FEFKA: ‘കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും സംരക്ഷിക്കില്ല’; ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പരാമർശിക്കപ്പെട്ടിട്ടുള്ള എല്ലാവരുടെയും പേരുകള്‍ പുറത്തുവരണം എന്ന് തന്നെയാണ് ഫെഫ്കയുടെ നിലപാട്. ഫെഫ്ക്ക് കീഴിലുള്ള മറ്റു യൂണിയനുകളുടെ അഭിപ്രായം കൂടെ തേടേണ്ടിയിരുന്നത് കൊണ്ടാണ് പ്രതികരണം വൈകിയത്.
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക മൗനം പാലിക്കുകയാണെന്ന വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫെഫ്ക്ക് കീഴിലുള്ള മറ്റു യൂണിയനുകളുടെ അഭിപ്രായം കൂടെ തേടേണ്ടിയിരുന്നത് കൊണ്ടാണ് പ്രതികരണം വൈകിയതെന്ന് ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പരാമർശിക്കപ്പെട്ടിട്ടുള്ള എല്ലാവരുടെയും പേരുകള്‍ പുറത്തുവരണം എന്ന് തന്നെയാണ് ഫെഫ്കയുടെ നിലപാട്. എത്ര ഉന്നത സ്ഥാനത്തിരിക്കുന്ന ആളാണെങ്കിലും കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ സംഘടന സംരക്ഷിക്കില്ല. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗങ്ങളുമായി പ്രത്യേകം ചർച്ച നടത്തിയിട്ടുണ്ട്. അതിലെടുക്കുന്ന തീരുമാനങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പിന്നീട് വന്ന് വിശദീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
‘റിപ്പോർട്ട് വന്നപ്പോൾ അതൊന്ന് ഓടിച്ചു വായിക്കുകയാണ് ചെയ്തത്. പിന്നീടാണ് വിശദമായി വായിച്ചത്. റിപ്പോർട്ട് വന്നതിന് പിന്നാലെ പ്രൊഡ്യൂസഴ്സ് അസോസിയേഷനും അമ്മ പ്രതിനിധികളും തന്നെ ബന്ധപ്പെട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. ഇൻഡസ്ട്രിയിലെ സംഘടനകൾ എല്ലാവരും ഒരുമിച്ച് അടുത്ത ദിവസം മാധ്യമങ്ങളെ കാണാമെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള വിഷയങ്ങളെ കുറിച്ച് സംസാരിക്കേണ്ടത് അത്യാവശ്യമാണെന്നും താനാണ് അഭിപ്രായപ്പെട്ടത്. മോഹൻലാലും മമ്മൂട്ടിയും ഈ തീരുമാനത്തെ അനുകൂലിച്ചെങ്കിലും അമ്മയിലെ പല അംഗങ്ങളും അത് എതിർത്തു. എന്നാൽ അവർ അടുത്ത ദിവസങ്ങളിൽ ചാനലിൽ വന്നിരുന്ന് പുരോഗമനം സംസാരിക്കുന്നതും കണ്ടു’ എന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
ALSO READ: ആഷിഖ് അബു രാജിവെച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; പ്രതികരിച്ച് ഫെഫ്ക
‘ആരോപണവിധേയരായവരുടെ മുഴുവൻ പേരുകളും പുറത്ത് വരണം എന്ന് തന്നെയാണ് ഫെഫ്കയുടെ നിലപാട്. റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവർ എല്ലാവരും നിയമ നടപടികളിലൂടെ കടന്നു പോകണം. ഞങ്ങളുടെ അംഗങ്ങളും ആരോണവിധേയരായിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തത് കൊണ്ട് അംഗങ്ങളെ പുറത്താക്കാൻ കഴിയില്ല. കാരണം മറ്റ് വിഷയങ്ങളിലും എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെട്ട വ്യക്തികൾ ഇതിലുണ്ട്. എന്നാൽ അവർ കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയുകയോ, കോടതി പരാമർശം നടത്തുകയോ, അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്താൽ ഉടനടി ആ അംഗത്തെ പുറത്താക്കും. പിന്നീട് തന്റെ നിരപരാധിത്വം തെളിയിച്ചു കഴിഞ്ഞാൽ ,മാത്രമേ അവർക്ക് അംഗത്വത്തിലേക്ക് മടങ്ങിവരാൻ സാധിക്കുകയുള്ളു’ ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി. ആഷിഖ് അബുവിന്റെ രാജി തമാശയായി തോന്നിയെന്നും ബി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ ഫെഫ്കയുടെ പ്രതികരണം വൈകിയതില്‍ പ്രതിഷേധിച്ച് ആഷിഖ് അബു സംഘടനയിൽ നിന്നും രാജിവെച്ചത്.