Bigg Boss Malayalam Season 7: ബിഗ് ബോസ് ഹൗസിലെ ആദ്യ കരച്ചിൽ അനുമോൾ വക; കാരണം ഷാനവാസിൻ്റെ ആരോപണം
Anumol Becomes The First Contestant To Cry: ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ ആദ്യ കരച്ചിൽ അനുമോൾ വക. ഹൗസിൽ കരയാതെ പിടിച്ചുനിൽക്കുമെന്ന പ്രസ്താവനയാണ് രണ്ടാം ദിവസം തന്നെ അനുമോൾ തെറ്റിച്ചത്.
ബിഗ് ബോസ് ഹൗസിൽ കരയാതെ പിടിച്ചുനിൽക്കുമെന്ന പ്രസ്താവന രണ്ടാം ദിവസം തന്നെ തെറ്റിച്ച് അനുമോൾ. ഷാനവാസിൻ്റെ നുണപ്രചാരണം കാരണമാണ് അനുമോൾ കരഞ്ഞത്. ഡോക്ടർമാരെ അനുമോൾ അവഹേളിച്ചു എന്നായിരുന്നു ഷാനവാസിൻ്റെ ആരോപണം. തമാശയായി തുടങ്ങിയ ആരോപണം സീരിയസായി ഒടുവിൽ അനുമോളിൻ്റെ കരച്ചിലിൽ അവസാനിക്കുകയായിരുന്നു.
കഴുത്തിന് വേദനയുണ്ടെന്ന അപ്പാനി ശരതിൻ്റെ പരാതിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. അതിന് മരുന്ന് വേണ്ട, ആവിപിടിച്ചാൽ മതിയെന്ന് അനുമോൾ പറയുന്നു. പിന്നെ എന്തിനാണ് ഡോക്ടർമാർ കഴുത്ത് വേദനയ്ക്ക് മരുന്ന് എഴുതിക്കൊടുക്കുന്നത് എന്ന ഷാനവാസിൻ്റെ ചോദ്യത്തോട് ‘ഡോക്ടർമാർക്ക് എന്തെങ്കിലും എഴുതിക്കൊടുക്കണ്ടേ’ എന്നായിരുന്നു അനുമോളിൻ്റെ മറുപടി. ഇത് ഷാനവാസ് വിവാദമാക്കി.




അനുമോൾ ഡോക്ടർമാരെ അവഹേളിച്ചു എന്ന് ഷാനവാസ് ആരോപിച്ചു. എന്നാൽ, താൻ അങ്ങനെയല്ല പറഞ്ഞതെന്നായിരുന്നു അനുമോളിൻ്റെ വിശദീകരണം. ഷാനവാസ് വിട്ടില്ല. ഇതിനിടെ അക്ബറും തർക്കത്തിൽ ഇടപെട്ടു. തൻ്റെ ഭാര്യ ഡോക്ടറാണ്, ആരാണ് ഡോക്ടറെ കുറ്റം പറയുന്നത് എന്ന് ചോദിച്ചുകൊണ്ടായിരുന്നു അക്ബർ വന്നത്. ഇതിനിടെ കേരളത്തിലെ ഡോക്ടർമാരെ അനുമോൾ കുറ്റപ്പെടുത്തിയെന്ന് അപ്പാനി ശരതും ആരോപിച്ചു. ഡോ. ബിന്നിയെ വിളിച്ച് ഷാനവാസ് ഇക്കാര്യം പറഞ്ഞു. ഇതോടെ ബിന്നിയും വിഷയത്തിൽ ഇടപെട്ടു.
പൈസ കിട്ടാൻ വേണ്ടിയാണ് ഡോക്ടർമാർ മരുന്ന് എഴുതിക്കൊടുക്കുന്നതെന്ന് അനുമോൾ പറഞ്ഞു എന്നായിരുന്നു ഷാനവാസിൻ്റെ ആരോപണം. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അനുമോൾ പലതവണ പറഞ്ഞു. തന്നെ കരയിപ്പിക്കരുത്. തൊട്ടതിനും പിടിച്ചതിനും ബിഗ് ബോസ് മരുന്ന് നൽകില്ല എന്നാണ് താൻ പറഞ്ഞതെന്നും അനുമോൾ പറഞ്ഞു. ഇതോടെ ഷാനവാസ് അനുമോളെ കള്ളി എന്ന് വിളിച്ചു. ഇതോടെ അനുമോൾ കരഞ്ഞുകൊണ്ട് പുറത്തേക്ക് പോവുകയായിരുന്നു. ബിഗ് ബോസ് ഹൗസിൽ വച്ച് കരയരുതെന്ന് പറഞ്ഞത് ഇപ്പോൾ പൊളിഞ്ഞു എന്ന് ഷാനവാസ് പറഞ്ഞു. പിന്നാലെ മറ്റ് ഹൗസ്മേറ്റ്സ് അനുമോളിൻ്റെ അടുത്തെത്തി സമാധാനിപ്പിക്കുകയും ഷാനവാസിനെ കുറ്റപ്പെടുത്തുകയും ചെയ്തു.