5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bhanupriya : ഡയലോഗ് പറയാനാകുന്നില്ല, ചെറിയ കാര്യങ്ങൾ പോലും മറന്നുപോകുന്നു; സിനിമയിൽ നിന്നും മാറി നിൽക്കുന്ന ഭാനുപ്രിയ

Yesteryear Actress Bhanupriya Memory Loss Issue : 2000ത്തോടെ സഹതാര വേഷങ്ങളിലേക്ക് ഭാനുപ്രിയ ഒതുങ്ങി പോകുകയായിരുന്നു. എന്നിരുന്നാലും സിനിമയും തനിക്ക് ഏറ്റവും പ്രിയപ്പെട്ട നൃത്തവും പൂർണ്ണമായും കൈവിടാൻ ഭാനുപ്രിയ തയ്യാറായിരുന്നില്ല.

Bhanupriya : ഡയലോഗ് പറയാനാകുന്നില്ല, ചെറിയ കാര്യങ്ങൾ പോലും മറന്നുപോകുന്നു; സിനിമയിൽ നിന്നും മാറി നിൽക്കുന്ന ഭാനുപ്രിയ
BhanupriyaImage Credit source: Social Media
jenish-thomas
Jenish Thomas | Published: 11 Feb 2025 18:16 PM

അഴകിയ രാവണനിൽ ബോംബയിൽ നിന്നുമെത്തിയ ശങ്കർ ദാസിൻ്റെ സ്നേഹം മനസ്സിലാക്കാത്ത അനുരാധയാണ് മലയാളികൾക്കെന്നും ഭാനുപ്രിയ (Actress Bhanupriya) എന്ന നടി. മലയാളത്തിലെ ഐക്കോണിക് ചിത്രങ്ങളിൽ ഒന്നായ രാജശില്‍പി എന്ന സിനിമയിലൂടെയാണ് അന്ന് തെന്നിന്ത്യൻ താരറാണിയായിരുന്നു ഭാനുപ്രിയ മലയാളത്തിലേക്കെത്തുന്നത്. 80 മുതൽ 90ൻ്റെ അവസാനം വരെ തെന്നിന്ത്യയിൽ നായികയായി നിറഞ്ഞ് നിന്ന് ഭാനുപ്രിയ പിന്നീട് 2000ത്തിന് ശേഷം സഹതാര വേഷങ്ങളിലേക്ക് ഒതുങ്ങി. വിവാഹശേഷവും അഭിനയവും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നൃത്തവും തുടർന്ന് നടി അടുത്തിടെ താൻ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെന്ന് വെളിപ്പെടുത്തിരിക്കുകയാണ്.

ആന്ധ്ര പ്രദേശിൽ ജനിച്ചെങ്കിലും ഭാനുപ്രിയ വളർന്നത് ചെന്നൈയിലായിരുന്നു. നൃത്തത്തോട് അഭിരുചി തോന്നിയ താരത്തെ സിനിമയിലേക്കെത്തിക്കുന്നത് ഭാഗ്യരാജാണ്. എന്നാൽ അന്ന് 15 വയസ് മാത്രമായിരുന്നു ഭാനുവിനെ ഭാഗ്യരാജ് തൻ്റെ ചിത്രത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു. പിന്നീട് മെല്ലേ പേസുങ്കൽ എന്ന സിനിമയിലൂടെയാണ് ഭാനുപ്രിയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഭാനുപ്രിയ എന്ന നായിക നടിയെ എല്ലാവരും ശ്രദ്ധിക്കുന്നത് സിത്താര എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു. ആ ഒരൊറ്റ ചിത്രം കൊണ്ട് ഏകദേശം ഒരു ഡസനോളം ചിത്രങ്ങൾ ഭാനുവിനെ തേടിയെത്തി. തുടർന്ന് തെലുങ്കിൽ താരറാണിയായി ഭാനുപ്രിയ മാറി. ഇതിനിടെ ഹിന്ദിയിലും ഇടയ്ക്ക് തമിഴിലുമായി ഭാനുപ്രിയ തൻ്റെ കരിയർ പടുത്തുയർത്തി.

