Bigg Boss Malayalam Season 7: അനുമോൾ വിജയിച്ചതിന് പിന്നിൽ ബിഗ് ബോസിൻ്റെ വമ്പൻ തന്ത്രം; രക്ഷപ്പെട്ടത് അനീഷ് മാത്രം
How Did Anumol Win Bigg Boss: അനുമോൾ ബിഗ് ബോസ് വിജയിച്ചതിന് പിന്നിൽ ബിഗ് ബോസിൻ്റെ തൻ്റെ തന്ത്രമാണ്. അനീഷ് ഒഴികെ ബാക്കിയെല്ലാവരും ഈ തന്ത്രത്തിൽ പെട്ടു.

അനുമോൾ, മോഹൻലാൽ
അനുമോൾ ബിഗ് ബോസ് മലയാളം സീസൺ 7 വിജയി ആയത് പിആറിൻ്റെ പിന്തുണയോടെയാണെന്ന ആരോപണങ്ങളുണ്ട്. എന്നാൽ, പിആറിന് ചെയ്യാൻ കഴിയുന്നതിനപ്പുറം ചില കാര്യങ്ങൾ ഈ സീസണിൽ നടന്നിട്ടുണ്ട്. അതാണ് അനുമോളെ വിജയത്തിലേക്ക് നയിച്ചത്. ബിഗ് ബോസിൻ്റെ വമ്പൻ തന്ത്രവും അനുമോളുടെ വിജയത്തിൽ നിർണായകമായി.
ഗതിമാറ്റിയ ഏഴിൻ്റെ പണി!
ഏഴിൻ്റെ പണി എന്നതായിരുന്നു ഈ സീസണിൻ്റെ ടാഗ് ലൈൻ. വസ്ത്രങ്ങളും മേക്കപ്പും പിടിച്ചുവെക്കാനുള്ള ബിഗ് ബോസിൻ്റെ തീരുമാനം അനുമോൾ കിരീടവിജയി ആകുന്നതിൽ നിർണായകമായി. ഈ തീരുമാനം ഒരുപാട് തവണ ലംഘിച്ചയാളായിരുന്നു ജിസേൽ. അനുമോൾ ആണ് ഈ വിഷയത്തിൽ നിരന്തരം ജിസേലിനെ പിന്തുടർന്നത്. ബിബി ഹൗസിൽ ജിസേലിന് ആ സമയത്ത് വലിയ പിന്തുണ ലഭിച്ചിരുന്നു. അക്ബർ അടക്കമുള്ള വലിയ ഒരു കൂട്ടം ജിസേലിനൊപ്പമുണ്ടായിരുന്നു. അതിൻ്റെ അലയൊലികൾ പുറത്തും പടർന്നു. ഇതോടെ ജിസേലിനെതിരെ രംഗത്തുവന്ന അനുമോൾ ഹൗസിൽ ഒറ്റപ്പെട്ടു.
കരച്ചിൽ
കരച്ചിൽ മോശം കാര്യമല്ല. വികാരങ്ങൾ പ്രകടിപ്പിക്കുന്നതാണ് ആരോഗ്യകരം. ജിസേലിനെതിരായ നിലപാടുകളിൽ അനുമോൾക്ക് ഹൗസിൽ നാല് ഭാഗത്തുനിന്നും വിമർശനങ്ങളേറ്റതോടെ അനുമോൾ പലതവണ കരഞ്ഞു. കരച്ചിൽ കാർഡ് എന്ന് അകത്ത് വിമർശനങ്ങളുണ്ടായെങ്കിലും പുറത്ത് അനുമോളോടുള്ള സഹതാപം വർധിച്ച് അത് വോട്ടായി. ഈ സ്വഭാവം കാരണം ഉറ്റസുഹൃത്തായ ശൈത്യ മറ്റുള്ളവർക്ക് മുന്നിൽ അനുമോളെ താഴ്ത്തി സംസാരിച്ചു. ഇതും നിർണായകമായി.
