Dileesh Pothan: മലയാള സിനിമയ്ക്ക് ഒടിടിയിൽ ഉയർന്ന തുക കിട്ടാത്തതിന് കാരണം പൈറസി; ഏറ്റവുമധികം പേർ കേരളത്തിലെന്ന് പഠനം: ദിലീഷ് പോത്തൻ
Dileesh Pothan then Says About Piracy: മലയാള സിനിമയ്ക്ക് ഒടിടിയിൽ ഉയർന്ന തുക ലഭിക്കാത്തതിന് കാരണം പൈറസിയെന്ന് ദിലീഷ് പോത്തൻ. രാജ്യത്ത് പൈറേറ്റഡ് ഉള്ളടക്കങ്ങൾ ഏറ്റവുമധികം കാണുന്നത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയ്ക്ക് ഒടിടിയിൽ ഉയർന്ന തുക ലഭിക്കാത്തതിന് കാരണം പൈറസിയെന്ന് സംവിധായകനും നടനും നിർമ്മാതാവുമായ ദിലീഷ് പോത്തൻ. ഇന്ത്യയിൽ ഏറ്റവുമധികം പൈറേറ്റഡ് സിനിമ കാണുന്ന പ്രേക്ഷകർ ഉള്ളത് കേരളത്തിലാണെന്നും ദിലീഷ് പോത്തൻ പറഞ്ഞു. ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന തൻ്റെ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ദിലീഷ് പോത്തൻ്റെ പ്രതികരണം.
“കഴിഞ്ഞ ദിവസം ബോംബെയിൽ നിന്നുള്ള ഒരു സ്റ്റഡി പറയുന്നത് ഏറ്റവും കൂടുതൽ ടെലഗ്രാം ഉപയോഗിക്കുന്ന ഇൻഡസ്ട്രി കേരളമാണെന്നതാണ്. ഏറ്റവും കൂടുതൽ പൈറസി കാണുന്ന കാണുന്ന ഓഡിയൻസുള്ളത് കേരളത്തിലാണെന്നാണ് ബോംബെയിൽ നിന്നുള്ള ഒരു സ്റ്റഡി കണക്ക് പറയുന്നത്. അത് നമുക്കാരോടും ഫൈറ്റ് ചെയ്ത് തോല്പിക്കാനൊന്നും പറ്റില്ല. സ്വയം എടുക്കേണ്ട തീരുമാനമാണ്. ഒടിടി പ്രൈസ് ഡൗൺ ആകുന്നതിൻ്റെ പ്രധാന കാരണമായി അവർ ആരോപിക്കുന്നത് പൈറസിയാണ്. ഇതിനെ നിയമപരമായി നിയന്ത്രിക്കുന്നതിന് പരിമിതികളുണ്ട്. എന്നാലും എല്ലാവരും ഒരുമിച്ച് എഫർട്ട് എടുത്തുകഴിഞ്ഞാൽ ചില സൈറ്റുകളൊക്കെ നിരോധിക്കാൻ പറ്റും. എന്നാലും അത് നിയന്ത്രിക്കുന്നതിന് ഒരു പരിധിയുണ്ട്. ഓരോ വ്യക്തിയും ക്വാളിറ്റിയുള്ളവരായി മാറുക എന്നതായിരിക്കും നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം.”- ദിലീഷ് പോത്തൻ പ്രതികരിച്ചു.




മലയാള സിനിമകൾക്ക് ഒടിടി പ്ലാറ്റ്ഫോമുകൾ ഉയർന്ന തുക നൽകാറില്ലെന്ന് നിർമ്മാതാക്കൾ തന്നെ വ്യക്തമാക്കിയിരുന്നു. വളരെ കുറഞ്ഞ തുകയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ നൽകുന്നതെന്നും അത് വലിയ പ്രതിസന്ധിയാണെന്നും നിർമ്മാതാക്കൾ അറിയിച്ചു. കൊവിഡ് ബാധയുടെ സമയത്താണ് മലയാള സിനിമകൾ ഒടിടിയിൽ പ്രചരിച്ചുതുടങ്ങിയത്. ആ സമയത്ത് സിനിമകൾക്ക് ഉയർന്നവില ലഭിച്ചിരുന്നു. എന്നാൽ, മലയാള സിനിമ രാജ്യമെങ്ങും മികച്ച അഭിപ്രായം നേടുന്ന ഈ സമയത്ത് വില ഗണ്യമായി കുറഞ്ഞെന്നും നിർമ്മാതാക്കൾ ആരോപിച്ചു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ദിലീഷ് പോത്തൻ്റെ പ്രതികരണം.
നവാഗതനായ ശരത് ചന്ദ്രൻ ആർജെ സംവിധാനം ചെയ്ത സിനിമയാണ് ഔസേപ്പിൻ്റെ ഒസ്യത്ത്. ഫസൽ ഹസൻ തിരക്കഥയൊരുക്കിയ സിനിമയിൽ വിജയരാഘവൻ, കലാഭവൻ ഷാജോൺ തുടങ്ങിയവരും അഭിനയിക്കുന്നു. ഈ മാസം ഏഴിനാണ് സിനിമ തീയറ്ററുകളിലെത്തിയത്.