Bigg Boss Malayalam Season 7: ക്യാഷ് പ്രൈസും കാറും ലഭിക്കുക ജേതാവിന് മാത്രം; ടോപ്പ് ഫൈവിലെത്തിയാൽ മറ്റുള്ളവർക്ക് എന്താണ് നേട്ടം?
Benefits For Final Five Contestants: ക്യാഷ് പ്രൈസും കാറും ജേതാവിന് മാത്രമാണ് ലഭിക്കുക. അതേസമയം, ഫൈനൽ ഫൈവിലെത്തുന്ന മത്സരാർത്ഥികൾക്ക് എന്താണ് നേട്ടം?
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കുകയാണ്. ഈ മാസം 9നാണ് ഫിനാലെ. ബിഗ് ബോസിൽ വിജയിക്കുന്നയാൾക്ക് 50 ലക്ഷം രൂപയും കാറുമാണ് സമ്മാനമായി ലഭിക്കുക. റണ്ണേഴ്സ് അപ്പ് മുതൽ ഫൈനൽ ഫൈവിലെ മറ്റാർക്കും ക്യാഷ് പ്രൈസോ മറ്റ് സമ്മാനങ്ങളോ ഇല്ല. പിന്നെ എന്താണ് ടോപ്പ് ഫൈവിലെ മറ്റ് മത്സരാർത്ഥികൾക്കുള്ള നേട്ടം?
ബ്രാൻഡ് വാല്യു
ടോപ്പ് ഫൈവിലെത്തിയാൽ തരുന്ന എക്സ്പോഷർ തന്നെയാണ് വലിയ കാര്യം. ഫിനാലെയിൽ മോഹൻലാലിനൊപ്പം വേദി പങ്കിടാൻ ഈ അഞ്ച് പേർക്കും അവസരം ലഭിക്കും. ലക്ഷക്കണക്കിന് ആളുകൾ തത്സമയം കാണുന്നതാണ് ബിഗ് ബോസ് ഫിനാലെ. ഇങ്ങനെ ഒരു വേദിയിൽ മോഹൻലാലിനൊപ്പം പങ്കെടുക്കുക എന്നത് പങ്കെടുക്കുന്നവരുടെ ബ്രാൻഡ് വാല്യു വർധിപ്പിക്കും.
അവസരങ്ങൾ
ഫിനാലെയിൽ എത്തുന്നവരെത്തേടി പല അവസരങ്ങൾ വരാറുണ്ട്. ഫിനാലെ വേദിയിൽ വച്ച് തന്നെ അത്തരം പ്രഖ്യാപനങ്ങൾ നടക്കാറുമുണ്ട്. ആറാം സീസൺ റണ്ണർ അപ്പായ അർജുൻ ശ്യാം ഗോപന് സംവിധായകൻ ജീത്തു ജോസഫ് സിനിമാവേഷം വാഗ്ദാനം ചെയ്തിരുന്നു. ഫിനാലെ വേദിയിൽ വച്ചായിരുന്നു പ്രഖ്യാപനം. താരം ഈ വർഷം പുറത്തിറങ്ങിയ മിറാഷ് എന്ന ആസിഫ് അലി ചിത്രത്തിൽ താരം അഭിനയിക്കുകയും ചെയ്തു.
ശമ്പളം
ടോപ്പ് ഫൈവിൽ എത്തുന്നവർക്ക് 100 ദിവസത്തെ ശമ്പളവും ലഭിക്കും. ദിവസനിരക്കിലാണ് ബിഗ് ബോസിൽ ശമ്പളം ലഭിക്കുക. ഉദാഹരണത്തിന്, നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം അനുമോളുടെ ദിവസശമ്പളം 50,000 രൂപയാണ്. അതായത് നൂറ് ദിവസം നിൽക്കുമ്പോൾ അനുമോൾക്ക് ശമ്പളമായി മാത്രം 50 ലക്ഷം രൂപ പഭിക്കും. അതായത്, ബിഗ് ബോസ് മത്സരവിജയിക്ക് ലഭിക്കുന്ന അതേ തുക!