N Lingusamy: ‘തമന്ന സിനിമയോട് സഹകരിച്ചു, നയന്‍താര ആയിരുന്നെങ്കിൽ എല്ലാ സീനിലും കാരവന്‍ കൊണ്ടുപോകേണ്ടി വന്നേനെ’: ലിംഗുസാമി
N Lingusamy Reveals About Paiyaa Movie: കാര്‍ത്തിയെ നായകനാക്കി ലിംഗുസാമി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് 'പയ്യാ'. ഇപ്പോഴിതാ ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചിരുന്നത് നയൻതാരയെ ആയിരുന്നുവെന്ന് പറയുകയാണ് എൻ ലിംഗുസാമി.

തമിഴിലെ പ്രമുഖ സംവിധായകന്മാരിൽ ഒരാളാണ് എൻ ലിംഗുസാമി. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘ആനന്ദം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലിംഗുസാമി സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് റണ്‍, സണ്ടക്കോഴി, പയ്യാ, ഭീമാ തുടങ്ങി ഒരുപിടി മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. സംവിധാനത്തിന് പുറമെ നിര്‍മാണത്തിലും തന്റെ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
കാര്‍ത്തിയെ നായകനാക്കി ലിംഗുസാമി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ‘പയ്യാ’. ഒരു റോഡ് മൂവിയായി ഒരുക്കിയ ചിത്രം പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഈ ചിത്രമാണ് കാർത്തിയുടെ സിനിമ ജീവിതത്തിലെ വലിയൊരു നാഴികക്കല്ലായി മാറിയത് എന്ന് വേണമെങ്കിൽ പറയാം. തമന്നയാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയത്. ചിത്രത്തിലെ ‘അടടാ മഴഡാ…” എന്ന ഗാനം അന്ന് വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചിരുന്നത് നയൻതാരയെ ആയിരുന്നുവെന്ന് പറയുകയാണ് എൻ ലിംഗുസാമി. ഇതൊരു റോഡ് മൂവി ആയതിനാൽ ഒരുപാട് ലൊക്കേഷനുകളിലൂടെ സഞ്ചരിക്കേണ്ടി വന്നു. എല്ലായിടത്തും കാരവന്‍ കൊണ്ടുപോവുക എന്നത് സാധ്യമായ ഒരു കാര്യമല്ല. അതിനാൽ അവസാന നിമിഷം ചില കാര്യങ്ങൾ പരിഗണിച്ച് നയന്‍താരക്ക് പകരം തമന്നയെ ചിത്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു എന്നും ലിംഗുസാമി പറയുന്നു. ആനന്ദ വികടന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാരവൻ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും തമന്ന സിനിമയോട് സഹകരിച്ചുവെന്നും ഒരുദിവസം മൂന്നും നാലും കോസ്റ്റ്യൂം മാറ്റേണ്ട അവസ്ഥയില്‍ പോലും തമന്ന കൃത്യ സമയത്ത് ടേക്കിന് എത്തിയിരുന്നുവെന്നും ലിംഗുസാമി പറയുന്നു. അന്ന് തമന്നയോട് തനിക്ക് വലിയ ബഹുമാനം തോന്നിയെന്നും കപൂറിനെപ്പോലെ വലിയൊരു സ്റ്റാറാകുമെന്ന് തമന്നയോട് താന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പയ്യ ഒരു റൊമാന്റിക് സിനിമ എന്നതിനേക്കാളും ഒരു റോഡ് മൂവിയാണ്. ചിത്രത്തിന്റെ വലിയൊരു ഭാഗം ട്രാവല്‍ പോര്‍ഷനാണ്. ആ ചിത്രത്തിൽ ആദ്യം പരിഗണിച്ചത് നയന്‍താരയെയായിരുന്നു. പക്ഷേ, അവസാന നിമിഷം നടന്ന ചില കാരണങ്ങൾ കൊണ്ട് തമന്നയെ ഫിക്സ് ചെയ്തു. ഇതൊരു റോഡ് മൂവിയായത് കൊണ്ട് തന്നെ എല്ലാ സ്ഥലത്തേക്കും കാരവൻ കൊണ്ടുപോവുക എന്നത് സാധ്യമായ കാര്യമല്ല. എല്ലാവിടെയും കോസ്റ്റ്യൂം ചേഞ്ച് ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ടാകണമെന്നില്ല.
ഞാൻ വെറുതെ പറയുകയല്ല, ഉടനെ സീൻ എടുക്കണം എന്ന് പറഞ്ഞാൽ മൂന്ന് പേര് സാരി പിടിച്ച് ചുറ്റും നിന്നാൽ തന്നെ മതി, തമന്ന പെട്ടെന്ന് കോസ്റ്റ്യൂം ചേഞ്ച് ചെയ്ത് റെഡി സാർ എന്ന് പറഞ്ഞ് വന്ന് നിൽക്കും. അത്രയും ടൈമിംഗ് ആണ്. ആ സമയത്ത് എനിക്ക് തമന്നയോട് ബഹുമാനം തോന്നി. കരീന കപൂറിനെപ്പോലെ വലിയൊരാളാകുമെന്നും നിന്റെ ആത്മാർത്ഥതയ്ക്ക് നീ ഏറെ കാലം സിനിമയിൽ നിലനിൽക്കുമെന്നും അന്ന് ഞാന്‍ തമന്നയോട് പറഞ്ഞു. അതുപോലെ തന്നെ സംഭവിച്ചു.” ലിംഗുസാമി പറയുന്നു.