Dhyan Sreenivasan : കള്ളപ്പണം വെളുപ്പിക്കൽ സ്റ്റാർ! വാർത്തസമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് ധ്യാൻ ശ്രീനിവാസൻ
Dhyan Sreenivasan Online Media Issue : ആപ്പ് കയ്സേ ഹോ എന്ന സിനിമയുടെ പ്രചാരണാർഥം നടന്ന വാർത്തസമ്മേളനത്തിലാണ് ധ്യാൻ ശ്രീനിവാസൻ ഓൺലൈൻ മാധ്യമപ്രവർത്തകനോട് കയർത്തത്. ധ്യാൻ ശ്രീനിവാസനെ വെച്ച് സിനിമയെടുക്കുന്ന കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയാണോയെന്നാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്.
സിനിമയുടെ പ്രൊമോഷനോട് അനുബന്ധിച്ചുള്ള വാർത്തസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനോട് പൊട്ടിത്തെറിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. ധ്യാൻ പ്രധാന കഥാപാത്രമായി എത്തുന്ന ആപ്പ് കയ്സേ ഹോ എന്ന സിനിമയുടെ പ്രചാരണത്തിൻ്റെ ഭാഗമായി നടന്ന വാർത്തസമ്മേളനത്തിലാണ് ചോദിച്ച ചോദ്യം ഇഷ്ടപ്പെടാത്തതിന് ഓൺലൈൻ മാധ്യമ പ്രവർത്തകനോട് ക്ഷുഭിതനായത്. ധ്യാനിനെ കള്ളപ്പണം വെളുപ്പിക്കൽ സ്റ്റാർ എന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്, കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയാണോ ധ്യാൻ ശ്രീനിവാസനെ നായകനാക്കി പടമെടുക്കുന്നതെന്നാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്. എന്നാൽ ഈ ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെ നടൻ മാധ്യമപ്രവർത്തകനോട് ക്ഷുഭിതനാകുകയായിരുന്നു.
“യുട്യൂബിൻ്റെ താഴെ വരുന്ന കമിൻ്റിൻ്റെ അടിസ്ഥാനത്തിലാണോ ചോദ്യങ്ങൾ ചോദിക്കുന്നത്. എന്തിൻ്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കുന്ന കാര്യം ചോദിച്ചത്. തനിക്ക് എന്തേലും തെളിവ് കാണിക്കാനുണ്ടോ?” എന്ന പറഞ്ഞാണ് ധ്യാൻ കയർത്തത്. ആദ്യം തമാശ രൂപേണ മാധ്യമപ്രവർത്തകന് മറുപടി നൽകിയെങ്കിലും പിന്നീട് അത് വാഗ്വാദങ്ങളിലേക്ക് നയിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രമേഷ് പിഷാരടിയും സിനിമയുടെ നിർമാതാവും ഇടപ്പെട്ട് പ്രശ്നം തീർപ്പാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
“സന്ദർഭോചിതമായി കാര്യങ്ങൾ കൈകാര്യം ചെയ്യണം. അല്ലാതെ സന്ദർഭം മനസ്സിലാക്കാതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിക്കരുത്. അതും ഒരു പൊതതലത്തിൽ ചോദിക്കാനും പാടില്ല. ദയവായി ആൾക്കാരെ വെറുപ്പിക്കാതെ ഇരിക്കാൻ ശ്രമിക്കണം. വെറുപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കാതെയിരിക്കണം” ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.