തെലുങ്കിനൊപ്പം തമിഴും അറിയാവുന്നത് കൊണ്ട് ഇരു ഭാഷകളിലുമായിട്ടാണ് ഭാനുപ്രിയ തൻ്റെ കരിയർ വളർത്തിയെടുത്തത്. ഇടയ്ക്ക് ഹിന്ദിയിലും മറ്റ് ഭാഷകളിലും ഒരു കൈ നോക്കും. നല്ല ആകാര വടിവും നൃത്തത്തിനൊപ്പം തനിയമത്തോടെ അഭിനയം കാഴ്ചവെക്കുന്നതായിരുന്നു ഭാനുവിന് തെലുങ്കിൽ മികച്ച കരിയർ ഉണ്ടാക്കിയെടുക്കാൻ സാധിച്ചത്. അങ്ങനെയിരിക്കെയാണ് 1992ൽ മോഹൻലാൽ ചിത്രമായ രാജശിൽപിയിലൂടെ ഭാനുപ്രിയ മലയാളത്തിലേക്കെത്തുന്നത്. ജയരാജിൻ്റെ ഹൈവേ, മമ്മൂട്ടി ചിത്രം അഴികിയ രാവണൻ തുടങ്ങിയ സിനിമകളിലൂടെയും ഭാനുപ്രിയ മലയാളത്തിൽ ശ്രദ്ധേയയായി. ഈ ചിത്രങ്ങളിൽ ഭാനുപ്രിയ എന്ന നടിയുടെ ഹൈലൈറ്റ് നൃത്തം തന്നെയായിരുന്നു. പിന്നീട് 2000ത്തിൽ എത്തിയ കൊച്ചു കൊച്ചു സന്തോഷങ്ങളിലും നൃത്തം തന്നെയായിരുന്നു നടിയെ കാസ്റ്റ് ചെയ്യാൻ കാരണം.

അങ്ങനെയിരിക്കെയാണ് 1998ൽ അമേരിക്കയിൽ ഡിജിറ്റൽ ഗ്രാഫിക്സ് എഞ്ചിനീയറായ ആദർശ് കൗശലുമായി ഭാനുപ്രിയ വിവാഹിതയാകുന്നത്. അമേരിക്കയിൽ വെച്ച് തന്നെയായിരുന്നു നടിയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം കരാറിൽ ഏർപ്പെട്ട ചിത്രങ്ങൾ മാത്രം പൂർത്തിയാക്കി അമേരിക്കയിൽ ഭാനുപ്രിയ കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങി. എന്നാൽ മകൾ ജനിച്ചതിന് പിന്നാലെ നടി സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. ചെന്നൈയിലേക്ക് മടങ്ങിയെത്തിയ നടി സിനിമയിൽ സജീവമാകുകയും ചെയ്തു. പക്ഷെ പിന്നീട് നടിയെ സഹതാരമായിട്ട് മാത്രമാണ് സ്ക്രീനിൽ കാണാൻ ഇടയായത്. ഇടയ്ക്ക് സീരിയലുകളിലും നടി അഭിനയിക്കുകയും ചെയ്തു. എന്നാൽ ഇത് ഭാനുപ്രിയയുടെ വൈവാഹിക ജീവിതത്തെയാണ് ബാധിച്ചത്. 2005 മുതൽ ഭർത്താവുമായി വേർപിരിഞ്ഞാണ് ഭാനുപ്രിയ കഴിഞ്ഞിരുന്നത്. എന്നാൽ ഇരുവരും അടുത്ത ബന്ധം തുടർന്നിരുന്നയെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ 2018 നടിയുടെ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയ്തു.

ALSO READ : Sindhu Menon : ലോൺ തട്ടിപ്പ്, മരണവാർത്ത, അവസാനം വിദേശത്തേക്കും പോയി; നടി സിന്ധു മേനോൻ ഇപ്പോൾ എവിടെ?

ഭർത്താവിൻ്റെ വിയോഗം ഭാനുപ്രിയയെ മാനസികമായി ഏറെ തളർത്തി. തുടർന്നാണ് തനിക്ക് മറവി രോഗമുണ്ടെന്ന വാസ്തവം തിരിച്ചറിയുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ ചെറിയ ഡയലോഗ് പോലും പറയാൻ മറന്ന് പോകുന്നു, നിസാരമാണെന്ന് കരുതുന്ന കാര്യങ്ങൾ മറന്നുപോകുന്നതും ഭാനുപ്രിയയയെ അലട്ടാൻ തുടങ്ങി. തുടർന്നാണ് തനിക്ക് മറവിരോഗമുണ്ടെന്ന വാസ്തവം നടി മനസ്സിലാക്കുന്നത്. ഇതോടെ സിനിമയിൽ നിന്നും വിട്ടുമാറി നിൽക്കുകയാണെന്ന് നടി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. രണ്ട് വർഷമായി അങ്ങനെ സിനിമകളിൽ ഒന്നും സജീവമല്ല നടി. താൻ ഇപ്പോൾ തൻ്റെ അമ്മയ്ക്കും സഹോദരനുമൊപ്പം ചെന്നൈയിലാണെന്ന് നടി അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.