Bigg Boss Malayalam Season 7: ഹൈക്കോടതി എവിടെയാണെന്ന് ബിന്നി; ഇവരാണോ ഡോക്ടർ എന്ന് സോഷ്യൽ മീഡിയ
Dr Binny And Shaitya Santhosh Controversy: ബിഗ് ബോസ് ഷോയ്ക്കിടെ ഹൈക്കോടതി എവിടെയാണെന്ന് ചോദിച്ച ബിന്നിയെ വിമർശിച്ച് സോഷ്യൽ മീഡിയ. ശൈത്യ സന്തോഷും ജോസഫീൻ ബിന്നിയും തമ്മിലായിരുന്നു ചർച്ച.
ബിഗ് ബോസ് മലയാളം സീസണിലെ ആദ്യ ദിവസം തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ച. ഷോയിലെ രണ്ട് മത്സരാർത്ഥികൾ തമ്മിലുള്ള സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. നടിയും അഭിഭാഷകയുമായ ശൈത്യ സന്തോഷും ഡോക്ടറും അഭിനേത്രിയുമായ ജോസഫീൻ ബിന്നിയും തമ്മിലായിരുന്നു ചർച്ച.
ബിഗ് ബോസ് വീട്ടിലെത്തിയ ശൈത്യ സ്വയം പരിചയപ്പെടുത്തുകയായിരുന്നു. താൻ വക്കീലാണെന്ന് പറയുമ്പോൾ ‘ഇപ്പോൾ ജോലി ചെയ്യുന്നുണ്ടോ’ എന്ന് ബിന്നി തിരികെ ചോദിക്കുന്നു. ജോലി ചെയ്യുന്നുണ്ടെന്നും ഹൈക്കോടതിയിലാണ് പ്രാക്ടീസ് ചെയ്യുന്നതെന്നും ശൈത്യ മറുപടി പറയുന്നു. തുടർന്ന് ബിന്നി ‘എവിടെയാണ് ഹൈക്കോടതി’ എന്ന് ചോദിക്കുന്നുണ്ട്. ഇതിന് ‘എറണാകുളം’ എന്ന് ശൈത്യ മറുപടി നൽകുന്നു.




ഡോക്ടറായ ബിന്നിയ്ക്ക് ഹൈക്കോടതി എവിടെയാണെന്ന് അറിയില്ലേ എന്ന് ഒരു കൂട്ടർ ചോദിക്കുന്നു. എന്നാൽ, ഇന്ത്യയിൽ വേറെയും ഹൈക്കോടതികൾ ഉണ്ടല്ലോ, അതാവാം ബിന്നി ഉദ്ദേശിച്ചത് എന്നാണ് മറ്റ് ചിലരുടെ വാദം. എന്തായാലും ബിന്നിയുടെ ചോദ്യത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുകയാണ്.
ഏറെ പ്രത്യേകതകളാണ് ഇക്കൊല്ലത്തെ ബിഗ് ബോസിലുള്ളത്. 20 പേരാണ് മത്സരരംഗത്തുള്ളത്. കോമണറായ അനീഷ് ടിഎ, നടി അനുമോൾ, നടനും മോഡലുമായ ആര്യൻ, നടിയും ഗായികയുമായ കലാഭവൻ സരിഗ, ഗായകൻ അക്ബർ ഖാൻ, റേഡിയോ ജോക്കി ബിൻസി, ഫൂഡ് വ്ലോഗർ ഒനീൽ സാബു, നടൻ അഭിലാസ്, കോണ്ടൻ്റ് ക്രിയേറ്റർ റെന ഫാത്തിമ, നടൻ മുൻഷി രഞ്ജിത്, നടിയും മോഡലുമായ ഗിസേൽ തക്രാൽ, അവതാരക ശാരിക, നടൻ ഷാനവാസ്, ഫാഷൻ കൊറിയോഗ്രാഫർ നെവിൻ കാപ്രേഷ്യസ്, ലെസ്ബിയൻ ദമ്പതിമാരായ ആദില -നൂറ, സോഷ്യൽ മീഡിയ താരം രേണു സുധി, നടൻ അപ്പാനി ശരത് എന്നിവരാണ് സീസണിലെ മറ്റ് അഭിനേതാക്കൾ. ഓഗസ്റ്റ് മൂന്നിനാണ് സീസണിൻ്റെ ഗ്രാൻഡ് ലോഞ്ച് നടന്നത്.