Gopi Sundar: പെണ്ണ് പിടിയനെന്ന് സെെബർ പോരാളി; സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കെന്ന് ഗോപി സുന്ദർ
Gopi Sundar Cyber Bullying: തുടർച്ചയായി സെെബറാക്രമണം നേരിടുന്ന വ്യക്തിയാണ് ഗോപി സുന്ദർ. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പലപ്പോഴും സൈബറിടത്ത് അധിക്ഷേപങ്ങളെ നേരിടാറുണ്ട്.

സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ ചെയ്യുന്ന കമന്റുമായെത്തിയ സെെബർ പോരാളിയ്ക്ക് ഉരുളയ്ക്ക് ഉപ്പേരിയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. ഫേസ്ബുക്കിൽ ‘പെണ്ണ് പിടിയൻ’ എന്ന അധിക്ഷേപ കമന്റുമായെത്തിയ മണ്ണിക്കുട്ടൻ മണികണ്ഠൻ എന്ന അക്കൗണ്ട് ഉടമയ്ക്കാണ് ഗോപി സുന്ദർ മറുപടി നൽകിയത്. സ്ത്രീകളെ ആദരിക്കാൻ പഠിക്കൂ എന്ന പറഞ്ഞ ഗോപി സുന്ദർ, ഫേസ്ബുക്കിൽ സ്ക്രീൻ ഷോട്ടും പങ്കുവച്ചിട്ടുണ്ട്. മണിമണ്ടൻമാരെ ഇതിലെ.. ഇതാണ് നിങ്ങളുടെ സ്ഥലം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
‘നിനക്ക് പിടിക്കാൻ മാത്രമേ അറിയൂ എന്ന് മനസിലായി. പെണ്ണുങ്ങളെ റെസ്പക്ട് ചെയ്യാൻ പഠിക്കൂ. പിന്നെ ഈ പെണ്ണുങ്ങൾ മണി മണ്ടൻ വിചാരിക്കുന്നത് പോലെ പിടിക്കാനോ വളക്കാനോ ഒടിക്കാനോ കഴിയുന്ന ഒരു വസ്തു അല്ല. ജീവനുള്ള ഒരു മനുഷ്യന് ജന്മം നൽകാൻ കഴിവുള്ള ആ പുണ്യ ജന്മത്തെ നിനക്ക് ഒരു പിടി ആയി മാത്രം കാണാനാണ് കഴിയുന്നതിൽ എനിക്കു അത്ഭുതമില്ല എന്റെ മണി മണ്ടാ’ എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി.
തുടർച്ചയായി സെെബറാക്രമണം നേരിടുന്ന വ്യക്തിയാണ് ഗോപി സുന്ദർ. സ്ത്രീകൾക്ക് ഒപ്പമുള്ള ചിത്രങ്ങൾക്ക് താഴെയായിരുന്നു ഭൂരിഭാഗം കമന്റുകളും. സാധാരണയായി കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഗോപി സുന്ദർ പങ്കുവയ്ക്കാറില്ല. പതിവിന് വിപരീതമായി അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമുള്ള ചിത്രം ഗോപി സുന്ദർ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. എന്റെ അമ്മാമ്മ, അമ്മ എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിന് നൽകിയിരുന്നത്. സെെബർ അധിക്ഷേപം നടത്തുന്നവർക്കുള്ള മുന്നറിയിപ്പായ മോശം കമന്റിടുന്നവർ അഞ്ച് മണിക്കൂറിനുള്ളിൽ സെെബർ സെല്ലിന്റെ പിടിയിലാകുമെന്നും ഗോപി സുന്ദർ കമന്റായി കുറിച്ചിരുന്നു.
അടിയ്ക്കാൻ കൊതിയുള്ള ഫസ്ട്രേറ്റാഡായിട്ടുള്ള കമന്റോളികൾ ഇവിടെ അടിച്ചാൽ ഈ കൊതുകെങ്കിലും ചാവും. അങ്ങനെയെങ്കിലും ഫസ്ട്രേഷൻ തീരട്ടെ എന്ന കുറിപ്പും കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം തന്റെ വളർത്തുനായയ്ക്ക് ഒപ്പമുള്ള ചിത്രത്തോടൊപ്പം രസകരമായ കുറിപ്പും ഗോപി സുന്ദർ പങ്കുവച്ചിരുന്നു. ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികൾക്കും നന്ദി എന്നാണ് അദ്ദേഹം കുറിച്ചത്. ചിത്രത്തിന് താഴെ ബെെ ദുബായ് കൂടെയുള്ളത് പുതിയ ആളാണോ എന്ന് ചോദിച്ച വ്യക്തിയ്ക്ക്, അതേ താങ്കളുടെ ബന്ധുവാണെന്ന മറുപടിയും നൽകി.