February Movies Boxoffice: ഫെബ്രുവരിയിൽ ഒരു സിനിമയും തീയറ്ററിൽ നിന്ന് ലാഭം നേടിയില്ല; കണക്ക് പുറത്തുവിട്ട് നിർമ്മാതാക്കളുടെ സംഘടന
Producers Association About February Movies: ഫെബ്രുവരി മാസത്തിൽ ഒരു മലയാള സിനിമ പോലും തീയറ്ററിൽ നിന്ന് നേട്ടമുണ്ടാക്കിയില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന. ഓഫീസർ ഓൺ ഡ്യൂട്ടി മാത്രമാണ് മുടക്കുമുതലിനരികെ എത്തിയത് എന്നും സംഘടന പറഞ്ഞു.
ഫെബ്രുവരി മാസത്തിൽ മലയാള സിനിമകളുടെ ആകെ മുടക്കുമുതൽ 75 കോടി രൂപയെന്ന് നിർമ്മാതാക്കളുടെ സംഘടന. തീയറ്ററിൽ നിന്ന് തിരികെലഭിച്ചത് വെറും 23.5 കോടി രൂപ മാത്രമാണ്. ഒരു സിനിമയും തീയറ്ററിൽ നിന്ന് ലാഭം നേടിയില്ല. കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്ത ഓഫീസർ ഓൺ ഡ്യൂട്ടിയ്ക്ക് മാത്രമേ മുടക്കുമുതലിനരികെയെങ്കിലും എത്താനായുള്ളൂ എന്നും നിർമ്മാതാക്കളുടെ സംഘടന പറയുന്നു.
കഴിഞ്ഞ മാസം ആകെ 16 സിനിമകളാണ് പുറത്തിറങ്ങിയത്. ഓഫീസർ ഓൺ ഡ്യൂട്ടി 13 കോടി രൂപ ബജറ്റിലാണ് ഒരുക്കിയത്. ഈ സിനിമയ്ക്ക് തിരികെലഭിച്ചത് 11 കോടി രൂപ. സിനിമ ഇപ്പോഴും തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമ 30 കോടി രൂപ പിന്നിട്ടു എന്നാണ് റിപ്പോർട്ടുകൾ. 1.60 കോടി രൂപ മുടക്കി നിർമ്മിച്ച ലവ് ഡെയിൽ എന്ന ചിത്രം തീയറ്ററുകളിൽ നിന്ന് നേടിയത് വെറും 10,000 രൂപ മാത്രമാണ്. ഇതാണ് ഫെബ്രുവരിയിലെ ഏറ്റവും വലിയ നഷ്ടചിത്രം.
10 കോടി രൂപ മുടക്കി പുറത്തിറക്കിയ ഉണ്ണി മുകുന്ദൻ – നിഖില വിമൽ ചിത്രമായ ‘ഗെറ്റ് സെറ്റ് ബേബി’യ്ക്ക് ഒന്നരക്കോടി രൂപ പോലും തീയറ്ററിൽ നിന്ന് ലഭിച്ചില്ല. അഞ്ച് കോടിയിലേറെ രൂപ മുടക്കിയ, സൗബിൻ ഷാഹിർ നായകനായ മച്ചാൻ്റെ മാലാഖ എന്ന സിനിമ നേടിയത് വെറും 40 ലക്ഷം രൂപ. 9 കോടി രൂപ മുതൽമുടക്കിൽ തീയറ്ററുകളിലെത്തിയ ആൻ്റണി പെപ്പെ സിനിമ ദാവീദ് നേടിയത് മൂന്നരക്കോടി രൂപ. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ തുടങ്ങിയവർ ഒന്നിച്ച് പുറത്തിറങ്ങിയ ബ്രൊമാൻസ് തീയറ്ററുകളിൽ നിന്ന് നേടിയത് നാല് കോടി രൂപയാണ്. എട്ട് കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റ്. ചിത്രം മാർച്ചിലും തീയറ്ററിലുണ്ടായിരുന്നു.




Also Read: Lovely New Song: മാത്യു തോമസിൻറെ ത്രീഡി ചിത്രം; ‘ലൗലി’യിലെ പുതിയ ഗാനമെത്തി
അഞ്ചരക്കോടി രൂപയോളം മുടക്കിയ നാരായണീൻ്റെ മൂന്നാണ്മക്കൾ എന്ന സിനിമയ്ക്ക് ലഭിച്ചത് 33 ലക്ഷം രൂപ. അനശ്വര രാജൻ, സജിൻ ഗോപു എന്നിവർ പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ പൈങ്കിളി എന്ന സിനിമ തീയറ്ററിൽ നിന്ന് നേടിയത് രണ്ടരക്കോടി രൂപയാണ്. അഞ്ച് കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റ്. ധ്യാൻ ശ്രീനിവാസൻ തിരക്കഥയൊരുക്കിയ ആപ്പ് കൈസേ ഹോ എന്ന സിനിമയുടെ ബജറ്റ് രണ്ടരക്കോടി രൂപയായിരുന്നു. സിനിമയുടെ തീയറ്റർ നേട്ടം കേവലം അഞ്ച് ലക്ഷം രൂപ.