Save Box Investment Fraud Case: ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമൻസ്, വരും ദിവസങ്ങളിൽ ഹാജരാകണം
ED Issues Fresh Summons to Jayasurya: സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. ഈ സ്ഥാപനവുമായി നടൻ ഒപ്പിട്ട കരാറാണ് നിലവിൽ ഇ.ഡി അന്വേഷണ പരിധിയിലുള്ളത്.

ജയസൂര്യ
കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ ജയസൂര്യയ്ക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) സമൻസ്. വരും മാസം ജനുവരി ഏഴിന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ബ്രാൻഡ് അംബാസഡർ സ്ഥാനവും ഇ.ഡി അന്വേഷണവും
സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. ഈ സ്ഥാപനവുമായി നടൻ ഒപ്പിട്ട കരാറാണ് നിലവിൽ ഇ.ഡി അന്വേഷണ പരിധിയിലുള്ളത്. സ്ഥാപനം പൊതുജനങ്ങളിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ നിന്നാണ് ബ്രാൻഡ് അംബാസഡർ എന്ന നിലയിലുള്ള പ്രതിഫലം ജയസൂര്യയ്ക്ക് നൽകിയതെന്നാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം. ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് നടനെ വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ നൽകിയ മൊഴികളിലെ അവ്യക്തത നീക്കാനാണ് രണ്ടാമതും സമൻസ് അയച്ചിരിക്കുന്നത്. തട്ടിപ്പിലൂടെ ലഭിച്ച പണമാണ് ജയസൂര്യയ്ക്ക് കൈമാറിയതെന്ന് തെളിഞ്ഞാൽ, ആ തുക കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് ഇ.ഡി കടന്നേക്കും. സേവ് ബോക്സുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മറ്റ് ചില പ്രമുഖ സിനിമാതാരങ്ങളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്.
എന്താണ് സേവ് ബോക്സ് കേസ്?
കുറഞ്ഞ വിലയിൽ ഐഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ നൽകാമെന്നും നിക്ഷേപങ്ങൾക്ക് ഉയർന്ന ലാഭം നൽകാമെന്നും വാഗ്ദാനം ചെയ്ത് കോടികളാണ് സേവ് ബോക്സ് ഉടമകൾ തട്ടിയെടുത്തത്. തൃശ്ശൂർ സ്വദേശിയായ ഹാരിസ് ആണ് ഈ തട്ടിപ്പിന്റെ സൂത്രധാരൻ. ഈ തട്ടിപ്പ് പണം സിനിമാ നിർമ്മാണത്തിലേക്കും മറ്റ് മേഖലകളിലേക്കും ഒഴുകിയിട്ടുണ്ടോ എന്നും ഇ.ഡി പരിശോധിച്ച് വരികയാണ്.