Actor Murali: മൂന്ന് പേരുടെ മരണങ്ങൾ മുരളിയെ തകർത്തു, അവസാന കാലത്ത് ഡിപ്രഷൻ കടന്നു വന്നു
മുരളിയുടെ മരണത്തെ പറ്റി നേരത്തെയും പല അഭിമുഖങ്ങളിൽ പ്രൊഫസർ അലിയാർ പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് ഒരു മൂന്നാലു മാസം മുമ്പും ഫുൾ ചെക്കപ്പ് മുരളി നടത്തിയതായിരുന്നു അദ്ദേഹം പക്ഷെ അപ്പോഴൊന്നും കാര്യമായ പ്രശ്നങ്ങളില്ലായിരുന്നു
മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ. ആരോഗ്യ വകുപ്പിൽ എൽഡി ക്ലർക്കായി ജോലി തുടങ്ങി പിന്നെ സിനിമയിലേക്ക് എത്തിയ മുരളി എന്ന നടൻ സമ്മാനിച്ചത് എക്കാലത്തും മലയാള സിനിമ നെഞ്ചിലേറ്റിയ നിരവധി വേഷങ്ങളാണ്. 2012-ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവായിരുന്നു മുരളിയുടെ ഏറ്റവും അവസാനത്തെ ചിത്രം. അവസാന കാലത്ത് കടുത്ത മാനസിക വിഷമവും അതിൽ നിന്നും ഡിപ്രഷനും മുരളിയെ പിടികൂടിയിരുന്നത് അടുത്ത സുഹൃത്തുക്കൾ പോലും പറയുന്നു. രോഗ ബാധിതനായി 2009-ൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. മുരളിയെ തകർത്തു കളഞ്ഞത് തൻ്റെ അടുത്ത സുഹൃത്തുക്കളും വഴികാട്ടികളുമായിരുന്ന മൂന്ന് പേരുടെ മരണമായിരുന്നെന്ന് സുഹൃത്തും നടനുമായ പ്രൊഫ.അലിയാർ ഓർമിക്കുന്നു. അമൃതാ ടീവിയുടെ പരിപാടിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്.
പ്രൊഫ.അലിയാറിൻ്റെ വാക്കുകൾ ഇങ്ങനെ
മുരളിയുടെ ജീവിതത്തിലെ അവസാന കാലത്ത് സംഭവിച്ച മൂന്ന് മരണങ്ങൾ മുരളിയെ ഭയങ്കരമായിട്ട് തകർത്തുകളഞ്ഞു. ഒന്ന് നരേന്ദ്രപ്രസാദിന്റെ മരണം 2003-ൽ. നരേന്ദ്രപ്രസാദിന്റെ ബോഡിയുമായി കോഴിക്കോട് മുതൽ മാവേലിക്കരവരെ മുരളി ഒരാളാണ് സഞ്ചരിച്ചത്. ഇടയ്ക്കിടെ എന്നെ വിളിക്കുന്നുണ്ടായിരുന്നു. എനിക്ക് ഇങ്ങനെ കണ്ടുകൊണ്ടിരിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. കൂടെ ആരുമില്ല. രാത്രി മുഴുവൻ ഞങ്ങൾ അവിടെയായിരുന്നു. രണ്ടാമത്തെ മരണം കടമ്മനിട്ടയുടേതായിരിന്നു, പിന്നെ ലോഹിതാദാസു പോയതോടെ പിന്നെ എന്തൊന്നു ജീവിതം? എന്തിന് ജീവിതം എന്ന് പറയുന്ന അങ്ങേയറ്റത്തെ ഒരു ശൂന്യതയിലേക്ക് പോയതുപോലെ തോന്നിയിരുന്നു. ഇങ്ങനെ അവസാന കാലത്ത് ഭയങ്കരമായി ഡിപ്രഷനിലേക്ക് പോവുകയായിരുന്നു അദ്ദേഹം.
മുരളിയുടെ മരണത്തെ പറ്റി നേരത്തെയും പല അഭിമുഖങ്ങളിൽ പ്രൊഫസർ അലിയാർ പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് ഒരു മൂന്നാലു മാസം മുമ്പും ഫുൾ ചെക്കപ്പ് മുരളി നടത്തിയതായിരുന്നു. ഷുഗറിന്റെ പ്രശ്നം ഉണ്ടായിരുന്നു മുരളിക്ക്. മുരളി ആഫ്രിക്കയിലെ ഒരു പടത്തിൽ അഭിനയിക്കാൻ പോയി തിരിച്ച് വന്നപ്പോൾ ഭയങ്കരമായിട്ട് പനിയടിച്ചു. തണുപ്പിന്റെ പാരമ്യത്തിലായിരുന്നു അവിടെ ഷൂട്ടിംഗ്. വീട്ടിലെത്തി പനിയടിച്ചു ഇവിടെ വന്ന് രണ്ടു ദിവസം കിടന്നു.ഡയാബറ്റിക് പേഷ്യന്റ് ആയതുകൊണ്ട് ചെറിയ അറ്റാക്ക് വന്നാലും പെയിൻ അറിയില്ല-അദ്ദേഹം പറഞ്ഞു
ഒരു ദിവസം സന്ധ്യ കഴിഞ്ഞ സമയം മുതൽ ചെറിയ പെയിൻ ഉണ്ടായിരുന്നു. ആ സമയത്തൊക്കെ പിന്നെ നെഞ്ചെരിച്ചിൽ എന്ന് നമ്മൾ സാധാരണ പറയാറുള്ളതുപോലെ എന്തോ ആണെന്ന് വിചാരിച്ചിട്ട് കട്ടൻചായയും ജലൂസിലുമൊക്കെ കഴിച്ച് കഴിച്ച് സമയം പോയി. പക്ഷേ രാത്രി രണ്ടു മണിയോടുകൂടി പിന്നെ കൊളാപ്സ് ചെയ്ത് വീഴുകയായിരുന്നു. അപ്പോൾ ഹാർട്ട് എന്ന് വച്ചാൽ ചിന്നഭിന്നമായെന്നാണ് ഡോക്ടേഴ്സ് പറഞ്ഞത്.നേരെ മരിച്ച് ആ ചെറിയ പെയിൻ വന്നപ്പോഴേ പോയിരുന്നു എങ്കിൽ ഒരു കുഴപ്പവുമില്ലായിരുന്നു. അതാണ് മുരളിയുടെ കാര്യത്തിൽ സംഭവിച്ചത്. അല്ലാതെ വേറെ ഒന്നുംകൊണ്ടും സംഭവിച്ച മരണമല്ലെന്നും അദ്ദേഹം മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.