Priyadarshan: ‘ക്ഷീണിതനായി; 100-ാം സിനിമയോടെ വിരമിക്കാമെന്നാണ് കരുതുന്നത്’; പ്രിയദർശൻ
Priyadarshan Likely to Announce Retirement: നിലവിൽ, 'ഹായ്വാൻ' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകൻ. സിനിമയുടെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്.

പ്രിയദർശൻ
സംവിധായകൻ പ്രിയദർശൻ വിരമിക്കുന്നുവെന്ന് സൂചന. 100-ാമത്തെ ചിത്രത്തിന് ശേഷം താൻ വിരമിക്കാമെന്നാണ് കരുതുന്നതെന്ന് പ്രിയദർശൻ പറഞ്ഞു. നിലവിൽ, ‘ഹായ്വാൻ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകൻ. സിനിമയുടെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൽ അതിഥി താരമായി മോഹൻലാൽ എത്തുമെന്നും സംവിധായകൻ സ്ഥിരീകരിച്ചിട്ടുണ്ട്. ആരാധകർക്ക് വൻ സർപ്രൈസുമായാകും മോഹൻലാൽ എത്തുകയെന്നും പ്രിയദർശൻ പറഞ്ഞു.
‘ഹേരാ ഫേരി’ എന്ന സിനിമയുടെ മൂന്നാം ഭാഗത്തിനായി നിർമാതാക്കൾ തന്നെ നിർബന്ധിക്കുന്നുണ്ട്. അതിനാൽ, ആ ചിത്രം കൂടി സംവിധാനം ചെയ്ത ശേഷം താൻ വിരമിച്ചേക്കുമെന്നും ക്ഷീണിതനാവുകയാണെന്നുമാണ് പ്രിയദർശൻ പറഞ്ഞു. അതേസമയം, പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഹായ്വാൻ’ എന്ന സിനിമയിൽ സെയ്ഫ് അലി ഖാനും അക്ഷയ് കുമാറുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
2016ൽ മോഹൻലാൽ നായകനായെത്തിയ ‘ഒപ്പം’ എന്ന സിനിമയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണിത്. എന്നാൽ, വാർത്തകളിൽ പ്രചരിക്കുന്നത് പോലെ ‘ഹായ്‌വാൻ’ ഒപ്പത്തിന്റെ റീമേക്ക് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഒപ്പം’ ചിത്രീകരിച്ച അതേ സ്‌ഥലത്ത് നിന്നുള്ള രംഗം ഹായ്വാനിലും ഉണ്ടെന്ന് പ്രിയദർശൻ പറഞ്ഞു. പ്രിയദർശന്റെ 99-ാമത് ചിത്രമാണ് ഹായ്‌വാൻ.
ചിത്രത്തിൽ ബൊമൻ ഇറാനിയാണ്. ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേർ, ശ്രിയ പിൽഗോൻക തുടങ്ങിയ അഭിനേതാക്കളും അണിനിരക്കുന്നു. കവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. ദിവാകർ മണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അടുത്ത വർഷം ചിത്രത്തിന്റെ റിലീസുണ്ടാകുമെന്നാണ് വിവരം.
അതേസമയം, 1978ൽ റിലീസായ ‘തിരനോട്ടം’ ആണ് പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രം. മോഹൻലാൽ നായകനായെത്തിയ സിനിമയുടെ അസിസ്‌റ്റന്റ് ഡയറക്ടറായിരുന്നു പ്രിയദർശൻ. 1984ൽ പുറത്തിറങ്ങിയ ‘പൂച്ചയ്ക്കൊരു മൂക്കുത്തി’ എന്ന സിനിമയാണ് പ്രിദർശൻ മോഹൻലാലിൻറെ നായകനാക്കി സംവിധാനം ചെയ്ത ആദ്യ ചിത്രം.