Fahadh Faasil: ‘ബാഴ്‌സലോണയില്‍ ഊബര്‍ ടാക്‌സി ഓടിച്ച് ജീവിക്കണം’; റിട്ടയര്‍മെന്റ് പ്ലാനില്‍ മാറ്റമില്ലെന്ന് ഫഹദ് ഫാസിൽ
Fahadh Faasil About His Retirement Plan: സിനിമയിൽ നിന്നും വിരമിച്ച ശേഷം ബാഴ്‌സലോണയിൽ ഊബർ ടാക്‌സി ഡ്രൈവറായി ജീവിക്കണമെന്നാണ് അന്ന് ഫഹദ് ഫാസിൽ പറഞ്ഞത്. ഇപ്പോഴിതാ, അഞ്ച് വർഷങ്ങൾക്കിപ്പുറം തന്റെ ആ ആഗ്രഹം വീണ്ടും പങ്കുവെക്കുകയാണ് താരം.
വിരമിച്ച ശേഷമുള്ള ജീവിതം എങ്ങനെയായിരിക്കും എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ. നേരത്തെ, കോവിഡ് കാലത്താണ് ‘സി യു സൂൺ’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ അദ്ദേഹം തന്റെ പദ്ധതി വെളിപ്പെടുത്തിയത്. കോവിഡ് കാലത്തെ ചിന്ത മാത്രമായിരിക്കും അതെന്ന് എല്ലാവരും കരുതിയെങ്കിലും ഇപ്പോഴിതാ അഞ്ച് വർഷത്തിനിപ്പുറവും താരത്തിന്റെ പ്ലാനിൽ മാറ്റം വന്നിട്ടില്ലെന്നതാണ് ശ്രദ്ധേയം.
സിനിമയിൽ നിന്നും വിരമിച്ച ശേഷം ബാഴ്‌സലോണയിൽ ഊബർ ടാക്‌സി ഡ്രൈവറായി ജീവിക്കണമെന്നാണ് അന്ന് ഫഹദ് ഫാസിൽ പറഞ്ഞത്. ഇപ്പോഴിതാ, അഞ്ച് വർഷങ്ങൾക്കിപ്പുറം തന്റെ ആ ആഗ്രഹം വീണ്ടും പങ്കുവെക്കുകയാണ് താരം. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ഫഹദ്. കുറച്ച് മാസങ്ങൾ മുമ്പ് ബാഴ്‌സലോണയിൽ പോയിരുന്നുവെന്നും, ഇപ്പോഴും അതേക്കുറിച്ച് ചിന്തിക്കാറുണ്ടെന്നും നടൻ പറഞ്ഞു.
എന്നാൽ, ഇത്തവണ താരം ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു. തന്നെ ആളുകൾക്ക് പൂർണമായും മതിയായാൽ മാത്രമേ അത് സംഭവിക്കുകയുള്ളൂവെന്ന് ഫഹദ് വ്യക്തമാക്കി. ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു ആളുകളെ കൊണ്ടു പോകുന്നത് മനോഹരമായൊരു കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്. അതിലൂടെ ഒരാളുടെ ലക്ഷ്യത്തിനെങ്കിലും സാക്ഷ്യം വഹിക്കാനാകുമല്ലോ. അവസരം കിട്ടുമ്പോഴെല്ലാം ഡ്രൈവ് ചെയ്യാറുണ്ട്. ഡ്രൈവിംഗ് ഒരുപാടു ആസ്വദിക്കാറുണ്ട്. തനിക്ക് വേണ്ടി മാത്രമുള്ള സമയമാണത്. ഡ്രൈവ് ചെയുമ്പോൾ നന്നായി ചിന്തിക്കാനാകുമെന്നും ഫഹദ് കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. അതിനായി കഴിഞ്ഞ ഒരു വർഷമായി താൻ സ്മാർട്ട് ഫോൺ ഉപയോഗിക്കാറില്ലെന്നും ഫഹദ് പറഞ്ഞു. അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ താനുമായി ബന്ധപ്പെടാനുള്ള ഏക മാർഗം ഇ-മെയിൽ ആക്കിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിന്നാലും ജെൻ സി തലമുറയടക്കമുള്ളവരുമായുള്ള ബന്ധം നഷ്ടമാകില്ലെന്നും ഫഹദ് കൂട്ടിച്ചേർത്തു.
താൻ മോശം സിനിമകൾ ചെയ്യുന്നതോടെയാകും പ്രേക്ഷകരുമായുള്ള ബന്ധം നഷ്ടപ്പെടുക. അല്ലാതെ മറ്റൊന്നിനും തന്നെ അകറ്റാൻ കഴിയില്ലെന്ന് ഫഹദ് ഫാസിൽ പറയുന്നു. മോശം സിനിമകൾ ചെയ്യാൻ തുടങ്ങുന്ന നിമിഷം മുതൽ പ്രേക്ഷകർ തന്നിൽ നിന്ന് അകന്നു പോകാൻ ആഗ്രഹിക്കും. ആത്മാർത്ഥമായ ശ്രമങ്ങൾ തുടരുന്ന കലാം വരെ അവർ കൂടെ നിർത്തുമെന്നാണ് വിശ്വാസമെന്നും, കുറഞ്ഞത് ഈ ചങ്ങാതി എന്തിനോ ശ്രമിക്കുന്നുണ്ട് എന്നെങ്കിലും പറയുമെന്നും ഫഹദ് പറഞ്ഞു.