്രമാണ് ഐസ് ഉണ്ടാക്കിയത്. അതിൻ്റെ ഒരു വശത്തായി ഒരു ദ്വാരം ഉണ്ടാക്കിയിരുന്നു. അങ്ങനെ ഷോട്ടിൻ്റെ സമയത്ത് മാത്രം ഈ കവർ അതിലേക്ക് വയ്ക്കുകയും അല്ലാത്തപ്പോൾ എടുത്ത് മാറ്റുകയും ചെയ്തു. അങ്ങനെയാണ് ആ ഒരു ഭാഗം ചിത്രീകരിച്ചത്.
മറ്റൊരു രസകരമായ കാര്യമാണ് ലോറിയുടെ എൻട്രി. അതിൻ്റെ പേര് ശരിക്കും ചഞ്ചൽ എന്ന് തന്നെയായിരുന്നു. ചിത്രത്തിലെ കോസ്റ്റ്യൂമർ പയ്യൻ ആകെ ടെൻഷൻ ഉള്ളൊരു ആളായിരുന്നു. നാളെ ആരൊക്കെ ഉണ്ടാകുമെന്നറിയാൻ എപ്പോഴും ഡയറക്ടറിനോട് തിരക്കികൊണ്ടിരിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം കൺട്രോളർ എവിടെ നിന്നോ നാളെ ചഞ്ചൽ വരുമെന്ന് പറയുന്നത് കേട്ടു. കോസ്റ്റ്യൂമറാകട്ടെ നടി ചഞ്ചൽ വരുമെന്നാണ് ധരിച്ചത്. അങ്ങനെ അവനാകെ പേടിയായി. ചഞ്ചൽ വരുമെങ്കിൽ അവർക്കുള്ള കോസ്റ്റ്യൂം മറ്റും തയ്യാറാക്കണം ഇത് ആരോട് ചോദിക്കും അങ്ങനെ ആകെ ഒരു ടെൻഷനിൽ ആയിരുന്നു ആൾ. അങ്ങനെ അവൻ നേരിട്ട് ഡയറക്ടറിനോട് തന്നെ ചോദിച്ചു. ചഞ്ചലിന് ഏത് തരം കോസ്റ്റ്യൂമാണ് വേണ്ടതെന്ന്… അപ്പോഷാണ് ചഞ്ചൽ ലോറിയാണെന്നുള്ള വിവരം അവൻ അറിയുന്നത്. അത് ലൊക്കേഷനിലെ രസകരമായൊരു ഓർമ്മയാണ്.