5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hema Committee Report: സ്ഥാപക അംഗത്തിന് നേരെ നടക്കുന്ന സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ ശക്തമായി അപലപിക്കുന്നു: ഡബള്യൂസിസി

WCC's Facebook Post: കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകള്‍ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു. നിരവധി പ്രതിബന്ധങ്ങള്‍ക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകള്‍ തിളങ്ങി നില്‍ക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്.

Hema Committee Report: സ്ഥാപക അംഗത്തിന് നേരെ നടക്കുന്ന സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ ശക്തമായി അപലപിക്കുന്നു: ഡബള്യൂസിസി
WCC (Facebook Image)
Follow Us
shiji-mk
SHIJI M K | Published: 22 Aug 2024 17:36 PM

കോഴിക്കോട്: സ്ഥാപക അംഗത്തിന് നേരെ നടക്കുന്ന സൈബര്‍ അറ്റാക്കില്‍ പ്രതികരിച്ച് ഡബ്‌ള്യൂസിസി. അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ ഇപ്പോഴത്തേയും സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്ന് ഡബ്‌ള്യൂസിസി വ്യക്തമാക്കി. താഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കുവാന്‍ മുന്‍കൈ എടുക്കുമെന്നുമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ സ്ഥാപക അംഗത്തിന് നേരെയുള്ള ആക്രമണങ്ങളാണ് നടന്നതെന്നും ഡബ്‌ള്യൂസിസി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഞങ്ങളോടൊപ്പം ഈ ആഹ്ലാദത്തില്‍ കൂടെ നിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു. 250 ഓളം പേജുകള്‍ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയും, ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കുവാന്‍ മുന്‍കൈ എടുക്കുമെന്നുമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്.

Also Read: Hema Committee Report: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങളെല്ലാം നല്‍കാന്‍ തയാറാണ്: സജി ചെറിയാന്‍

എന്നാല്‍ മാധ്യമങ്ങളുടെ ഹൈലറ്റുകളില്‍ ഡബ്‌ള്യൂസിസി മുന്‍ സ്ഥാപക അംഗത്തിന്റെത് ‘ എന്ന് പറയുന്ന മൊഴികള്‍ക്ക് പുറകെ പോയി സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിര്‍ന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തില്‍ ഒട്ടേറെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ കാണുകയുണ്ടായി. അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ ‘ഇപ്പോഴത്തേയും’ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്ന് ഡബ്‌ള്യൂസിസി കരുതുന്നു. മറിച്ചു പറയുന്നത് പുരുഷാധിപത്യത്തിന്റെ പൊതു രീതിയാണ്.

ഒരു സിവില്‍ സമൂഹം, സ്ത്രീകള്‍ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍, അതേ സമൂഹത്തിലെ അപരിഷ്‌കൃത ഘടകങ്ങള്‍, പ്രസ്തുത വിവരങ്ങള്‍ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടു കൊണ്ടിരിക്കാന്‍ ആവില്ല. ഈ വ്യവസായത്തില്‍ സ്ത്രീകളോട് പൊതുവേ നിലനില്‍ക്കുന്ന പിന്തിരിപ്പന്‍ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്.

കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകള്‍ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു. നിരവധി പ്രതിബന്ധങ്ങള്‍ക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകള്‍ തിളങ്ങി നില്‍ക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആര്‍ജ്ജവമാണ് വേണ്ടത്.

അതേസമയം, ഹൈക്കോടതി ആവശ്യപ്പെടുന്ന മുറയ്ക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങളെല്ലാം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കോടതി പറയുന്നതെന്തും നടപ്പാക്കുും. റിപ്പോര്‍ട്ടിന്മേല്‍ കോടതി ഇടപെടുന്നതിന് മുമ്പേ തന്നെ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം. റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 10ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ സംഭവത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും റിപ്പോര്‍ട്ടില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൊഗ്‌നിസിബള്‍ ഒഫന്‍സ് ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാല്‍ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. വനിതാ കമ്മിഷനെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. കൊഗ്നിസിബിള്‍ ഒഫന്‍സ് ഉണ്ടെങ്കില്‍ അത് പോക്സോ കേസിലാണെങ്കില്‍ നടപടിയെടുക്കാനാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇനിയിപ്പോള്‍ മൊഴി നല്‍കിയവര്‍ക്ക് ഇക്കാര്യങ്ങള്‍ പുറത്തുപറയാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍ അവരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കില്ലേയെന്നും കോടതി ചോദിച്ചിരുന്നു.

Also Read: Gowry Lekshmi: ‘അന്ന് ഞാൻ മൈനർ ആയിരുന്നു, ഏറെ ആരാധിച്ച വ്യക്തിയിൽ നിന്നും അത്തരത്തിലൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ല’; വെളിപ്പെടുത്തലുമായി ഗൗരി ലക്ഷ്മി

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി കോണ്‍ക്ലേവില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് എന്താണ് ഉദ്ദേശിക്കുന്നതെന്നും അത് തെറ്റാണെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. ഈ റിപ്പോര്‍ട്ട് നാലരവര്‍ഷം മറച്ചുവെച്ചുകൊണ്ട് മുഖ്യമന്ത്രി ഗുരുതരമായ തെറ്റ് ചെയ്തുവെന്നും ഇരകളായ സ്ത്രീകളെ ചേര്‍ത്ത് പിടിക്കാന്‍ ആരെയും കണ്ടില്ലായെന്നും അദ്ദേഹം പറഞ്ഞു.

സമഗ്രമായ സിനിമ നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വിഷയത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സിനിമ നയത്തിന്റെ കരട് തയാറാക്കുന്നതിനായി സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന്റെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പുതുതായി രൂപീകരിച്ച കമ്മിറ്റിയില്‍ സിനിമാ രംഗത്തെ വിവിധ മേഖലകളിലുള്ളവരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. സിനിമാ നയത്തിന്റെ കരട് രേഖ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ക്ലേവ് നടത്തും. സിനിമയിലെ പ്രൊഡക്ഷന്‍ ബോയി മുതല്‍ സംവിധായകന്‍ വരെയുളള സിനിമക്ക് മുന്നിലും അണിയറയിലും ഉളള എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ചര്‍ച്ച നടത്തിയാണ് സിനിമാ നയം രൂപീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Latest News