Arun Cherukavil: കാത്തിരിക്കുന്നുണ്ട്, ബഹദൂര്‍ക്കയുടെ കഥാപാത്രം ‘എന്റെ നമ്പറായോ’ എന്ന് ചോദിക്കുന്നതുപോലെ
Arun Cherukavil about his career: ആഗ്രഹങ്ങള്‍ക്കൊത്തുള്ള കഥാപാത്രം വരുമെന്നുള്ള കാത്തിരിപ്പുണ്ട്. അങ്ങനെ കാത്തിരിക്കാന്‍ സ്വയം അനുവദിക്കുന്നതിനാണ് പ്രതിഫലം കിട്ടുന്നത്. ആ പ്രതിഫലം പണം മാത്രമല്ല. ആളുകള്‍ തരുന്ന അംഗീകാരം, സ്‌നേഹം, തിരിച്ചറിവുകള്‍, സന്തോഷം തുടങ്ങിയവ കൂടിയാണ് അതെന്നും താരം
ജയരാജ് സംവിധാനം ചെയ്ത ‘ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമയിലൂടെയാണ് നടന്‍ അരുണ്‍ ചെറുകാവില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമയില്‍ താരം 25 വര്‍ഷം പൂര്‍ത്തിയാക്കി. ഇതിനിടെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങള്‍ ചെയ്തു. ഒടുവില്‍ പുറത്തിറങ്ങിയ റോന്ത് എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോക്കറിലെ ബഹദൂര്‍ക്കയുടെ കഥാപാത്രം ‘എന്റെ നമ്പറായോ’ എന്ന് ചോദിക്കുന്നതുപോലെയുള്ള കാത്തിരിപ്പ് ഒരു അഭിനേതാവിനുണ്ടെന്ന് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ആഗ്രഹങ്ങള്‍ക്കൊത്തുള്ള കഥാപാത്രം വരുമെന്നുള്ള കാത്തിരിപ്പുണ്ട്. അങ്ങനെ കാത്തിരിക്കാന്‍ സ്വയം അനുവദിക്കുന്നതിനാണ് പ്രതിഫലം കിട്ടുന്നത്. ആ പ്രതിഫലം പണം മാത്രമല്ല. ആളുകള്‍ തരുന്ന അംഗീകാരം, സ്‌നേഹം, തിരിച്ചറിവുകള്‍, സന്തോഷം തുടങ്ങിയവ കൂടിയാണ് അതെന്നും താരം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
”സിനിമയില്‍ ജോലി ചെയ്താല്‍ മാത്രം പോര, അതിനെക്കുറിച്ച് സംസാരിക്കുക കൂടി വേണമെന്നുള്ള സാഹചര്യമുണ്ട്. അതില്‍ പങ്കെടുക്കുകയെന്നതാണ്. അത് ആസ്വദിക്കാന്‍ ശ്രമിച്ചുവരികയാണ്. സിനിമ എഴുതണമെന്നും സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ട്. അത് ആദ്യം മുതലുണ്ട്. അത്തരത്തിലുള്ള ശ്രമങ്ങള്‍ ഇപ്പോഴുണ്ട്. സംവിധാനം ഉടനെ ചെയ്യില്ലായിരിക്കാം”-അരുണ്‍ പറഞ്ഞു.
ഫോര്‍ ദ പീപ്പിള്‍ സിനിമയിലെ അനുഭവങ്ങളെക്കുറിച്ചും താരം മനസ് തുറന്നു. പ്രധാന കഥാപാത്രങ്ങള്‍ ചെയ്ത താനടക്കമുള്ള നാലു പേരില്‍ രണ്ടു പേരും ഇപ്പോള്‍ സിനിമയില്‍ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരത് അഭിനയിക്കുന്നുണ്ട്. എല്ലാവരുമായി ഭയങ്കര കോണ്‍ടാക്ടൊന്നുമില്ല. എല്ലാവരും അവരവരുടേതായ തിരക്കുകളിലേക്ക് പോയി. വല്ലപ്പോഴുമൊക്കെ കാണാറുണ്ട്. ആ സിനിമയുടെ റീ റിലീസ് പ്രേക്ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. തനിക്ക് അതിന്റെ ഉത്തരം പറയാന്‍ പറ്റില്ല. സംവിധായകന്‍ ജയരാജ് സാറും, നിര്‍മാതാക്കളുമൊക്കെയാണ് അതിന് ഉത്തരം പറയേണ്ടത്. തനിക്ക് കൃത്യമായി അറിയില്ലെന്നും താരം പറഞ്ഞു.




വിടപറഞ്ഞ സംവിധായകന്‍ സച്ചിയുടെ അനാര്‍ക്കലി എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ചും, അദ്ദേഹത്തിന്റെ വേര്‍പാടിനെക്കുറിച്ചും അഭിമുഖത്തില്‍ അരുണ്‍ സംസാരിച്ചു. പെട്ടെന്ന് വരികയും നമുക്കൊക്കെ ഓര്‍ക്കാന്‍ പറ്റുന്ന നിമിഷങ്ങള്‍ ഉണ്ടാക്കിയിട്ട് പെട്ടെന്ന് അപ്രത്യക്ഷനാവുകയും ചെയ്ത സുഹൃത്താണ് അദ്ദേഹമെന്നും, ഒരാള്‍ വലിയ ഫോമില്‍ നില്‍ക്കുന്ന സമയത്ത് പെട്ടെന്ന് അപ്രത്യക്ഷനാകുന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണെന്നും താരം പറഞ്ഞു.