Binu Pappu: ‘ഒരു സീനെടുത്ത ശേഷമാണ് ഞാന്‍ പപ്പുവിന്റെ മകനാണെന്ന് രാജുവേട്ടനോട് പറയുന്നത്’: ബിനു പപ്പു
Binu Pappu About Maniyanpilla Raju: നടൻ മണിയൻപിള്ള രാജുവിനോട് താൻ കുതിരവട്ടം പപ്പുവിന്റെ മകനാണെന്ന് പറഞ്ഞ നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു.
മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനും സംവിധായകനുമാണ് ബിനു പപ്പു. നടൻ കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014ൽ സലിം ബാബ സംവിധാനം ചെയ്ത ‘ഗുണ്ട’ എന്ന സിനിമയിലൂടെയാണ് ബിനു പപ്പു അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് ‘ഹെലൻ’, ‘വൺ’, ‘ഓപ്പറേഷൻ ജാവ’, ‘ഭീമന്റെ വഴി’, ‘ലൂസിഫർ’, ‘തല്ലുമാല’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. കൂടാതെ, ‘ഗപ്പി’, ‘മായാനദി’, ‘അമ്പിളി’, ‘തല്ലുമാല’, ‘പുഴു’, ‘സൗദി വെള്ളക്ക’, ‘തുടരും’ എന്നീ ചിത്രങ്ങളിൽ അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ഇപ്പോഴിതാ നടൻ മണിയൻപിള്ള രാജുവിനോട് താൻ കുതിരവട്ടം പപ്പുവിന്റെ മകനാണെന്ന് പറഞ്ഞ നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു. ‘സഖാവ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഒരു സീൻ അഭിനയിച്ച് കഴിഞ്ഞ ശേഷമാണ് താൻ കുതിരവട്ടം പപ്പുവിന്റെ മകനാണെന്ന കാര്യം മണിയൻപിള്ള രാജുവിനോട് പറഞ്ഞതെന്ന് ബിനു പപ്പു പറയുന്നു. സില്ലിമോങ്ക്‌സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
“സഖാവ് എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് മണിയൻപിള്ള രാജു ചേട്ടനും അവിടെ ഉണ്ടായിരുന്നു. ഒരു സീൻ എടുത്ത് കഴിഞ്ഞതിന് ശേഷമാണ് ഞാൻ കുതിരവട്ടം പപ്പുവിന്റെ മകനാണ് എന്ന് അദ്ദേഹത്തോട് പറയുന്നത്. ‘താൻ എന്താടോ അത് നേരത്തെ പറയാതിരുന്നത്’ എന്നായിരുന്നു അദ്ദേഹം എന്നോടപ്പോൾ ചോദിച്ചത്. ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചതേയുള്ളൂ. അദ്ദേഹം എന്നെ കെട്ടിപിടിച്ച് വീണ്ടും ചോദിച്ചു ‘താൻ പറയാതിരുന്നത് എന്തിനാണ്. ഞാൻ തന്നെ വളരെ ചെറുപ്പത്തിൽ കണ്ടതല്ലേ’യെന്ന്.
അവരെയൊന്നും ശല്യപ്പെടുത്തണമെന്ന് എനിക്ക് ഉണ്ടായിരുന്നില്ല. വെറുതെ നേരെ ചെന്ന് ‘ഞാൻ ഈ ആളുടെ മകനാണ്’ എന്ന് പറയാൻ കഴിയില്ലലോ. അതല്ലല്ലോ ശരിക്കും ചെയ്യേണ്ടത്. അതുകൊണ്ട് തന്നെയാണ് ഞാൻ പലപ്പോഴും മാറി നിൽക്കുന്നത്. പക്ഷെ ഞാൻ അങ്ങനെ ചെയ്യുന്നതിൽ അവർക്കൊക്കെ വളരെ വിഷമമാണ്.
നമ്മൾ പറഞ്ഞില്ലല്ലോ എന്ന ചിന്തയാണ് അവർക്ക്. പിന്നീട് ചിന്തിച്ചപ്പോഴാണ് എനിക്കും അത് മനസിലായത്. ശരിക്കും ഞാൻ അവരോട് പോയി കാര്യം പറയണമായിരുന്നു. കാരണം അവരൊക്കെ അച്ഛന്റെ സുഹൃത്തുക്കളാണ്. അവരൊക്കെ തമ്മിൽ ഒരുപാട് വർഷത്തെ പരിചയമാണ്. ഒരുപാട് സിനിമകളിൽ ഒരുമിച്ച് വർക്ക് ചെയ്തവരാണ്. അവർ കൊളീക്‌സാണ്, കൂട്ടുക്കാരാണ്” ബിനു പപ്പു പറഞ്ഞു.