Asif Ali: മോഹൻലാൽ വിളിച്ചിട്ട് ഫോൺ എടുത്തില്ല, അതിനുശേഷം പല സുഹൃത്തുക്കളേയും തിരിച്ചുകിട്ടി – ആസിഫ് അലി
Asif Ali about Mohanlal: ഞാൻ അത് അഭിമാനത്തോടെ അല്ല പറയുന്നത്. ലാൽ സാറിന്റെ ഫോൺ ഞാൻ എടുക്കാത്തത് അല്ല. എനിക്കത് അറിയില്ലായിരുന്നു.
കൊച്ചി: തന്നെ സംബന്ധിച്ച ആദ്യ വിവാദത്തെപ്പറ്റി മനസ്സു തുറന്ന് നടൻ ആസിഫ് അലി. മോഹൻലാൽ വിളിച്ചിട്ട് ഫോൺ എടുത്തില്ല എന്നതായിരുന്നു ആദ്യത്തെ വിവാദം എന്നും അതിനു ശേഷം നഷ്ടപ്പെട്ട നിരവധി സുഹൃത്തുക്കളെ തിരിച്ചുകിട്ടിയെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ആസിഫ്. സുഹൃത്തുക്കളിൽ പലരും വിളിച്ചാൽ ഫോൺ എടുക്കാത്തതിന്റെ പിണക്കം അവർക്ക് ഉണ്ടായിരുന്നു എന്നും മോഹൻലാലിനെ പോലെ ഒരാൾ വിളിച്ചിട്ട് എടുത്തില്ല എന്ന വിവാദം വന്ന ശേഷം അവർ തിരികെ വിളിച്ചെന്നും ആസിഫ് പറയുന്നു.
ലാൽ സാറിന്റെ കോൾ എടുക്കാത്തത് ഒട്ടും അഭിമാനത്തോടെ അല്ല പറയുന്നത് എന്നും ആസിഫ് കൂട്ടിച്ചേർത്തു. താൻ മനപൂർവ്വം എടുക്കാത്തത് അല്ലെന്നും അത് അറിയില്ലായിരുന്നു എന്നും ആസിഫ് വ്യക്തമാക്കി. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ ഇൻർവ്യൂവിനിടെയാണ് ആസിഫ് ഈ വിഷയത്തിൽ മനസ്സ് തുറന്നത്.
മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളിൽ ഓടുന്ന കിഷ്കിന്ധാ കാണ്ഡമാണ് ആസിഫിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ സംവിധാനം നിർവഹിച്ചത് ദിൻജിത്ത് അയ്യത്താൻ ആണ്. വിജരാഘവൻ, അപർണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജർ രവി, നിഴൽഗൾ രവി നിഷാൻ, ഷെബിൻ ബെൻസൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. തിരക്കഥ എഴുതിയിരിക്കുന്നതും ബാഹുൽ രമേഷാണ്.
126 മിനിറ്റു നീണ്ട ത്രില്ലറാണ് കിഷ്കിന്ധാ കാണ്ഡം. ആദ്യ ദിനം ബോക്സ് ഓഫീസിൽ ഈ ചിത്രം നേടിയത് 45 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാൽ പിന്നീട് മികച്ച അഭിപ്രായം നേടിയതോടെ കിഷ്കിന്ധാ കാണ്ഡം കാണാൻ നിരവധി പേർ തിയറ്ററുകളിൽ എത്തി. റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ ചിത്രത്തിൻ്റെ ആകെ ബോക്സ് ഓഫീസ് കളക്ഷൻ 25 കോടി പിന്നിട്ടെന്നാണ് റിപ്പോർട്ട്. ചിത്രം നിർമിച്ചിരിക്കുന്നത് ഗുഡ്‍വിൽ എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ജോബി ജോർജ് തടത്തിലാണ്.
സൂരജ് ഇ.എസാണ് എഡിറ്റർ. മുജീബ് മജീദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നേരത്തെ സുശിൻ ശ്യാം ഈ ചിത്രത്തിന് സംഗീതം നൽകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിൻ്റെ ആകെ ബജറ്റിൻ്റെ ഇരട്ടിയിൽ അധികം തുകയ്ക്കാണ് ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റു പോയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്.
ആസിഫിന്റെ വാക്കുകൾ ഇങ്ങനെ…
എന്റെ ആദ്യത്തെ കോൺട്രവേഴ്സി ലാൽസാർ വിളിച്ചിട്ട് ഫോൺ എടുത്തില്ല എന്നതായിരുന്നു. അതായിരുന്നു ഇൻഡസ്ട്രിയിൽ വന്നിട്ടുള്ള ആദ്യ കോൺട്രവേഴ്സിയും.അതിനുശേഷം എന്റെ ഒരുപാട് പഴയ സുഹൃത്തുക്കളെ തിരിച്ചുകിട്ടി. കാരണം അവരെല്ലാം ഫോൺവിളിച്ചിട്ട് എടുക്കാത്തതിന്റെ പിണക്കം അവർക്ക് ഉണ്ടായിരുന്നു. അപ്പോഴാണ് ഈ വിഷയം വന്നത്. അപ്പോൾ ഇവരെല്ലാം എന്നെ വിളിച്ചു പറഞ്ഞു..
നീ അദ്ദേഹത്തിന്റെ പോലും ഫോൺ എടുക്കുന്നില്ല അല്ലേ എന്ന്. ഇപ്പോഴും ഞാൻ അത് അഭിമാനത്തോടെ അല്ല പറയുന്നത്. ലാൽ സാറിന്റെ ഫോൺ ഞാൻ എടുക്കാത്തത് അല്ല. എനിക്കത് അറിയില്ലായിരുന്നു.