Renu Sudhi: തുടക്കം 2000 രൂപ ശമ്പളം, 500 രൂപ വരെ കടം ചോദിച്ചു; ബിഗ് ബോസ് വഴിത്തിരിവായി; ഇന്ന് രേണു സുധിയുടെ ജീവിതം ഇങ്ങനെ
Renu Sudhi Inspiring Journey: അഭിമുഖങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട രേണു ഇതിനോടകം മൂന്ന് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.
മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മരണശേഷമാണ് ഭാര്യയായ രേണു സുധിയെക്കുറിച്ച് മലയാളികൾ കേട്ട് തുടങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ റീൽസുകൾ ചെയ്തു തുടങ്ങിയ രേണുവിനെ തേടി തുടക്കത്തിൽ വ്യാപക വിമർശനമാണ് എത്തിയത്. വീട്ടുകാർക്ക് പോലും ഇത് ഇഷ്ടമല്ലെന്നും ഇത്തരം കാര്യങ്ങൾ നിർത്തണമെന്നും പലരും ഉപദേശിച്ചു. എന്നാൽ ഇതൊക്കെ മറികടന്ന് ഇന്ന് തന്റെതായ സ്ഥാനം നേടിയെടുക്കാൻ രേണുവിന് സാധിച്ചിട്ടുണ്ട്.
ഒരു സാധാരണ വീട്ടമ്മയിൽ നിന്നും താരപദവിയിലേക്കുള്ള രേണുവിന്റെ യാത്ര വെല്ലുവിളികളും പരിഹാസങ്ങളും നിറഞ്ഞതായിരുന്നു. പലരും രേണുവിന്റെ വളർച്ച കണ്ട് അമ്പരന്നിരിക്കുകയാണ്. താരത്തിന്റെ വിജയഗാഥ ഇന്ന് പലർക്കും പ്രചോദനമാണ്.
കൊല്ലം സുധിയുടെ മരണശേഷം രണ്ട് മക്കളെയും സംരക്ഷിക്കാനായി ഇറങ്ങിയ രേണുവിന് വെറും 2000 രൂപയിൽ നിന്നാണ് കരിയർ ആരംഭിച്ചത്. 500 രൂപ വരെ കടം ചോദിച്ചിരുന്ന അവസ്ഥ തനിക്ക് ഉണ്ടായിരുന്നുവെന്നും രേണു പറഞ്ഞിരുന്നു. എന്നാൽ ഇന്ന് കോടികളൊന്നും സമ്പാദ്യമില്ലെങ്കിലും കടം വാങ്ങേണ്ട അവസ്ഥയില്ലെന്നും ഒരു പെൺകുട്ടി മാനേജറായി കൂടെയുണ്ടെന്നും കാര്യങ്ങളെല്ലാം അവളാണ് നോക്കുന്നതെന്നും രേണു പറഞ്ഞു.
ഇതിനിടെയിൽ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരാർത്ഥിയായി രേണു എത്തി. എന്നാൽ 35-ാം ദിവസം ഷോയിൽ നിന്ന് സ്വയം ഇറങ്ങി വരുകയായിരുന്നു. ഇതിനു ശേഷം നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്. വിദേശ രാജ്യങ്ങളിലടക്കം ഉദ്ഘാടനങ്ങളിൽ അതിഥിയായി രേണു എത്തി.അഭിമുഖങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട രേണു ഇതിനോടകം മൂന്ന് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. അടുത്തിടെ സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് ഒരു പുതിയ സ്വിഫ്റ്റ് കാർ രേണു സ്വന്തമാക്കിയിരുന്നു.