Harry Potter: ഹാരി പോട്ടറിലെ ഇന്ത്യക്കാരി പാർവതി പാട്ടിൽ ആയി ഇറ്റാലിയൻ നടി; വിമർശിച്ച് സോഷ്യൽ മീഡിയ
HBO Harry Potter Controversy: എച്ച്ബിഒ അണിയിച്ചൊരുക്കുന്ന ഹാരി പോട്ടർ സീരീസുമായി ബന്ധപ്പെട്ട് വിവാദം. പാർവതി പാട്ടിൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇറ്റാലിയൻ നടിയെ കാസ്റ്റ് ചെയ്തതിനെച്ചൊല്ലിയാണ് വിവാദം കനക്കുന്നത്.

ഹാരി പോട്ടർ
എച്ച്ബിഒയുടെ പുതിയ ഹാരി പോട്ടർ സീരീസിൽ ഇന്ത്യക്കാരിയായ പാർവതി പാട്ടിൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇറ്റാലിയൻ നടിയെ കാസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തം. റിപ്പോർട്ടുകളനുസരിച്ച് ഇറ്റാലിയൻ നടി അലെസ്സ്യ ലിയോണിയാണ് പാർവതി പാട്ടിൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക. ഇന്ത്യൻ കഥാപാത്രത്തിന് ഇറ്റാലിയ നടിയെ തിരഞ്ഞെടുത്ത എച്ച്ബിഒ ചെയ്യുന്നത് ശരിയല്ലെന്ന വിമർശനങ്ങളാണ് ഉയരുന്നത്.
ഹാരി പോട്ടർ പുസ്തകങ്ങളിലും സിനിമകളിലും ഉണ്ടായിരുന്ന കഥാപാത്രങ്ങളാണ് പാർവതി പാട്ടിലും പദ്മ പാട്ടീലും. പാട്ടിൽ ട്വിൻസ് എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. വലിയ റോളുകൾ ആയിരുന്നില്ലെങ്കിലും ഡാനിയൽ റാഡ്ക്ലിഫിൻ്റെ ഹാരി പോട്ടറിനൊപ്പമുള്ള സീനുകളിൽ പോലും ഇവർ ഉണ്ടായിരുന്നു. ഇവരിലെ പാർവതി പാട്ടീൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ എച്ച്ബിഒ തിരഞ്ഞെടുത്തത് ഇറ്റാലിയൻ നടിയായ അലെസ്സ്യ ലിയോണിയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇതാണ് വിവാദങ്ങൾക്കിടയാക്കിയത്. പദ്മ പാട്ടിൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ആരെന്ന് എച്ച്ബിഒ അറിയിച്ചിട്ടില്ല.
ജെകെ റോളിംഗിൻ്റെ ഹാരി പോട്ടർ നോവലുകളുടെ വെബ് സീരീസാണ് എച്ച്ബിഒ അണിയിച്ചൊരുക്കുന്നത്. നേരത്തെ ഡാനിയൽ റാഡ്ക്ലിഫ്, എമ്മ വാട്സൺ, റൂപ്പർട്ട് ഗ്രിൻ്റ് തുടങ്ങിഊവർ അഭിനയിച്ച സിനിമാ പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിൻ്റെ വെബ് സീരീസ് വേർഷനാണ് എച്ച്ബിഒ ഒരുക്കുന്നത്. ഡൊമിനിക് മക്ലഫ്ലിൻ ആണ് വെബ് സീരീസിൽ ഹാരി പോട്ടറിൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അലസ്റ്റർ സ്റ്റൗട്ട് റോൺ വീസ്ലിയെയും അരബെല്ല സ്റ്റാൻസ്റ്റൺ ഹെർമയോണി ഗ്രേഞ്ചറിനെയും അവതരിപ്പിക്കും. മാർക്ക് മൈലോഡും ഫ്രാഞ്ചെസ്ക ഗാർഡിനറും ചേർന്നാണ് സീരീസ് സംവിധാനം ചെയ്യുന്നത്. സീരീസ് ചിത്രീകരണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. 2027 മുതൽ സീരീസ് എച്ച്ബിഒയിൽ സ്ട്രീം ചെയ്ത് തുടങ്ങുമെന്നാണ് സൂചനകൾ.