Asif Ali: ‘എന്നോട് പിണങ്ങുന്ന ഏക വ്യക്തി അവളാണ്; ആറ്റിറ്റ്യൂഡ് കാണിക്കും, ദേഷ്യപ്പെടും’; ആസിഫ് അലി
Asif Ali Shares Sweet Bond with Daughter Haya: മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയെ അടുത്ത് കാണുന്നതും ഇടപഴകുന്നതുമെല്ലാം ഇതാദ്യമാണെന്നും എല്ലാം പുതിയതായാണ് അനുഭവപ്പെടുന്നതെന്നും ആസിഫ് പറയുന്നു.

ആസിഫ് അലി
ഏറെ ആരാധകരുള്ള യുവനടന്മാരിൽ ഒരാളാണ് ആസിഫ് അലി. ആസിഫിന്റെ ഭാര്യ സമയും മക്കളായ ആദമും ഹയയുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. ഇപ്പോഴിതാ, മകൾ ഹയയെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയെ അടുത്ത് കാണുന്നതും ഇടപഴകുന്നതുമെല്ലാം ഇതാദ്യമാണെന്നും എല്ലാം പുതിയതായാണ് അനുഭവപ്പെടുന്നതെന്നും ആസിഫ് പറയുന്നു. മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
വീട്ടിലേക്ക് മടങ്ങി വരാൻ തന്നെ പ്രേരിപ്പിക്കുന്നത് ഹയയാണെന്ന് പറയുകയാണ് ആസിഫ് അലി. താനും അനിയനും ഒന്നിച്ച് തൊടുപുഴയിൽ താമസിക്കുന്ന സമയത്തും തങ്ങളുടെ ജീവിതത്തിൽ അധികം പെൺകുട്ടികൾ ഉണ്ടായിരുന്നില്ല. കസിൻസും സുഹൃത്തുക്കളുമെല്ലാം ആൺകുട്ടികളാണ്. ഹയയുടെ പ്രായത്തിൽ ഉള്ള പെൺകുട്ടികളെ വളർത്തുന്നതൊന്നും താൻ കണ്ടിട്ടില്ലെന്നും ആസിഫ് പറയുന്നു. പെൺകുട്ടികൾക്ക് അച്ഛന്മാരോടാണ് കൂടുതൽ സ്നേഹമെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. മകളും അച്ഛനും തമ്മിൽ ഒരു പ്രത്യേക ബോണ്ട് ഉണ്ടെന്നും, മുൻപ് താൻ അതിനെ കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല എന്നും നടൻ കൂട്ടിച്ചേർത്തു.
ആസിഫ് അലിയുടെ വാക്കുകൾ:
എന്നാൽ, ഇപ്പോൾ ഷൂട്ടിങ്ങിനിടയിൽ ഒരു ദിവസം ഇടവേള കിട്ടിയാൽ ഉടനെ വീട്ടിലേക്ക് വരാനുള്ള ഒരു പ്രധാന കാരണമായി മാറിയിരിക്കുകയാണ് ഹയ എന്ന് ആസിഫ് അലി പറയുന്നു. അവളുടെ കാര്യങ്ങൾ, അവളുടെ കളക്ഷനുകൾ, അവളുടെ ജീവിതരീതി തുടങ്ങിയവ എല്ലാം തന്നെ തനിക്ക് പുതിയതാണ്. അവൾ സ്നേഹിക്കുന്നതും ദേഷ്യപ്പെടുന്നതും പിണങ്ങുന്നതുമെല്ലാം പുതിയതാണ്. തന്റെ വീട്ടിൽ തന്നോട് പിണങ്ങുന്ന ഏക വ്യക്തി ഹയ ആണെന്നും ആസിഫ് പറയുന്നു.
ഹയ പിണങ്ങിയാൽ മിണ്ടാതിരിക്കും. അര ദിവസത്തോളം മിണ്ടില്ല. ആറ്റിറ്റ്യൂഡ് കാണിക്കും, ദേഷ്യപ്പെടും. അതൊക്കെ താൻ പുതുതായി കാണുന്ന കാര്യങ്ങളാണ്. ആ പ്രായത്തിലെ ഒരു പെൺകുട്ടിയെ താൻ കണ്ടിട്ടേയില്ല എന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. 2013 മെയ് 26നാണ് ആസിഫ് അലിയും സമ മസീറും വിവാഹിതരാവുന്നത്. ആദം അലിയാണ് ദമ്പതികളുടെ മൂത്തമകൻ.