സദാചാരം
അനുമോൾ ഹൗസിനുള്ളിൽ ചെയ്തുകൂട്ടിയ കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു സദാചാരം. ആര്യൻ- ജിസേൽ പ്രശ്നം, അപ്പാനി ശരത് – ബിൻസി പ്രശ്നം തുടങ്ങി പല കാര്യങ്ങളിലും അനുമോൾ സദാചാരം കണ്ടു. ഹൗസിനുള്ളിലും പുറത്തും ഇത് അനുമോൾക്ക് നെഗറ്റീവായെങ്കിലും ഇത്തരം ചിന്താഗതിയുള്ള ഒരുപാട് പേർ ബിഗ് ബോസ് പ്രേക്ഷകരാണ്. ആര്യൻ- ജിസേൽ പ്രശ്നത്തിൽ ഏഷ്യാനെറ്റിൻ്റെ വിഡിയോയ്ക്ക് വന്ന കമൻ്റുകൾ ഉദാഹരണം.
അനീഷ്
ഇതിനിടയിൽ ഉയർന്നുവന്ന ഒരു ഒറ്റയാനായിരുന്നു അനീഷ്. അനുമോളുമായി പ്രത്യേകിച്ച് ഒരുതരത്തിലുള്ള പ്രശ്നവും ഉണ്ടാക്കാത്ത ഒരാൾ. കോമൺ മാൻ ഇമേജും അത്തരം അവകാശവാദങ്ങളും. അനുമോളോട് എതിർപ്പുള്ളവർ അനീഷിനൊപ്പം കൂടി. അനുമോൾക്ക് സമാന്തരമായി അനീഷ് ഹൗസിൽ ഉയർന്നുവന്നു.
പിആർ
ബിന്നി ഉയർത്തിവിട്ട പിആർ വിവാദമാണ് അനുമോൾക്ക് പിന്നീട് നിർണായകമായത്. അനുമോൾ എന്നല്ല, ബിഗ് ബോസിൽ പോയിട്ടുള്ള 90 ശതമാനം പേർക്കും പിആർ ഉണ്ട്. 15 ലക്ഷമെന്നത് ശരിയായ തുകയായി കരുതാനാവില്ല. ബിന്നി ഹൗസിൽ വച്ച് പറഞ്ഞതും അനുമോൾ ഏഷ്യാനെറ്റിന് നൽകിയതുമായ അഭിമുഖത്തിലെ പൊതുവായ ഒരു സംഖ്യ പിആറിന് അഡ്വാൻസ് നൽകിയ 50,000 രൂപയാണ്. 15 ലക്ഷം രൂപയുടെ പിആറിന് 50,000 രൂപ മാത്രം അഡ്വാൻസ് വാങ്ങുന്നു എന്നത് തന്നെ അവിശ്വസനീയമാണ്. അനീഷിന് പിന്തുണ വർധിച്ചതുപോലെ അനുമോൾക്കുള്ള പിന്തുണയും ഇതോടെ വർധിച്ചു.
റീഎൻട്രി
ഹൗസിലേക്ക് തിരികെവന്നവരിൽ പലരും അനുമോളെ ആക്രമിച്ചു. ഹൗസിനുള്ളിലെ പലരും ഒപ്പം കൂടി. ശൈത്യ ഉയർത്തിയ കട്ടപ്പ ആരോപണം ശരിയല്ലെന്ന് പുറത്ത് ഷോ കണ്ടവർ മനസ്സിലാക്കി. ഇതായിരുന്നു അനുമോൾക്ക് കപ്പ് കിട്ടാനുള്ള അവസാന ആക്ട്. അതായത്, ബിഗ് ബോസിൻ്റെ ഏഴിൻ്റെ പണിയാണ് അനുമോൾക്ക് കപ്പ് കൊടുത്തത്.