AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ranya Rao: സ്വർണ്ണ കടത്ത് കേസ്; നടി രന്യ റാവുവിന് ജാമ്യമില്ല

Ranya Rao: ഒരു കിലോ​ഗ്രാം സ്വർണം ദുബായിൽ നിന്ന് ബെംഗളൂരുവില്‍ എത്തിക്കുന്നതിന് നാല് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ രന്യ കമ്മീഷൻ വാങ്ങിയിരുന്നെന്ന് അന്വേഷണസംഘം പറയുന്നു. നടിയെ വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം കടത്താൻ സഹായിച്ചത് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസറാണെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു.

Ranya Rao: സ്വർണ്ണ കടത്ത് കേസ്; നടി രന്യ റാവുവിന് ജാമ്യമില്ല
Ranya RaoImage Credit source: instagram
nithya
Nithya Vinu | Published: 14 Mar 2025 20:03 PM

സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് ജാമ്യമില്ല. റവന്യൂ ഇന്റലിജെൻസ് അറസ്റ്റ് ചെയ്ത നടിയുടെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി തള്ളി. അറസ്റ്റ് ചെയ്തതിന് പിന്നാലെ നടിയെ 14 ദിവസത്തേക്കും കൂട്ടുപ്രതി തരുൺ രാജുവിനെ 15 ദിവസത്തേക്കും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബെംഗളൂരു വിമാനത്താവളത്തിലെ ഗ്രീൻ ചാനൽ വഴി പുറത്തേക്ക് പോവാനൊരുങ്ങുമ്പോൾ രന്യ റാവുവിനെ ഡിആർഐ പിടികൂടുന്നത്.  12 കോടി രൂപയിൽ അധികം വിലമതിക്കുന്ന 14.8 കിലോ​ഗ്രാം സ്വർണമാണ് നടിയുടെ പക്കൽ നിന്ന് പിടിച്ചെടുത്തത്. തുടർന്ന് രന്യയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണാഭരണങ്ങളും 3.67 കോടി രൂപയും കണ്ടെത്തിയിരുന്നു. തുടർച്ചയായി നടത്തിയ ദുബായ് യാത്രയാണ് നടിയെ കുടുക്കിയത്. ഒരു വർഷത്തിനുള്ളിൽ 27 തവണയാണ് രന്യ ദുബായ് യാത്ര നടത്തിയത്. കഴിഞ്ഞ 15 ദിവസത്തിനിടെ നാല് തവണയും.

ALSO READ: ഹണിട്രാപ്പില്‍പ്പെട്ടു പിന്നാലെ പാക് ചാര സംഘടനയ്ക്ക് സൈനിക വിവരങ്ങള്‍ കൈമാറി; ഉദ്യോഗസ്ഥന്‍ പിടിയില്‍

രന്യ സ്വർണക്കടത്ത് സംഘത്തിലെ സുപ്രധാന കണ്ണിയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഒരു കിലോ​ഗ്രാം സ്വർണം ദുബായിൽ നിന്ന് ബെംഗളൂരുവില്‍ എത്തിക്കുന്നതിന് നാല് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നടി കമ്മീഷൻ വാങ്ങിയിരുന്നെന്നും അന്വേഷണസംഘം പറഞ്ഞു. ഇന്റര്‍നെറ്റ് കോള്‍ വഴിയാനാണ് നിർദ്ദേശം നൽകിയിരുന്നതെന്നാണ് നടിയുടെ മൊഴി. ദുബായി വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ ഗേറ്റ് എ-യില്‍ നിന്ന് സ്വര്‍ണം സ്വീകരിക്കാനുള്ള  നിർദ്ദേശം ലഭിച്ചു. അവിടെ നിന്ന് വൈറ്റ് ഗൗണ്‍ ധരിച്ച ഒരാള്‍ തനിക്ക് സ്വര്‍ണം നല്‍കുകയായിരുന്നുവെന്ന് രന്യ പറഞ്ഞു.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ആണ് ആദ്യം കേസ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഹവാല ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്നതിനായി ഇ.ഡിയും സിബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. രന്യയെ വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം കടത്താൻ സഹായിച്ചത് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസറാണെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു. എന്നാൽ രന്യയെ സഹായിക്കാൻ നടിയുടെ വളർത്തച്ഛനും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവു നിർദ്ദേശം നൽകിയെന്നാണ് ഇയാളുടെ മൊഴി. രാമചന്ദ്ര റാവുവിനെതിരെ അഡീഷണൽ ചീഫ് സെക്രട്ടറി നടത്തുന്ന അന്വേഷണവും തുടരുന്നുണ്ട്.